Saturday 20 July 2019 03:52 PM IST : By സ്വന്തം ലേഖകൻ

പാലിൽ വെളുത്ത പെയിന്റും ഷാംപൂവും! ‘മരണം വിറ്റ’ മൂന്നു ഫാക്ടറികളിൽ റെയ്ഡ്

milk-new

കൃത്രിമമായി, വിഷമയമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്ന 3 ഫാക്ടറികൾ റെയ്ഡ് ചെയ്ത്, പൊലീസ് പിടികൂടിയത് 57 പേരെ എന്നു റിപ്പോർട്ട്. മധ്യപ്രദേശില്‍ ആണ് സംഭവം. പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് റെയ്ഡ് നടത്തിയത്.

ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശത്ത്, മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്നതാണ് റെയ്ഡ് നടന്ന പാല്‍ പ്ലാന്റുകൾ.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഈ പ്ലാന്റുകളിലെ പാല്‍ ആണ് ഉപയോഗിച്ചിരുന്നത്.

20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച10,000 ലിറ്റര്‍ വ്യാജ പാലും 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തു. ഒപ്പം ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്നു പിടികൂടിയതായി വ്യക്തമാകുന്നു.

ഇവിടെ, ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുക, 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് വസ്തുക്കളും ചേര്‍ത്താണ്. പാലിനോടൊപ്പം ഷാംപൂ, വെളുത്ത പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ ചേര്‍ത്താണത്രേ കൃത്രിമ പാല്‍ നിർമിക്കുക. ഇതേ ഫോര്‍മുല ഉപയോഗിച്ച് കൃത്രിമമായി വെണ്ണയും ഉണ്ടാക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക വലിയ നഗരങ്ങളിലും ഈ പാലും വെണ്ണയും ആണ് വില്‍ക്കപ്പെടുന്നത്.
ഇപ്രകാരം വെറും 5 രൂപയോളം ചെലവില്‍ ഒരു ലിറ്റര്‍ പാല്‍ ഉണ്ടാക്കി, 45 മുതല്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. വെണ്ണ കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയാണ് വില.