Friday 22 October 2021 04:31 PM IST : By സ്വന്തം ലേഖകൻ

‘മഹറായ് കിട്ടിയ തുക പോലും മറ്റൊരു ജീവനായി പകുത്തവൾ’: നർഗീസ് നിങ്ങൾക്ക് ഇങ്ങനെയേ കഴിയൂ: ഹൃദയം നിറച്ച് ഈ നിക്കാഹ്

nargees

ചിറകറ്റു പോകുന്ന ജീവിതങ്ങൾക്ക് മുന്നിൽ മാലാഖയായി എത്തുന്നൊരു പെണ്ണുണ്ട്. ജീവിതത്തിന്റെ ഇരുട്ടിലാണ്ടു പോയവർക്കു മുന്നിൽ വഴിവിളക്കായി തെളിഞ്ഞു നിൽക്കുന്ന മാലാഖ. നർഗീസ് ബീഗമെന്ന പാവങ്ങളുടെ കാവൽ മാലാഖയെ നാട് ഹൃദയത്തോട് ചേർത്തു നിർത്തുന്നത് ഈ അണമുറിയാത്ത നന്മയുടെ പേരിലാണ്. സ്വാർത്ഥതയുടെ ലോകത്ത് കരുണയുടെ കരം നീട്ടുന്ന നർഗീസ് ഇപ്പോഴിതാ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. താൻ വിവാഹിതയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണ് അവർ അറിയിച്ചത്.

തന്റെ വിവാഹത്തിന് മഹറായി ലഭിച്ച തുക പോലും മറ്റൊരു ജീവനു വേണ്ടി മാറ്റിവച്ച നർഗീസിനെ വാഴ്‍ത്തി മാധ്യമ പ്രവർത്തകൻ നവാസ് അലി പങ്കുവച്ച കുറിപ്പാണ് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുന്നത്. ചാരിറ്റിയെ ബിസിനസാക്കുന്നവരുടെ ലോകത്ത് വേറിട്ട വ്യക്തിത്വമാണ് നർഗീസെന്ന് നവാസ് അലി കുറിക്കുന്നു. നർഗീസിനും സുബൈറിനും ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് നവാസ് അലി ഇക്കാര്യങ്ങൾ സ്നേഹപൂർവം ചേർത്തുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നര്‍ഗീസ്...നിങ്ങള്‍ക്ക് ഇങ്ങിനെയേ കഴിയൂ

ഇന്ന് കാരാട് പള്ളിയില്‍ ഒരു നിക്കാഹില്‍ പങ്കെടുത്തു. പ്രിയ സുഹൃത്തും സാമൂഹിക പ്രവര്‍ത്തകയുമായ നര്‍ഗീസ് ബീഗത്തിന്റെയും സുബൈറിന്റെയും വിവാഹം.

സാധാരണ നിക്കാഹിന് വരന്‍ വധുവിന് സ്വര്‍ണാഭരണം മഹ്‌റായി നല്‍കിയാണ് നിക്കാഹ് നടത്താറുള്ളത്. ഇവിടെയും മഹര്‍ ഉണ്ടായിരുന്നു. രണ്ട് കുഞ്ഞു കമ്മല്‍. മറ്റൊരു മഹര്‍ കൂടി സുബൈര്‍ നര്‍ഗീസിന് നല്‍കി. ഒന്നര ലക്ഷം രൂപ. അതായിരുന്നു നര്‍ഗീസ് ആവശ്യപ്പെട്ട മഹര്‍.

വീഴ്ച്ചയില്‍ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായ ഒരു കുടുംബനാഥന് ജീവിതമാര്‍ഗ്ഗം തുടങ്ങാനുള്ള പണമായിരുന്നു അത്.

പാലക്കാട്ടുകാരനായ അദ്ദേഹം കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുന്നയാളാണ്. മക്കളെ വളര്‍ത്താന്‍ വഴിയില്ലാത്തതിനാല്‍ അവരെ അനാഥാലയത്തില്‍ അയച്ച ഗതികേടിലുള്ള ഒരാള്‍. അദ്ദേഹത്തിന് ഒരു ചെറിയ കട തുടങ്ങാനുള്ള പണം, അതാണ് നര്‍ഗീസ് ബീഗം മഹറായി പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടത്.

വര്‍ഷങ്ങളായി നര്‍ഗീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞ സഹായവുമായി കൂടെയുള്ള സുബൈര്‍ക്ക അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

വിവാഹ വസ്ത്രത്തിന് 5000 രൂപ ചിലവായപ്പോഴേക്കും ഇത്രും വിലയുള്ള വസ്ത്രം വേണ്ടിയിരുന്നില്ല എന്ന് സങ്കടം പറഞ്ഞയാളാണ് നര്‍ഗീസ് ബീഗം.

സമ്മാനമായി മറ്റുള്ളവര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ അതേപോലെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്ന ഒരാള്‍, ഒരുപാട് പേരുടെ വേദനകള്‍ക്ക് ആശ്വാസവുമായി ഓടിക്കൊണ്ടേയിരിക്കുന്ന ഒരാള്‍, വീടും, ഭക്ഷണവും, മരുന്നും, ചികിത്സയും, പഠന സഹായവും തുടങ്ങി സഹായത്തിന്റെ നൂറുനൂറു കൈകളുള്ള ഒരു മാലാഖ.

അങ്ങിനെയൊരാളുടെ വിവാഹവും മാതൃകയായി മാറുകയാണ്. നര്‍ഗീസ് , നിങ്ങള്‍ക്കേ ഇങ്ങിനെകഴിയൂ, അല്ല, നിങ്ങള്‍ക്ക് ഇങ്ങിനെയേ കഴിയൂ. അതാണല്ലോ ചാരിറ്റി ബിസിനസ്സുകാരില്‍ നിന്നും നിങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് നിങ്ങള്‍ ഇത്രമേല്‍ പ്രിയപ്പെട്ട ഒരാളായി മാറുന്നത്.