Wednesday 06 November 2019 03:09 PM IST

ഒരു ഞെട്ടിലെ നാലു പൂക്കൾ, വിവാഹ വേദിയിലും ഒരുമിച്ച്; ‘പഞ്ചരത്ന’ങ്ങൾക്ക് ഏപ്രിലിൽ മംഗല്യം!

Priyadharsini Priya

Sub Editor

five-kkk1

മലയാളക്കരയുടെ മണ്ണിലല്ല, ഹൃദയത്തിലാണ് ആ കുരുന്നുകൾ പിച്ചവച്ചു നടന്നത്. ഓർമ്മയില്ലേ, പോത്തൻകോട് സ്വദേശികളായ പഞ്ചരത്നങ്ങളെ? അമ്മയുടെ ചൂടുപറ്റി ജീവിതം നെയ്തെടുത്ത അവർ ഇന്ന് എട്ടുപൊട്ടും തിരിയാത്ത പഴയ കുഞ്ഞുങ്ങളല്ല. 24 ാം വയസ്സിൽ ജോലി സമ്പാദിച്ച് സ്വന്തം കാലിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ്.

എല്ലാത്തിനുമുപരി മറ്റൊരു സന്തോഷ വാർത്തയാണ് പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്നം' എന്ന വീട്ടിൽ നിന്നും പുറത്തുവരുന്നത്. പ്രേമകുമാറിന്റെയും രമാദേവിയുടെയും പെൺമക്കൾക്ക് ഏപ്രിൽ അവസാനം ഗുരുവായൂർ ക്ഷേത്രത്തിൽ മംഗല്യം. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് വിവാഹിതരാകുന്നത്. കാരണവരുടെ സ്ഥാനത്ത് നിന്ന് പെങ്ങന്മാരെ കൈപിടിച്ചേൽപ്പിക്കുക ഏക സഹോദരൻ ഉത്രജനും. 

five-kkk2

"മക്കൾ നാലുപേരും ഒരുമിച്ചാണ് പഠിച്ചതും വളർന്നതുമെല്ലാം. പക്ഷെ, വിവാഹം കഴിപ്പിച്ചയക്കുന്നത് നാലു സ്‌ഥലത്തേക്കാണ്. അതും നാലു ജില്ലകൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്. വിവാഹത്തിന്റെ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മരുമകന് ലീവിന്റെ ചെറിയ പ്രശ്നങ്ങളുണ്ട് അതുകൊണ്ടാണ് തിയതി തീരുമാനിക്കാത്തത്. ഏപ്രിൽ അവസാനം ഉണ്ടാകും. ഇനി നാലഞ്ചു മാസമുണ്ട് മക്കളുടെ വിവാഹത്തിന്. അതിന്റേതായ തിരക്കിലാണ്. വരന്മാരെ കണ്ടെത്തിയത് മനോരമ പത്രത്തിലൊക്കെ പരസ്യം കൊടുത്താണ്. പെങ്ങന്മാരുടെ വിവാഹശേഷം ഉത്രജൻ വിദേശത്ത് പോകും. അവിടെയൊരു ജോലി ശരിയായിട്ടുണ്ട്."- അമ്മ രമാദേവി പറയുന്നു.

panjarathnangal55

ഫാഷൻ ഡിസൈനറായ ഉത്രയുടെ കൈപിടിക്കുക മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ എസ് അജിത്കുമാറാണ്. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ ജോലിയുള്ള അനസ്‌തേഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് വരനായെത്തുക കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ് താലികെട്ടുക. 

five-kkktf5e

1995 നവംബർ 19 നാണ് രമാദേവിക്ക് കന്നി പ്രസവത്തിൽ അഞ്ചു പൊന്നോമനകൾ പിറന്നത്. എസ്എടി ആശുപത്രിയിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിടുക്കന്മാരായ കുഞ്ഞുങ്ങൾ പുറത്തുവന്നത്. നാലു പെൺകുഞ്ഞും ഒപ്പം ഒരാൺകുട്ടിയും. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരിട്ടു.

five-kk8

പഞ്ചരത്നങ്ങളുടെ ഒമ്പതാം വയസ്സിലാണ് അച്ഛൻ പ്രേമകുമാറിന്റെ അപ്രതീക്ഷിത മരണം. ഇതോടെ അമ്മയും കുഞ്ഞുമക്കളും തനിച്ചായി. അക്കാലത്ത് കടുത്ത ഹൃദ്രോഗ ബാധിതയായിരുന്നു രമാദേവി. പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി രമാദേവി പിന്നീട് ജീവിച്ചത് മക്കൾക്ക് വേണ്ടി മാത്രമാണ്. കുടുംബത്തിന്റെ അരക്ഷിതാവസ്ഥയിൽ താങ്ങായി മാറിയത് കേരള സർക്കാരും. രമാദേവിയ്ക്ക് സർക്കാർ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചു. ഇപ്പോൾ സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ബിൽ കളക്ടറായി ജോലി നോക്കുകയാണ് രമാദേവി. 

uthara445
Tags:
  • Spotlight
  • Inspirational Story