Saturday 17 October 2020 11:16 AM IST : By സ്വന്തം ലേഖകൻ

മൂന്നു വര്‍ഷത്തെ കഠിനാധ്വാനം, ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ പഠനം; നീറ്റ് പരീക്ഷയിൽ അഭിമാനനേട്ടവുമായി ആയിഷ

ayisha-neet445

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720 ല്‍ 710 മാര്‍ക്ക് നേടി 12ാം റാങ്ക് എന്ന അഭിമാനനേട്ടവുമായി കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷ. കേരളത്തില്‍ ഒന്നാമതെത്തിയ അയിഷയ്ക്ക് ഒബിസി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശി എ പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകളാണ് ആയിഷ. മൂന്നു വര്‍ഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ആയിഷ. എങ്കിലും നീറ്റ് പരീക്ഷയിൽ ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആയിഷ പറയുന്നു. ഇതോടെ ഡല്‍ഹി എയിംസില്‍ ഉപരിപഠനമെന്ന ആയിഷയുടെ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. 

നീറ്റില്‍ ആയിഷയുടെ രണ്ടാമത്തെ ശ്രമമാണിത്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. അധ്യാപകരും മാതാപിതാക്കളും നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാവട്ടവും ശ്രമിച്ചു. നേട്ടം 12ാം റാങ്കായി. ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ പഠിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. 

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ശേഷം സ്വകാര്യ പഠനകേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്. നീറ്റില്‍ 720 ല്‍ 720 മാര്‍ക്കും നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

Tags:
  • Spotlight
  • Inspirational Story