Wednesday 09 October 2019 02:54 PM IST

മരിക്കും മുമ്പ് ഞാൻ ചെവിയിൽ പറഞ്ഞു, ‘സുനിലേട്ടാ, സന്തോഷായിട്ടു പോകണം’! അതു കേട്ടിരുന്നുവെന്ന് എനിക്കുറപ്പാണ്

Tency Jacob

Sub Editor

neena-prasd

അകാലത്തിൽ നഷ്ടമായ പ്രിയപ്പെട്ടവനെക്കുറിച്ച്, ഏറെ ട്വിസ്റ്റ് നിറഞ്ഞ ജീവിതത്തെക്കുറിച്ച് നർത്തകി ഡോ. നീന പ്രസാദ്

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം മുറിഞ്ഞപാലത്തെ ‘ഭരതനാട്യാഞ്ജലി’എന്ന വീട്ടിലിരുന്ന് നീന പ്രസാദ് ഓർമകളിലേക്ക് പിന്മടക്കം നടത്തി. എസ്എഫ്ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അഡ്വ. സുനിൽ സി കുര്യൻ.

‘‘വിവാഹവാർഷികത്തിന്റെയന്ന് ‘നമുക്കൊന്ന് പുറത്തു പോകാം’ എന്നു പറഞ്ഞത് ഞാനാണ്. വയ്യായ്ക കൊണ്ടായിരിക്കാം സുനിലൊന്നു മടിച്ചു. എന്നാലും എന്റെ ആഗ്രഹത്തിന് ഞങ്ങളന്ന് പോങ്ങുംമൂട് സിംഹാസനപള്ളിയിൽ പോയി. പ്രാർഥിച്ചു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പള്ളിയിലെ അവസാന ബഞ്ചിൽ ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന സുനിലിനെ. ഇറങ്ങുമ്പോൾ പള്ളിയിലെ അച്ചൻ വന്ന് സംസാരിച്ചു. ‘ഓഗസ്റ്റ് മാസത്തിൽ മാതാവിന്റെ പെരുന്നാളാണ്, രണ്ടുപേരും വരണം’ ചെറുതായി ചിരിച്ചുകൊണ്ട് സുനിൽ തീർച്ചയോടെ പറഞ്ഞു. ‘ഞാനുണ്ടാകില്ല...’

അങ്ങനെയൊരാൾ...

സുനിലിനുവേണ്ടി ഞാൻ എന്തെങ്കിലും വേണ്ടെന്നു വയ്ക്കുന്നതൊക്കെ അപമാനമായാണ് കരുതിയിരുന്നത്. പ്രോഗ്രാം വേണ്ടെന്നു വയ്ക്കുമ്പോൾ ‘‘നീ മരിച്ചു കിടക്കുമ്പോഴായാലും എനിക്കൊരാവശ്യം വരികയാണെങ്കിൽ, ഒരഞ്ചു മിനിറ്റ് എന്നു നിന്നോടു പറഞ്ഞ്, ഞാൻ പോയി ആ കാര്യം നടത്തിവരും.’’ എന്നു പറയും. സുനിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് എനിക്കിപ്പോഴും പ്രചോദനം. ‘‘ജീവിതമല്ലേ, കൂടെയുള്ളവർ വീണുപോയാലും ബാക്കിയാകുന്നയാളുടെ ജീവിതം മുന്നോട്ടു പോകുകതന്നെ ചെയ്യും. മരിച്ചവരുടെ ഓർമ കൾ ശക്തിയും ഊർജവുമായാണ് നിലകൊള്ളേണ്ടത്.’’

n1
അരുൺ സോൾ

പ്രണയനാളുകളിൽ തമ്മിൽ കത്തെഴുതുമായിരുന്നു. കാലം ഒരുപാടു കടന്നുപോയിട്ടും വേറൊരു ജീവിതത്തിലേക്കു കയറി തിരിച്ചിറങ്ങിയിട്ടും അതെല്ലാം കളയാതെ കാത്തുവച്ചിരുന്നു. കല്യാണം കഴിഞ്ഞ നാളുകളിൽ ആ കത്തുകൾ സുനിൽ കാണിച്ചപ്പോൾ എന്റെ ഹൃദയം സ്നേഹത്താലും പ്രണയത്താലും നിറഞ്ഞു.

ഞങ്ങളുടെ കുഞ്ഞുകുട്ടിത്തരങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു വീട്. എന്നെ ഓരോ ദിവസം ഓരോ പേരാണ് വിളിക്കുക. ഗുൽബർഗി, പക്കീരി... എത്രയോ ഓമനപ്പേരുകൾ. റോഡ് മുറിച്ചു കടക്കുമ്പോഴും കാറിൽ നിന്നിറങ്ങുമ്പോഴെല്ലാം ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ വന്ന് കൈപിടിക്കും. അവസാനകാലങ്ങളിൽ ഇല്ലാതെ പോയതും അതെല്ലാമായിരുന്നു.വിശേഷ അവസരങ്ങളിലൊക്കെ ഡാൻസ് കാണാൻ വരും. എല്ലാവരോടും അഭിപ്രായം ചോദിക്കും.‘നീനയുടെ ഡാൻസ് കണ്ടോ?’

മരണത്തിലേക്കുള്ള യാത്രയിൽ മയങ്ങിക്കിടക്കുമ്പോൾ ഞാൻ ചെവിയിൽ പറഞ്ഞു. ‘‘സുനിലേട്ടാ, സന്തോഷായിട്ടു പോകണം. ഇനിയും എന്റെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകണം.’’ അതു കേട്ടിരുന്നുവെന്ന് എനിക്കുറപ്പാണ്. അതല്ലേ ഇപ്പോഴും എന്റെ കൂടെയുണ്ടെന്നു തോന്നുന്നത്.

വിശദമായ വായനയ്ക്ക് വനിത ഓഗസ്റ്റ് രണ്ടാം ലക്കം കാണുക

Tags:
  • Relationship