Wednesday 28 July 2021 03:51 PM IST : By സ്വന്തം ലേഖകൻ

‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്നം; കഴിഞ്ഞ നാലു മാസമായി ഞങ്ങൾ സഹിക്കുകയാണ്’: തൊണ്ടയിടറി വ്യാപാരിയുടെ വാക്കുകൾ

covid-kerala-wrong

‘‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്നമാണ്. ഒരു മാസം ശമ്പളം വേണ്ടെന്ന് വയ്ക്കാൻ അവർക്കാകില്ല. ഞങ്ങൾ സ്വയം തൊഴിൽ കണ്ടെത്തിയ വ്യാപാരികൾ കഴിഞ്ഞ നാലുമാസമായി കട തുറന്നിട്ട്. കാസർകോട്ടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി ഓടുമ്പോൾ ഉണ്ടാകുന്ന റിസ്കൊന്നും നാട്ടിൽ കട തുറക്കുമ്പോൾ ഉണ്ടാകുന്നില്ല.’’- കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഷാദ് എന്ന വ്യാപാരിയുടെ ഇടറിയ വാക്കുകളാണിത്. 

നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിലാണ് അർഷാദ് വ്യാപാരികളുടെ പ്രശ്നങ്ങൾ പറഞ്ഞത്. കേരളത്തിൽ സ്വയം തൊഴിൽ ചെയ്യുന്ന ഓരോ മനുഷ്യനും സർക്കാരിനോട് പറയാൻ ആഗ്രഹിച്ച വാക്കുകളാണ് അർഷാദിന്റേത്. അർഷാദിന്റെ വാക്കുകൾ കേരളമൊന്നാകെ ഏറ്റെടുക്കുകയാണ്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

‘‘വരുമാനം നിലച്ചു, ലോൺ അടയ്ക്കണം, വാടക കൊടുക്കണം, വായ്പ തിരിച്ചടയ്ക്കാൻ സർക്കാർ ഒരു ഇളവും അനുവദിക്കുന്നില്ല, കറന്റ് ബില്ലിൽ കുറവില്ല. അങ്ങനെ ഒന്നുമൊന്നും കുറയ്ക്കാതെ നിങ്ങൾ കടകൾ അടിച്ചിട്ട് സഹകരിക്കണം എന്ന് പറയുന്ന വാദത്തെ എങ്ങനെ അംഗീകരിക്കും? ഭാര്യയുടെ കെട്ടുതാലി പണയം വച്ചിട്ടാണ് സ്വന്തമായി പലരും തൊഴിൽ തുടങ്ങിയത്. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാൻ പോകൂ? അല്ലാത്തവൻ പോകുമോ? 

ഫാൻസിയിലും തുണിക്കടയിലും അത്യാവശ്യമില്ലാത്തവർ പോകില്ല. കഴിഞ്ഞ നാലു മാസമായി സഹിക്കുകയാണ്. കടയുടെ വാടക അടക്കമുള്ളവ മുടങ്ങി. ബാങ്കുകാർ നിരന്തരം വിളിക്കുന്നുണ്ട്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. നിവർത്തികേട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല. ഞങ്ങളിനി ആത്മഹത്യ ചെയ്യണോ?’’- അർഷാദ് ചോദിക്കുന്നു. 

Tags:
  • Spotlight
  • Social Media Viral