Thursday 21 November 2019 04:16 PM IST

മിസ്റ്റർ കേരളയ്ക്ക് വധു ട്രാൻസ് യുവതി! അപൂർവ പ്രണയത്തിന്റെ കിരീടം ചൂടി പ്രവീണും ശിഖയും; അനുഗ്രഹ വർഷവുമായി കുടുംബവും കൂട്ടുകാരും

Binsha Muhammed

praveen-shikha

‘എടുത്തു ചാട്ടമെന്നും അവിവേകമെന്നും ധൈര്യമെന്നുമൊക്കെയുള്ളത് നിങ്ങളുടെ ഭാഷയാണ്. എനിക്കും ശിഖയ്ക്കുമിടയില്‍ പരന്നൊഴുകുന്ന ഭാഷയ്ക്ക് ഒറ്റ പേരേയുള്ളൂ... പ്രണയം. കണ്ണില്ലാത്ത പ്രണയമെന്ന് വിധിയെഴുതി കുത്തുവാക്കുകളുമായി ആരും ഈ വഴി വരേണ്ട. ഇവളെന്റെ പെണ്ണാണ്. എന്റെ മാത്രം പെണ്ണ്. അത് ഈ ലോകം കേൾക്കേ ഇനിയും ഉറക്കെ വിളിച്ചു പറയാൻ എനിക്കൊരു മടിയും ഇല്ലാ...’– അതു പറയുമ്പോൾ പ്രവീൺ ശിഖയുടെ കൈവിരലുകളെ ഹൃദയത്തോട് ചേർത്തു പിടിക്കുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും കേൾക്കില്ലെന്ന് കരുതിയ വാക്കുകൾ പ്രിയപ്പെട്ടവന്റെ നാവിൽ നിന്നു കേട്ടപ്പോൾ പെയ്തിറങ്ങാൻ കാത്തുനിന്ന മിഴീനിർ ശിഖയുടെ കവിളിനെ തലോടി.

ആരും കൊതിക്കുന്ന ഉടല‌ഴകുള്ളവൻ, സാക്ഷാൽ ‘മിസ്റ്റർ കേരള’ ഇരിങ്ങാലക്കുടക്കാരൻ പ്രവീൺ ജീവിത സഖിയായി ഒരു ട്രാൻസ് യുവതിയെ തെര‍ഞ്ഞെടുക്കുന്നു എന്നു കേട്ടപ്പോൾ ഭൂമി കീഴ്മേൽ മറിയുന്ന പ്രതീതിയായിരുന്നു ചിലർക്ക്. ഉപദേശിക്കാനും പിന്തിരിപ്പിക്കാനും നിരവധി പേരെത്തി. എന്ത് കണ്ടിട്ടാണ് ഈ ബന്ധം എന്ന് വീണ്ടും നൂറാവർത്തി ചോദ്യം? പ്രവീണിന് പറയാനുള്ളത് ഒരു മറുപടി മാത്രം, ‘ഇവളുടെ മനസു കണ്ടിട്ട്.’

ps-5

ട്രാൻസ്ജെൻഡർ കല്യാണം പുത്തരിയല്ലാതാകുന്ന കാലത്ത് ഇതാ വേറിട്ടൊരു പ്രണയ ഗാഥ. ട്രാൻസ് ജെൻഡർ യുവതിയെ ജീവിതഖിയാക്കിയ മിസ്റ്റർ കേരള ജേതാവ് പ്രവീണാണ് ചങ്കൂറ്റമുള്ള ആ കാമുകന്‍. പ്രവീണ്‍ നെഞ്ചിലേറ്റിയ ആ പ്രണയത്തിന്റെ പേര് ശിഖ. കാലങ്ങളായി ഒളിപ്പിച്ചു വച്ച പ്രണയം തിരശീലയ്ക്കു വെളിയിലേക്കു വരുമ്പോൾ ഇതാദ്യമായി ആ ഭാഗ്യജോഡികൾ ‘വനിത ഓൺലൈനോട്’ മനസു തുറക്കുകയാണ്. ഫെയ്സ്ബുക്ക് പ്രണയം ഒരു പൂത്താലിയുടെ പവിത്രതയിലേക്ക് മാറിയ നിമിഷത്തെക്കുറിച്ച്...

പ്രണയം ഫെയ്സ് ബുക്കിൽ വിവാഹം സ്വർഗത്തിൽ

ഇരിങ്ങാലക്കുട സ്വദേശിയാണ് പ്രവീൺ. ഞാൻ ആലപ്പുഴ ചുനക്കര സ്വദേശി. ജൂലായ് 18നാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അടുത്തതും അറിഞ്ഞതും ഫെയ്സ്ബുക്കിലൂടെ. നല്ല സുഹൃത്തുക്കളായിരുന്നു ഞാനും പ്രവീണും. പ്രണയത്തിന്റെ ലാഞ്ചന പോലുമില്ലാതെ വളർന്ന സൗഹൃദം. പക്ഷേ സൗഹൃദത്തിന്റെ ഏതോ പോയിന്റിൽ ഈ മനുഷ്യനെന്നോട് പ്രണയമായി.– ശിഖയാണ് പറഞ്ഞു തുടങ്ങിയത്.

ps-1

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന പ്രണയങ്ങളുടെ ആയുസും വിശ്വാസ്യതയും എനിക്ക് നന്നേ ബോധ്യമുണ്ടായിരുന്നു. അതു കൊണ്ട് ഞാൻ ഒരിക്കൽ പോലും പ്രവീണിനോട് പ്രണയം പറയുകയോ, അങ്ങനെ തോന്നിപ്പിക്കും വിധം പെരുമാറിയിട്ടോയില്ല. പോരാത്തതിന് എനിക്ക് മുപ്പത്തി നാല് വയസും പ്രവീണിന് 33 വയസും. പ്രവീണിന് എന്നോട് പ്രണയം തുടങ്ങിയെന്ന് ഒരു ദിനം ഞാൻ മനസിലാക്കി. കുടുംബശ്രീ പ്രവർത്തകർക്കു വേണ്ടി ഒരു ക്ലാസ് എടുക്കാൻ ഞാൻ പോയിരുന്നു. ഇടയ്ക്ക് പ്രവീൺ വിഡിയോ കോളിൽ വന്നു. അന്ന് അവിടെയുണ്ടായിരുന്ന പ്രവർത്തകർക്ക് എന്റെ ‘ഫ്രണ്ട്’ മിസ്റ്റർ കേരള എന്ന നിലയിൽ പരിചയപ്പെടുത്തി. പൊടുന്നനെ കക്ഷി ഫോൺ കട്ട് ചെയ്ത് പോയി. തിരികെ വിളിക്കുമ്പോഴാണ് മനസിൽ കെട്ടിപ്പൂട്ടി വച്ച പ്രണയം തിരിച്ചറിയുന്നത്. ‘നീ എന്റെ പെണ്ണാണെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു കഴിഞ്ഞു. ഇനിയും എന്നെ വെറുമൊരു ഫ്രണ്ട് ആക്കേണ്ട’ എന്ന് പ്രവീൺ സിനിമാ സ്റ്റൈലിൽ പറഞ്ഞപ്പോൾ അന്നാദ്യമായി എനിക്ക് മനസ്സിൽ ലജ്ജ തോന്നി. – പ്രണയം വിടർന്ന നാളുകളെ കുറിച്ച് ശിഖ.

ആദ്യമായ് കണ്ട നാൾ

ഞാനൊരു ട്രാൻസ് യുവതിയെ പ്രണയിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ വീട്ടില്‍ സ്വാഭാവികമായും എതിർപ്പുകളുണ്ടായി. ബന്ധുക്കൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു ശക്തിക്കു മുന്നിലും വേർപിരിക്കാനാകാത്ത വിധം ഞാൻ ശിഖയെ ഇഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം ശിഖയെ വിളിച്ച് ഇത്രയും നാൾ നേരിൽ കാണാതെ പ്രണയിച്ചു. ഇനിയൊന്ന് നേരിൽ കണ്ടൂടേ എന്ന് ഞാൻ ചോദിച്ചു. അന്ന് അവൾ പറഞ്ഞ മറുപടി, എന്നെ കാണാൻ വരുന്നുണ്ടെങ്കിൽ ഒരു താലിച്ചരടും കൊണ്ട് വരണമെന്നാണ്. വെറുതേ നേരമ്പോക്ക് പ്രണയമായി ഇതിനെ കാണാൻ അവൾക്ക് താത്പര്യമില്ലായിരുന്നു. നേരിൽ കണ്ടിട്ട് വേണ്ടെന്നു വച്ചു കളയുന്ന ടിപ്പിക്കൽ ഓൺലൈൻ പ്രണയം പോലെ കാണാൻ അവൾക്ക് ആകുമായിരുന്നില്ല. പറഞ്ഞതു പ്രകാരം ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് ഞാനും അവളും നേരിട്ടു കണ്ടു, ആദ്യമായി. പിറ്റേന്ന് തൃശൂർ മാരിയമ്മൻ കോവിലിൽ വച്ച് ഞാനവൾക്ക് താലിചാർത്തി, എന്റെ ജീവിത സഖിയാക്കി.– പ്രവീൺ പറയുന്നു.

ps-3

ഒളിച്ചുവച്ച പ്രണയം

സ്വത്വവും സ്വാതന്ത്ര്യ പ്രഖ്യാപനവും മറച്ചു പിടിച്ചവളല്ല ഞാൻ. എന്റെ വിവാഹം എന്റെ വീട്ടുകാരുടെ അനുമതിയോടെ തന്നെ നടന്നു. പക്ഷേ പ്രവീണിന്റെ സ്ഥിതി അതല്ലായിരുന്നു. പല വിധ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ വിവാഹം രഹസ്യമായി സൂക്ഷിക്കണം എന്ന് പ്രവീൺ എന്നോട് പറഞ്ഞു. ജനുവരിയിൽ മിസ്റ്റർ ഇന്ത്യ കോമ്പറ്റീഷൻ വരാനിരിക്കുകയാണ്. അതുവരെ ഈ ബന്ധം രഹസ്യമായി ഇരിക്കട്ടേയെന്ന് ആവശ്യപ്പെട്ടു. ഞാനും ഓകെ ആയിരുന്നു. പക്ഷേ ഒരു കാരണം കൊണ്ടും ഞങ്ങളുടെ പ്രണയം ഒളിച്ചു വയ്ക്കാൻ പ്രവീണിനെ മനസ് അനുവദിച്ചില്ല. കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ പ്രവീൺ ആ രഹസ്യം പുറത്തുവിട്ടു. കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ ഇരുവരുടേയും വിവാഹ ഫൊട്ടോ പോസ്റ്റ് ചെയ്തു. എതിർപ്പുകളുടേയും കുത്തുവാക്കുകളുടേയും ഘോഷയാത്രയായിരുന്നു പിന്നീട്.

ps-7

അവഗണിച്ചവർ ആശീർവാദവുമായി

എന്റെ പെണ്ണ് എന്റെ കൂടെ...എന്റെ വീട്ടിൽ...ഈ ഉറച്ച തീരുമാനം എടുത്തത് ഞാനാണ്. വീട്ടുകാരുടെ എതിർപ്പും പതിയെ പതിയെ കുറഞ്ഞു വന്നു. അവൾക്കായി എന്റെ വീടിന്റെ വാതിലുകൾ തുറന്നിടുന്നതും പിന്നീട്. ഏതു നിമിഷത്തിൽ ആണ് ആ തീരുമാനം എടുത്തത് എന്ന് പലരും ചോദിക്കും. ഒളിച്ചുവച്ചും മറച്ചു വച്ചും ജീവിതം തുടർന്നാൽ അങ്ങനെ തന്നെ ഞങ്ങളുടെ ജീവിതം ഒടുങ്ങിപ്പോയേനെ. അമ്മയും അനിയനും ഒടുവിൽ എന്റെ തീരുമാനത്തിനൊപ്പം നിൽക്കുവാണ്. രഹസ്യക്കല്ല്യാണത്തിന്റെ സ്ഥാനത്ത് വീണ്ടും ഞങ്ങൾ താലികെട്ടുന്നത് അങ്ങനെയാണ്. ജോത്സ്യൻ കുറിച്ച മുഹൂർത്തത്തിൽ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തില്‍ വച്ച് ഞാൻ വീണ്ടും ഇവളുടെ കഴുത്തിൽ താലി ചാർത്തി. ഇക്കുറി എന്റെ അച്ഛനും അമ്മയും അടക്കം എന്നേയും അവളേയും സ്നേഹിക്കുന്നവർ ആ ചടങ്ങിനെത്തിയിരുന്നു.– പ്രവീണിന് അഭിമാനം.

ps-2

സന്തോഷം എന്തെന്നാൽ ഒരു മരുമകളെ എങ്ങനെ സ്വീകരിക്കുമോ എതു പോലെ തന്നെയാണ് എല്ലാ എതിർപ്പുകളും മറന്ന് പ്രവീണിന്റെ അമ്മ എന്നെ സ്വീകരിച്ചത്. എല്ലാം കാണുമ്പോൾ എന്റെ അമ്മ സന്തോഷം കൊണ്ട് കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. ട്രാൻസ് കല്യാണങ്ങൾ ആവോളം നിങ്ങൾ കേട്ടിട്ടുണ്ട്. ആഘോഷിച്ചിട്ടുണ്ട്. അതെല്ലാം ഒരേ കമ്മ്യൂണിറ്റിയിൽ നിന്നായിരുന്നു. പക്ഷേ ഇവിടെ മറുവശത്ത് നിൽക്കുന്നത് ജന്മനാ പുരുഷനാണ്. എതിർപ്പുകളും പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും അതിന്റെ മാക്സിമം ആയിരിക്കും. പക്ഷേ എല്ലാം വഴിമാറി. എന്റെ പ്രണയത്തിനു മുന്നിൽ. പ്രവീണിന്റെ ചങ്കുറപ്പിനു മുന്നിൽ. സന്തോഷത്തോടെ ജീവിക്കുക..അവസാന കാലം വരെ. അതാണ് ഞങ്ങളുടെ സ്വപ്നം. – ശിഖയുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കമായിരുന്നു അപ്പോൾ.

ps-4
Tags:
  • Relationship