Thursday 26 September 2019 03:34 PM IST

‘അനാഥാലയത്തില്‍ നിന്നു മടങ്ങിയെത്തിയപ്പോഴും പട്ടിണി ബാക്കി; അങ്ങനെ ഭിക്ഷാടനത്തിന് ഇറങ്ങി’; ഉള്ളുപൊള്ളിക്കുന്ന ജീവിതം പറഞ്ഞ് നസീർ സംക്രാന്തി!

Sujith P Nair

Sub Editor

naseerbbhn

മഴവില്‍ മനോരമയിലെ 'തട്ടീം മുട്ടീം' പരന്പരയില്‍ അഭിനയിച്ചു തുടങ്ങിയതു മുതല്‍ അനുഭവിക്കുന്ന സ്‌നേഹം. കമലാസനന്‍ എന്ന കഥാപാത്രം നസീറിന്റെ തലവര തന്നെയാണ് മാറ്റിയത്. അതുവരെ തട്ടിയും മുട്ടിയും പോയിരുന്ന കലാജീവിതം പിന്നെ സൂപ്പര്‍ഫാസ്റ്റ് വേഗത്തിലായി. കോമഡി സ്‌കിറ്റുകളിലെ പെണ്‍വേഷക്കാരൻ എന്ന ലേബലില്‍ നിന്ന് ഹാസ്യതാരം എന്ന പദവിയിലേക്കുള്ള പ്രമോഷനും കിട്ടി. ചിരിയുടെ ലോകത്ത് എത്തും മുൻപ് കടന്നുവന്ന കയ്പ്പേറിയ ജീവിതവഴികൾ പങ്കുവയ്ക്കുകയാണ് ‘സംക്രാന്തി’ എന്നുവിളിക്കുന്ന കോട്ടയത്തിന്റെ സ്വന്തം നസീര്‍.

"ഏഴാം വയസിലാണ് വാപ്പ ഹനിഫ മരിക്കുന്നത്. അതുവരെ കൂടുംബത്തില്‍ നിറഞ്ഞു നിന്നിരുന്ന ചിരി അതോടെ മാഞ്ഞു. ഉമ്മയും നാലു മക്കളും തെരുവിലായി. സംക്രാന്തിക്കടുത്ത് റെയില്‍വേ പുറന്പോക്കിലായി കുടുംബത്തിന്റെ താമസം. അതിനിടെ മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലാക്കി. അഞ്ചു വര്‍ഷം അവിടെ. പലപ്പോഴും അന്തിക്കഞ്ഞിയില്‍ കലരുന്നത് കണ്ണീരുപ്പായിരുന്നു."- സംക്രാന്തിയിലെ വീട്ടിലിരുന്ന് പഴയ ജീവിതം ഓര്‍ത്തെടുക്കുന്പോൾ നസീറിന്റെ മുഖത്ത് തികഞ്ഞ ഗൗരവം. 

അനാഥാലയത്തില്‍ നിന്നു മടങ്ങിയെത്തിയപ്പോഴും പട്ടിണി ബാക്കി. അങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്. മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്പോൾ വീട്ടില്‍ വിശന്നിരിക്കുന്ന അമ്മയുടെ മുഖമാണ് തെളിയുക. ആക്രി പെറുക്കല്‍, ഹോട്ടലില്‍ പാത്രം കഴുകൽ അങ്ങനെ റെയില്‍വേ പുറമ്പോക്കുകാരന്റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികള്‍ എല്ലാം എന്നെ തേടിയെത്തി. അപ്പോഴും ഇടയ്ക്ക് നാട്ടില്‍ ക്ലബുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാട്ടു മത്സരങ്ങളില്‍ പങ്കെടുക്കും. ഇടയ്ക്ക് ഒരു കഥാപ്രസംഗം സ്‌കിറ്റായി അവതരിപ്പിച്ചു. അതു കണ്ടു നാട്ടുകാര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ ഹരമായി. പുതിയ വഴി അവിടെ തുറന്നു. സ്റ്റേജുകളില്‍ തിരക്കായി. വിദേശയാത്രകള്‍ പതിവായി. ദിവസം മൂന്നും നാലും സ്റ്റേജുകള്‍ വരെ കളിച്ചു. 

nazeer5566

ചിരിയുടെ വഴിയിലൂടെയായിരുന്നു ഏറെക്കാലം യാത്രയെങ്കിലും എന്റെ കല്യാണത്തിലുണ്ട് ഒരു കണ്ണീരിന്റെ നനവ്. അമ്മയുടെ സഹോദരന്റെ മകളാണ് വധു. മാമാക്ക് മൂന്നു പെണ്‍മക്കളായിരുന്നു. രണ്ടു പേരുടെയും വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മൂന്നാമത്തെ മകളാണ് ഫാത്തിമ‌. അതിനിടെയാണ് ഹൃദ്രോഗം വന്നത്. അദ്ദേഹം രോഗ കിടക്കയില്‍ കഴിയുന്പോൾ ഉമ്മ പറഞ്ഞു, നസീറേ നീ നമ്മുടെ ഫാത്തിമയെ നിക്കാഹ് ചെയ്യണം. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതു പോലെയായി എനിക്ക്. ഒപ്പന പഠിപ്പിക്കാന്‍ പോയി ശീലുകള്‍ പറഞ്ഞു കൊടുത്ത് നേരത്തേ തന്നെ അവള്‍ ഖല്‍ബിൽ ഇടംപിടിച്ചിരുന്നു. അങ്ങനെ നിക്കാഹ് നടന്നു. നേരേ ആശുപത്രിയിലേക്ക് പോയി അനുഗ്രഹം വാങ്ങി. തിരിച്ചു വീട്ടിലേക്ക് മടങ്ങിയ ഞങ്ങള്‍ അവിടെ എത്തും മുന്പേ എത്തി ആ വാര്‍ത്ത, മാമ നിറഞ്ഞ മനസോടെ പടച്ചോന്റെ അടുക്കലേക്ക് പോയി... 

ഉമ്മ ഐഷയാണ് കുടുംബനാഥ. ഒപ്പനപ്പാട്ടുകളും മറ്റും നന്നായി പാടും. വീട്ടില്‍ കലാപരമായി കഴിവുള്ള ഏകയാൾ. മൂന്നു മക്കളാണ്. നാഷ്മി, നിഷാന, നാഷിൻ. നാഷ്മിയുടെ ഭർത്താവ് അനീഷ്.  ‘സിനിമയിലും സീരിയലിലും എത്ര തിരക്കാണെങ്കിലും ഞാന്‍ സംക്രാന്തി വിട്ടുപോകില്ല. പറ്റുമെങ്കില്‍ വൈകിട്ട് വീട്ടിലെത്തണം. തിരുവനന്തപുരത്ത് ഷൂട്ടിങുള്ള സീരിയലുകള്‍ ഒഴിവാക്കുന്നതിനു കാരണവും ഇതുതന്നെ. പക്ഷേ, മറ്റെന്തെങ്കിലും ഒഴുവുകിഴിവുകളാകും പറയുക. സത്യം പറയാന്‍ ചമ്മലായതുകൊണ്ടാ. വീട്ടില്‍ ഉള്ളപ്പോള്‍ നേരം വെളുക്കുന്പോൾ  തന്നെ എത്തും സംക്രാന്തി കവലയില്‍. അവിടെ മാടക്കടയില്‍ വെറ്റില മുറുക്കി നില്‍ക്കുന്ന എന്നെ കണ്ട് പലരും സൂക്ഷിച്ചു നോക്കും- ഇവന്‍ ലവനല്ലയോ? കമലഹാസന്‍.. അല്ല കമലാസനന്‍...!!!’

Tags:
  • Spotlight
  • Inspirational Story