Tuesday 12 June 2018 05:18 PM IST

രണ്ടു കിലോ ഭാരമുള്ള ക്യാമറ ഇടംകൈയിൽ പിടിച്ച് മമ്മൂക്കയുടെ സെൽഫി! ആ ചിത്രം കണ്ടാൽ ആരും അദ്‌ഭുതപ്പെടും

Priyadharsini Priya

Sub Editor

mommotty-syam

പഴയ തമിഴ് നടി കസ്തൂരി സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലം. ഒരു മാധ്യമത്തിന് അവർ ഇന്റർവ്യൂ നൽകുകയാണ്. അവതാരകന്റെ ചോദ്യം ഇങ്ങനെ; ’നടന്മാരിൽ ആരാണ് ഏറ്റവും സുന്ദരൻ?’. ഒട്ടും ആലോചിക്കാതെയുള്ള താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു; "അഴക് എൻട്രാൽ മമ്മൂട്ടി... ( സൗന്ദര്യം എന്നാൽ അത് മമ്മൂട്ടി.)" ശരിയാണ് കാലം മമ്മൂക്കയ്‌ക്ക് മുന്നിൽ തോറ്റോടി. ഒട്ടേറെ നടന്മാർ വന്നും പോയും കൊണ്ടിരുന്നു. എന്നിട്ടും ധ്രുവ നക്ഷത്രം പോലെ ജ്വലിച്ചുകൊണ്ട് മമ്മൂക്ക ഇന്നും നമ്മുടെ മിസ്റ്റർ പെർഫെക്റ്റായി മുന്നിലുണ്ട്.

മലയാളത്തിന്റെ മെഗാതാരം മാത്രമല്ല, മലയാളികളുടെ ഫാഷൻ ഐക്കൺ കൂടിയാണ് മമ്മൂക്ക. ഇത്രത്തോളം സ്റ്റൈൽ സെൻസും സൗന്ദര്യബോധവുമുള്ള മറ്റൊരാൾ ഇന്ത്യൻ സിനിമാ ലോകത്തുണ്ടോ എന്നതുതന്നെ സംശയം. മമ്മൂക്ക മുന്നിൽ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല്ല... അത്രയ്‌ക്ക് പെർഫക്ഷൻ, എ കംപ്ലീറ്റ് ജെന്റിൽമാൻ!

മമ്മൂക്കയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട്, ഏതൊരു ഫോട്ടോഗ്രാഫറുടെയും ഏറ്റവും വലിയ സ്വപ്നമാണത്. അത്തരമൊരു സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങളാണ് ’വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു ക്യാമറയിൽ പകർത്തിയത്. ഒപ്പം ഫോട്ടോഗ്രാഫർക്ക് മറക്കാനാകാത്ത ഓർമ്മകളും അപൂർവ നിമിഷങ്ങളും സമ്മാനിച്ചുകൊണ്ടാണ് മമ്മൂക്ക സ്റ്റുഡിയോ വിട്ടത്.

vani-mammooty
ഫോട്ടോ: ശ്യാം ബാബു

നാലു സുന്ദരികളും മമ്മൂക്കയും...

"ജൂൺ രണ്ടാം ലക്കം വനിതയ്‌ക്ക് വേണ്ടിയായിരുന്നു സ്‌പെഷ്യൽ കവർഷൂട്ട്. മമ്മൂക്കയ്‌ക്കൊപ്പം സുന്ദരികളായ നാലു യുവതാരങ്ങൾ. നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക. അർഷിയ നൈനയുടെ കോസ്റ്റ്യൂമിൽ യുവ സുന്ദരനായി എത്തിയ മെഗാതാരത്തെ കണ്ട് അവർ അദ്‌ഭുതം കൂറി. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ മമ്മൂക്കയ്‌ക്കൊപ്പം പോസ് ചെയ്യാനുള്ള തിരക്കിലായി താരങ്ങൾ. കവർഷൂട്ട് കഴിയുവോളം മമ്മൂക്ക ഏറെ കംഫർട്ടബിൾ ആയിരുന്നു. ഒപ്പം യുവ നടിമാരും. മികച്ച ചിത്രങ്ങളാണ് അതിന്റെ റിസൾട്ടായി പുറത്തുവന്നത്." – ഫോട്ടോഗ്രാഫർ ശ്യാം ബാബു പറയുന്നു.

syam-mamookka1
പ്രൊഫഷണൽ ക്യാമറയിൽ മമ്മൂട്ടി എടുത്ത സെൽഫി. ഒപ്പം ഫോട്ടോഗ്രാഫർ ശ്യാം ബാബു

രണ്ടുകിലോ ഭാരമുള്ള ക്യാമറ ഒറ്റകൈയിൽ!

"കവർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെൽഫി. മൊബൈൽ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയിൽ തന്നെ സെൽഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും.

എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകൾ. എന്നെ ചേർത്തുനിർത്തിയെടുത്ത ചിത്രങ്ങൾ. സന്തോഷത്താൽ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങൾക്ക് ശേഷം ക്യാമറയിൽ മമ്മൂക്കയെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്‌ക്ക് പെർഫെക്ട് ഫോട്ടോകൾ. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ..." - ശ്യാം ബാബു
കൂട്ടിച്ചേർത്തു.

(ക്യാമറ: കാനൻ ഇഒഎസ് വൺഡിഎക്സ് , ലെൻസ് 35 എംഎം)