Monday 13 July 2020 11:03 AM IST : By സ്വന്തം ലേഖകൻ

ഇരുന്നൂറിലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം; എന്നിട്ടും യാതൊരു കുലുക്കവുമില്ലാത്ത പ്രബുദ്ധ മലയാളിയോടാണ്...

lnxjgug77657

ഓരോ ദിവസം കഴിയുംതോറും കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനം സമ്പർക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം കൂടുകയാണ് എന്നതാണ്. എല്ലായിടത്തും രോഗഭീതി നിലനിൽക്കുമ്പോഴും കുലുക്കമില്ലാത്ത മലയാളിയുടെ മനോഭാവത്തെപ്പറ്റി പറയുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.  

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

'തന്തയെ കൊല്ലി' 'മക്കളെ കൊലക്ക് കൊടുത്തവൻ' തുടങ്ങിയ വിശേഷണങ്ങൾ ആരെങ്കിലും ഇഷ്ടപ്പെടുമോ?പരോക്ഷമായെങ്കിലും സ്വന്തം മാതാപിതാക്കളുടെയോ മക്കളുടെയോ ജീവിതപങ്കാളിയുടെയോ ഉറ്റവരുടെയോ മരണത്തിന് കാരണക്കാരനാകേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ മരണം വരെ എന്തായിരിക്കും?

'അങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റ്വോ' 'വരുന്നേടത്തു വച്ചു കാണാം' എന്നൊക്കെ കൊറോണയെ നിസ്സാരമാക്കി ഇപ്പോഴും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകുന്ന, കാണുന്നവരെ ബോധ്യപ്പെടുത്താൻ മാസ്‌കെന്ന പേരിൽ പേരിനൊരു തുണി മൂക്കിന് മുകളിൽ കെട്ടി, സാമൂഹ്യ അകലം പാലിക്കാതെ, സോപ്പിട്ട് കൈകൾ കഴുകാതെ, സാനിറ്റൈസർ ഉപയോഗിക്കാതെ കറങ്ങി നടക്കുന്ന ഓരോരുത്തരും ഭാവിയിൽ ഈ ഒരു പഴി പേറേണ്ടി വരും എന്നത് കൂടി ഓർത്തുകൊള്ളുക.

പ്രതിദിനം അഞ്ഞൂറിനടുത്ത് കൊറോണ പോസിറ്റിവ് രോഗികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന, അതിൽ ഇരുന്നൂറിലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ് എന്നറിഞ്ഞിട്ടും യാതൊരു കുലുക്കവുമില്ലാത്ത പ്രബുദ്ധ മലയാളിയോടാണ്. നാട്ടിലും വിദേശത്തുമായി നമുക്ക് പരിചയമുള്ള എത്രയോ പേർ മരിച്ചു വീണിട്ടും. ലോകം മുഴുവൻ ഈ ഒരൊറ്റ രോഗത്തിന്റെ ഭീതിയിൽ സകല കാര്യങ്ങളും താളം തെറ്റി പണ്ടാരമടങ്ങിയിട്ടും, ചൈനയിലെ വൂഹാനിൽ നിന്നും ഇങ്ങ് നമ്മുടെ പഞ്ചായത്തിലും അടുത്ത വീട്ടിലുമൊക്കെ ഈ രോഗം കടന്നുവന്നിട്ടും. നമുക്കിതൊന്നും ബാധിക്കില്ലാ എന്ന് ഉറച്ചു വിശ്വസിക്കുന്ന കഥയില്ലാത്ത പോസിറ്റിവ് ചിന്ത നമുക്ക് മാത്രമേ ഉണ്ടാവൂ.

'ഞാനീ പറഞ്ഞ സ്ഥലങ്ങളിലൂടെയൊക്കെ എത്ര കറങ്ങിയതാ എനിക്കിതുവരെ ഒരു ജലദോഷം പോലും വന്നിട്ടില്ല' എന്ന അമിത ആത്‍മവിശ്വാസക്കാരോടാണ്, രോഗികളിൽ നിന്ന് മാത്രം പകർന്നവരല്ല കോവിഡ് രോഗികളൊക്കെയും. രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുകയോ രോഗിയാവുകയോ ഇല്ല ചിലരെങ്കിലും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ നിങ്ങളിലൂടെ വീട്ടിലെ ദുർബലരായവർക്കും പ്രായം ചെന്നവർക്കും കുട്ടികൾക്കും രോഗം ബാധിക്കാം!.

നിങ്ങൾ ഒരാളുടെ അനാസ്ഥ കൊണ്ട് മാത്രം ആ പാവം മനുഷ്യരെയാണ് കൊലക്ക് കൊടുക്കുന്നത്. വൃദ്ധരായാലും കുഞ്ഞുങ്ങളായാലും ഇപ്പോഴത്തെ അവസ്ഥയിൽ രോഗിക്ക് ആശുപത്രിയിൽ ഏകാന്ത വാസമാണ്. വീട്ടുകാരൊക്കെ ക്വാറന്റൈനിലും. രക്ഷപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. അഥവാ എന്തെങ്കിലും സംഭവിച്ചു പോയാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആ പാവങ്ങളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നും മരണം വരെ മോചനം ഉണ്ടാവുമോ?.

രോഗവ്യാപനം ഇങ്ങനെ പിടിവിട്ട പോക്കുപോയാൽ നിലവിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളും രോഗികൾക്കുള്ള പ്രത്യേക പരിചരണവും സൗജന്യ ചികത്സയുമൊക്കെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ? അതിനുമാത്രം ആരോഗ്യപ്രവർത്തകരും സൗകര്യങ്ങളും ഈ നാട്ടിലുണ്ടോ? അല്ലെങ്കിലും ആരോഗ്യ പ്രവർത്തകരും പോലീസുകാരുമൊക്കെ നമ്മെ പോലുള്ള മനുഷ്യന്മാർ തന്നെയല്ലേ? അവർക്കും ഉറ്റവരും ഉടയവരുമില്ലേ? നമ്മെക്കാളും സാമൂഹ്യ സാമ്പത്തിക സ്ഥിതിയിൽ ഉയർന്നു നിൽക്കുന്ന അമേരിക്കയിലും ഗൾഫ് നാടുകളിലും ഒക്കെയുള്ള അവസ്ഥയെന്താണ്? തെരുവിൽ മരിച്ചു വീഴുന്ന മനുഷ്യരെ കുറിച്ചും കൂട്ടക്കുഴിമാടങ്ങളെ കുറിച്ചുമൊക്കെയുള്ള വാർത്തകൾ നമ്മുടെ രാജ്യത്തു നിന്ന് തന്നെ കേൾക്കുന്നില്ലേ?

പണ്ട് വസൂരിയും കോളറയുമൊക്കെ നടമാടിയ കാലത്ത് രോഗം വന്നാൽ തിരിഞ്ഞു നോക്കാൻ ആളില്ലാത്ത, മരിച്ചാൽ കുഴിച്ചിടാൻ പോലും ആരെയും കിട്ടാത്ത കഥകൾ പഴമക്കാർ പറയാറുണ്ട്. ഇങ്ങനെ പോയാൽ അതിലും ഭീകരമായിരിക്കും നമ്മുടെ അവസ്‌ഥ. രോഗമില്ലാത്തവനാണെങ്കിലും അടുത്ത വീട്ടുകാരൻ ഗൾഫിൽ നിന്ന് വന്നാൽ അങ്ങോട്ട് നോക്കാൻ പോലും മടിക്കുന്നവരുടെ കാലമാണ്. നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ രോഗം പടർന്നു പിടിച്ചാൽ തിരിഞ്ഞു നോക്കാൻ പോലും ആരും ഉണ്ടാകില്ല. ഓരോ വീട്ടിലും മൃതദേഹങ്ങൾ സ്വന്തം വളപ്പിൽ വീട്ടുകാർ തന്നെ അടക്കം ചെയ്യേണ്ട ഗതികേടുണ്ടാകും. എത്ര വേദനാജനകവും ഭീകരവുമായിരിക്കും ആ അവസ്‌ഥ. ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകാൻ പോലും ആരുമില്ലാതെ ജീർണ്ണിച്ചു പോകുന്ന ഘട്ടത്തിൽ ഉറ്റവർത്തന്നെ കുഴിവെട്ടി കുഴിച്ചു മൂടേണ്ടി വരുന്ന, ചിതയൊരുക്കേണ്ടി വരുന്ന അവസ്‌ഥ!

പേടിപ്പിക്കുകയല്ല. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താത്ത ഈ രോഗം 'എടുക്കുമ്പോളൊന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ആയിരം' എന്ന മട്ടിൽ വ്യാപിക്കുമ്പോഴും ഭയവും വേണ്ട ജാഗ്രതയും വേണ്ട എന്ന മട്ടിൽ ഇടപെട്ടാൽ തീർച്ചയായും നാം ഊഹിക്കുന്നതിലും വലിയ വില കൊടുക്കേണ്ടി വരും.

അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുന്നതും കൂട്ടം കൂടുന്നതും നിർബന്ധമായും ഒഴിവാക്കുക തന്നെ വേണം. അന്നന്നത്തെ അന്നം കഴിഞ്ഞു പോകാൻ ജോലിക്ക് പോകുന്നവർക്ക് വീട്ടിലിരിപ്പ് പ്രയോഗികമല്ലെന്നറിയാം. പട്ടിണി കിടന്നു മരിക്കുന്നതിലും വലുതല്ലല്ലോ രോഗഭീതി.

പുറത്തു പോകുന്നവർ രോഗം പകരാത്ത വിധം മാസ്‌ക് ധരിക്കാനും, പരമാവധി സാമൂഹിക അകലം പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്താനും, കൈകൾ സോപ്പിട്ട് കഴുകുന്നതിൽ ശ്രദ്ധ പുലർത്താനും സാനിറ്റൈസർ ഉപയോഗിക്കാനും മറക്കാതിരുന്നാൽ നമുക്ക് മാത്രമല്ല നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവർക്കും രോഗം വരാതെ തടയാം.

ഉറ്റവരെ കൊലക്ക് കൊടുത്തവനെന്ന്, ചിലപ്പോൾ ഒരു നാട്ടിൽ തന്നെ രോഗം പകർത്താനും അതിലൂടെ മരണം വിതയ്ക്കാനും കാരണക്കാരനായവനെന്ന് കാലാകാലം നീറി ജീവിക്കേണ്ടി വരാതിരിക്കാൻ ജാഗ്രതയോടൊപ്പം ഭയവും ഉണ്ടാവട്ടെ. 

നാം ഊഹിക്കുന്നതിലും ഭീകരമായിരിക്കും കാര്യങ്ങൾ കൈവിട്ടു പോയാൽ.

Tags:
  • Spotlight
  • Social Media Viral