Wednesday 12 October 2022 04:22 PM IST : By ഡോ. കെ. എ. കുമാർ

തേളിന്റെ വാലും ഉടുമ്പിന്റെ നഖവും ആടിന്റെ കരളും ചേർത്ത് കഷായം; ബാധയെന്ന് കരുതി മന്ത്രവാദവും: ആ യുവതിക്ക് ഒടുവിൽ സംഭവിച്ചത്...

d32e3r

മന്ത്രവാദിയുടെ ചൂരൽ നൽകിയ കണങ്കാലിലെ ചുവന്ന പാടുകൾ’ – ബോധമനസിന്റെയും അബോധ മനസിന്റെയും നാഡീസംഗമ ഭൂമികയായ ലിംബിക് നാഡീവ്യൂഹത്തിൽ നിന്ന് ഉടലെടുക്കുന്ന പ്രത്യേക തരം അപസ്മാരരോഗത്തിന്റെ ഇര–പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. കെ. എ. കുമാർ എഴുതുന്നു

മധ്യവയസ്കരായ ദമ്പതികളാണ് വീട്ടിലേക്കു കടന്നുവന്നത്. വെളുത്തു തടിച്ച സ്ത്രീ പുഞ്ചിരിയോടെ ചോദിച്ചു:

‘‘ഡോക്ടർ സാറിന് എന്നെ മനസിലായോ?’’

‘സുനിതയല്ലേ?’’

‍‘സാറിനെന്നെ മനസ്സിലായല്ലോ! ഞാനപ്പോഴേ പറഞ്ഞില്ലേ, കണ്ടിട്ട് കുറേ വർഷമൊക്കെ ആയെങ്കിലും സാറങ്ങനെ മറക്കുകയില്ല; ഞാൻ പറഞ്ഞത് ശരിയല്ലെ?’’ പ്രകടമായ സന്തോഷത്തോടെ അവൾ ഭർത്താവിനോടു ചോദിച്ചു.

‘‘അടുത്ത മൂന്നാം തീയതി ഞങ്ങടെ മോളുടെ കല്യാണമാണ്. സാറിനേയും ചേച്ചിയേയും നേരിട്ടു കണ്ടു ക്ഷണിക്കാൻ വന്നതാണ് ഞങ്ങൾ...’’ യാത്ര പറഞ്ഞു പിരിയുന്നതിനിടയിൽ സുനിത എന്റെ ഭാര്യയോടു പറഞ്ഞു:

‘‘സാറിന്റെ ചികിത്സയില്ലായിരുന്നെങ്കിൽ, എനിക്കൊരു ജീവിതം ഉണ്ടാകില്ലായിരുന്നു.’’

പത്തിരുപത്തിയെട്ടു വർഷങ്ങൾക്കു മുമ്പാണ് സുനിതയെ ആദ്യമായി കണ്ടത്. ഒരു ഉൾനാടൻ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന കാലം. കോളജിനടുത്തുള്ള വാടകവീട്ടിൽ പാലു കൊണ്ടുവന്നിരുന്ന സരസ്വതിയമ്മ ഒരു ഞായറാഴ്ച ദിവസം ഇളയ മകളായ സുനിതയെയും കൂട്ടിക്കൊണ്ടുവന്നു. പത്താം ക്ലാസിൽ പഠിക്കുകയാണ് കുട്ടി.

ഏഴെട്ടു മാസമായി സുനിതയ്ക്ക് തീരെ ഉന്മേഷമില്ല. ഇടയ്ക്കിടെ ഉറക്കം തൂങ്ങിയിരിക്കും. ക്ലാസിൽ തിരെ ശ്രദ്ധിക്കുന്നില്ല എന്ന പരാതി സ്കൂളിൽനിന്നും കിട്ടിത്തുടങ്ങിയിട്ട് ഒന്നൊന്നര വർഷമായി. പെൺകുട്ടിയല്ലേ, പറ്റുന്നതുപോലെ പഠിക്കട്ടെ എന്ന് അച്ഛനമ്മമാർ കരുതി. അച്ഛൻ നാരായണൻ പണിക്കൊന്നും പോകാതെ അലസനായി കഴിയുന്നു. മൂത്ത ആങ്ങളയും രണ്ടു സഹോദരികളും സുനിതയ്ക്കുണ്ട്. ആരും പഠിക്കാൻ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ട് സുനിതയുടെ പഠിത്തത്തിലെ വീഴ്ച വീട്ടിലാരും കാര്യമായെടുത്തില്ല.

എന്നാൽ അധികകാലം അങ്ങനെ പോകാൻ പറ്റിയില്ല. സുനിതയുടെ പെരുമാറ്റത്തിൽ കൂടുതൽ വൈകല്യങ്ങൾ കണ്ടുതുടങ്ങി. ചില ദിവസങ്ങളിൽ അമിതമായ സംസാരവും പൊട്ടിത്തെറിക്കുന്ന ദേഷ്യവും കാണിക്കും. അതിനിടയിൽ ഇടയ്ക്കു കണ്ണുകൾ തെരുതെരെ അടയ്ക്കും. അന്തരീക്ഷത്തിൽ തുറിച്ചു നോക്കിയിരിക്കും. അടക്കിയടക്കിച്ചിരിച്ചുകൊണ്ടു മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഏതാനും മിനിറ്റുകൾ അങ്ങനെ കഴിയുമ്പോൾ കട്ടിലിൽ കയറിക്കിടന്നു കൂർക്കം വലിച്ചുറങ്ങും. എഴെട്ടു ദിവസത്തേക്ക് പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല. പിന്നെ ഇതൊക്കെ ആവർത്തിക്കും. അങ്ങനെയൊരസുഖം.

മകൾക്ക് ഏതോ മാനസിക രോഗം ബാധിച്ചുവെന്നുതന്നെ സരസ്വതിയമ്മയ്ക്കു തോന്നി. എന്നാൽ ചികിത്സയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ അവർക്കു മനസു വന്നില്ല. കെട്ടിക്കാനുള്ള പെണ്ണല്ലേ? മാനസികരോഗിയെന്ന മുദ്ര വീണാൽ അതൊക്കെ അവതാളത്തിലാകും. മക്കളേയും കൊണ്ടു പ്രാർഥനാചികിത്സയ്ക്കായി പോവുകയാണ് അവരാദ്യം ചെയ്തത്. തകിടും ചരടും ജപിച്ചുകെട്ടി. കാര്യമായ പ്രയോജനം ഒന്നും കണ്ടില്ല. അങ്ങനെയാണ് ഒട്ടൊക്കെ രഹസ്യമായി മകളെ താൻ പാലു കൊണ്ടു കൊടുക്കുന്ന സൈക്യാട്രിസ്റ്റിനെ കാണിക്കാൻ അവർ കൊണ്ടുവന്നത്.

സുനിതയുടെ പെരുമാറ്റവൈകല്യത്തിന്റെ വിശദാംശങ്ങളിൽ നിന്ന് അവളെ ബാധിച്ചിരിക്കുന്നത് കോംപ്ലക്സ് പാർഷ്യൻ വിഭാഗത്തിൽപ്പെട്ട ഒരുതരം അപസ്മാരരോഗ (Complex Partially Epilepsy) മാണെന്ന് അനുമാനിക്കാൻ കഴിഞ്ഞു. ഗൗരവമായി ചികിത്സിക്കേണ്ടതാണ്. വിശദമായ പരിശോധനകൾ നടത്തി വരാൻ കുറിച്ചു നൽകി.

പിന്നെ നാലഞ്ചു ആഴ്ചകൾക്ക് ശേഷമാണ് സുനിതയേയും കൂട്ടി രക്ഷിതാക്കൾ വീണ്ടും എത്തിയത്. സുനിതയുടെ ശരീരം വളരെ ശോഷിച്ച് എല്ലും തോലും മാത്രമായിരുന്നു. ക്ഷമാപണത്തോടെ സരസ്വതിയമ്മ കാര്യങ്ങൾ വിശദീകരിച്ചു. ഇ. ഇ. ജി പരിശോധനയ്ക്ക് കൂട്ടുവരാനായി അവരുടെ ഇളയ സഹോദരന്റെ സഹായം തേടി. ഇതൊരു ബാധ ഉപദ്രവമാണെന്നും മന്ത്രവാദം മാത്രം കൊണ്ടേ എന്തെങ്കിലും പ്രയോജനം കിട്ടുകയുള്ളൂ എന്നും ഇയാൾ തറപ്പിച്ചു പറഞ്ഞു. മുളന്തുരുത്തിക്കാരനായ ഒരു മന്ത്രവാദിയുടെ അടുത്തേക്കാണ് കുട്ടിയേയും കൊണ്ട് അവർ പോയത്.

ഇരുപത്തിയൊന്ന് ദിവസത്തെ ഉഗ്രൻ മന്ത്രവാദമായിരുന്നു. അതോടൊപ്പം തേളിന്റെ വാലും ഉടുമ്പിന്റെ നഖവും ആടിന്റെ കരളും ഒക്കെ ചേർത്ത് തിളപ്പിച്ചാറ്റിയ കഷായവും സുനിതയെ നിരന്തരം ഛർദ്ദിപ്പിച്ചുകൊണ്ടേയിരുന്നു ചികിത്സ. ബാധയെ ഓടിക്കാനുള്ള പ്രഹരവും അവൾക്ക് നൽകി. ചെറിയ ശമനമുണ്ടായി. എന്നാൽ ഒരു രാത്രിയിൽ സുനിതയുടെ കിടക്കയിൽ നിന്നൊരലർച്ച കേട്ട് അവർ ഞെട്ടിയുണർന്നു. തല വെട്ടിച്ചുകൊണ്ട് അട്ടഹാസത്തോടെ സുനിത മുറിക്കുള്ളിൽ തെരുതെരെ ഓടി നടക്കുന്നു. ബഹളം കേട്ടെത്തിയ സഹോദരന്മാരും അച്ഛനുമൊക്കെ അടക്കിപ്പിടിച്ചിട്ടും അവളെ നിയന്ത്രിക്കാൻ പ്രയാസം. ഏതാനും മിനിട്ടുകൾക്ക് ശേഷം അവൾ നിലത്ത് ചരിഞ്ഞുവീണ് കൂർക്കം വലിച്ചുറങ്ങി.

രോഗം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന സ്ഥിതിക്ക് ഇനിയെന്തു ചെയ്യും എന്ന് ആലോചനയായി. അച്ഛനും അമ്മാവനും മന്ത്രവാദിയെ ഒന്നുകൂടി സമീപിക്കാമെന്ന് അഭിപ്രായപ്പെട്ടു. അഥവാ രോഗം ആവർത്തിക്കുകയാണെങ്കിൽ ഒരു പതിനാലു ദിവസത്തെ തുടർ ക്രിയകൾകൂടി ചെയ്യുമെന്ന് മന്ത്രവാദി നിർദ്ദേശിച്ചുണ്ടത്രെ.

സരസ്വതിയമ്മ വഴങ്ങിയില്ല. ആയിരക്കണക്കിന് രൂപ ഒഴുകിപ്പോയതും സനിതയെ കഷായം കുടിപ്പിക്കുന്ന പ്രയാസവും മാത്രമായിരുന്നില്ല ആ അമ്മയുടെ മനസിൽ. മകളുടെ ഒട്ടിയുണങ്ങിയ ശരീരവും കുഴിഞ്ഞ കണ്ണുകളും വാടിയ മുഖവും അവളുടെ വെളുത്ത കണങ്കാലിൽ ചുമന്ന് തിണിർത്തു കിടന്ന മന്ത്രവാദിയുടെ അടിയുടെ ഓർമ്മകളും അവരെ വീണ്ടും ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. ഇടയ്ക്ക് ചികിത്സ വേണ്ടെന്നു വച്ചിട്ട് മന്ത്രവാദത്തിന് മകളെ കൂട്ടിക്കൊണ്ടു പോയതിലെ നീരസം പ്രകടിപ്പിച്ചപ്പോൾ ഡോക്ടർ ക്ഷമിക്കണം അറിയാതെ പറ്റിപ്പോയതാണ്. സാർ എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നു പറഞ്ഞു അവർ തേങ്ങിക്കരഞ്ഞു.

സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതാനും ദിവസങ്ങൾക്കുള്ളിൽ ആഹാരം താൽപ്പര്യത്തോടെ കഴിക്കാനും സംസാരിക്കാനും തുടങ്ങി. രോഗബാധയുടെ വിശദ വിവരണം അവൾ നൽകി. കണ്ണിന് മുമ്പിൽ ആദ്യം കർട്ടൻ വീണതുപോലെ ഇരുട്ട് കയറും പിന്നെ തുടരെ തുടരെ വെളിച്ചം മിന്നിവരും. എന്തോ കരിഞ്ഞ മണം മൂക്കിൽ. വയറ്റിനകത്തുനിന്ന് ശക്തമായി കാറ്റ് ഇരമ്പി കയറും. ഒരു വലിയ പേടി. ഓടുന്നതും ചിരിക്കുന്നതും ഒന്നും ഓർമ്മയില്ല. ഓർമ്മ വരുമ്പോൾ തലയ്ക്കാകെ കനം. ചെറിയ തലവേദന. ശരീരം ആകെ തളർച്ച.

സുനിതയുടെ വിവരണം കേട്ടപ്പോൾ ദൂരെ അയച്ച് ഇനി വിശദ പരിശോധനകൾ വേണ്ടെന്ന് തോന്നി. ഔഷധങ്ങൾ ക്രമീകരിച്ച് ദുർബലമായിരിക്കുന്ന അസുഖങ്ങൾ മൂന്നു നാലു ദിവസങ്ങൾ കൊണ്ട് പൂർണ്ണമായി നിയന്ത്രണത്തിലാക്കി.

പത്താംക്ലാസ് പരീക്ഷ എഴുതി ജയിച്ച് സുനിത ടി. ടി. സിക്ക് ചേർന്നു. ടി. ടി. സി പാസായി വീടിനടുത്തുള്ള ഒരു പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി. സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ വിജയനുമായി അവളുടെ വിവാഹം ഉറപ്പിച്ചു.

സരസ്വതിയമ്മയ്ക്ക് പരിഭ്രമമായി. ഗുളികകൾ കഴിക്കുന്നത് ചെറുക്കൻ വീട്ടുകാർ അറിഞ്ഞാൽ വിവാഹാലോചന മുടങ്ങിപ്പോയാലോ? അപ്പോൾ നടത്തിയ ഇ. ഇ. ജി പരിശോധനയിൽ അപസ്മാര രോഗത്തന്റെ അടയാളങ്ങൾ സുനിതയുടെ മസ്തിഷ്ക്കത്തിൽ നിന്ന് പൂർണ്ണമായി മാറിയിട്ടില്ല എന്നു കാണാനായി. പ്രത്യക്ഷത്തിൽ അസുഖം ഉണ്ടാകുന്നില്ലെങ്കിലും ചികിത്സ തുടരുകതന്നെ വേണം.

എന്തുവന്നാലും ഡോക്ടർ പറയാതെ താൻ ഗുളിക കഴിക്കുന്നത് നിറുത്തുകയില്ല എന്ന് സുനിത പറഞ്ഞു. വിവാഹം നടക്കുന്നെങ്കിൽ നടക്കട്ടെ. ഗുളിക കഴിക്കുന്നതിന്റെ പേരിൽ അതു മുടങ്ങുന്നെങ്കിൽ മുടങ്ങട്ടെ. അതായിരുന്നു അവളുടെ നിലപാട്. വിജയനും സുനിതയും സരസ്വതിയമ്മയും ചേർന്ന് കാണാൻ വന്നു. അപസ്മാരത്തെക്കുറിച്ച് വിജയന് വിശദമാക്കിക്കൊടുത്തു. സുനിതയുടെ അസുഖവും മരുന്നു കഴിക്കുന്ന വിവരവും തന്റെ വീട്ടിൽ ആരും അറിയരുതെന്ന ആഗ്രഹം മാത്രമാണ് വിജയൻ പ്രകടിപ്പിച്ചത്.

കല്യാണത്തിന് ഇത്ര ദൂരെ നിന്ന് സാറിനും ചേച്ചിക്കും വരാൻ പ്രയാമാണെന്നറിയാം. വന്നാൽ അമ്മയ്ക്കും വലിയ സന്തോഷമായിരിക്കും. സുനിത പറഞ്ഞിരുന്നു. കല്യാണത്തിൽ പങ്കുകൊള്ളാൻ കഴിഞ്ഞില്ല. സുനിതയുടെ മകൾക്ക് ആശംസകളും കുടുംബാംഗങ്ങളുടെയെല്ലാം സന്തോഷത്തിൽ പങ്കും രേഖപ്പെടുത്തി കത്തെഴുതി തൃപ്തിപ്പെടേണ്ടി വന്നു. 

Tags:
  • Mental Health
  • Manorama Arogyam