Tuesday 28 December 2021 12:55 PM IST : By സ്വന്തം ലേഖകൻ

അയൽവീട്ടിൽ ഉണങ്ങാൻ ഇട്ടിരുന്ന സാരി മോഷ്ടിച്ചു ഭാര്യക്കു നൽകി: വിവാഹത്തിനു പോയപ്പോൾ ഉടമ പിടികൂടി: ജയാനന്ദന്റെ തുടക്കം

ripper-54

ജയാനന്ദൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നതു സാരി മോഷണത്തിലൂടെ. അയൽവീട്ടിലെ മട്ടുപ്പാവിൽ ഉണങ്ങാനിട്ടിരുന്ന സാരി മോഷ്‌ടിച്ചു ഭാര്യക്കു നൽകുകയായിരുന്നു. പിന്നീടൊരിക്കൽ ഈ സാരിയുടുത്തു ഭാര്യ വിവാഹത്തിനു പോയപ്പോൾ സാരിയുടെ യഥാർഥ ഉടമ പിടികൂടി.  എട്ടാം ക്ലാസിൽ പഠനം മതിയാക്കിയ ജയാനന്ദന് ഉൾനാടൻ മീൻപിടിത്തമായിരുന്നു തൊഴിൽ. കൊടുങ്ങല്ലൂർ കാവിൽക്കടവിലായിരുന്നു താമസം.ഇവിടെ ഒരു വീട്ടമ്മയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ ജയാനന്ദൻ ശ്രമിച്ചിരുന്നു.

 ഒട്ടേറെ ആഭരണങ്ങൾ ധരിച്ചു പുറത്തിറങ്ങുന്ന സ്ത്രീയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവരാനായിരുന്നു പദ്ധതി. എന്നാൽ പുലർച്ചെ സ്ത്രീയുടെ വീടിനരികെ കയ്യിൽ ഇലക്ട്രിക് വയറും ടെസ്‌റ്ററുമായി  ജയാനന്ദനെ നാട്ടുകാർ കണ്ടതോടെ പദ്ധതി പൊളിഞ്ഞു. പ്രതി അകത്തുമായി. മാള പുളിപറമ്പിൽ പഞ്ഞിക്കാരൻ ജോസിന്റെ കൊലപാതകമാണു റിപ്പർ മോഡൽ കൊലപാതക പരമ്പരയിൽ ആദ്യത്തേത്. 

തുടർന്നു 2004ൽ മാള പള്ളിപ്പുറത്തു രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി. ഒരു സ്ത്രീക്കു ഗുരുതരമായി പരുക്കേറ്റു.2004 ഒക്ടോബറിൽ പെരിഞ്ഞനം കുറ്റിലക്കടവിൽ ദമ്പതികളെ കൊലപ്പെടുത്തി. പുത്തൻവേലിക്കര ദേവകി കൊലക്കേസിലും പറവൂരിൽ വിദേശ മദ്യഷാപ്പിലെ കാവൽക്കാരനെ  ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയായി. തെളിവുകൾ ഇല്ലാതാക്കാനാണ് ഇരകളെ കൊലപ്പെടുത്തുന്നത്. കൊല കഴിഞ്ഞാൽ ചെമ്മീൻ കെട്ടുകളിലും പാടശേഖരങ്ങളിലും ഇയാൾ കറങ്ങിനടക്കും.

വെളിപ്പെടുത്തൽ വിശ്വസ്തനോട്

കൊച്ചി∙ പോണേക്കര കേസിൽ ജയാനന്ദൻ ആദ്യം മുതൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. കുറ്റകൃത്യം ചെയ്ത രീതിയാണു സംശയം ജനിപ്പിച്ചത്. ഇരകളെ തലയ്ക്കടിച്ചു സ്വർണം കവരുകയും കൊലപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയും ചെയ്യുന്ന പ്രതികളിൽ ആദ്യ പേരുകാരനായിരുന്നു ജയാനന്ദൻ. എന്നാൽ, പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല. 

ഇതോടെയാണു ജയാന്ദന്റെ വിശ്വാസം നേടി വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടു മറ്റൊരു തടവുകാരനെ നിയോഗിച്ചത്. ഇയാളെ ജയാനന്ദനൊപ്പം അതിസുരക്ഷാ സെല്ലിലേക്കു മാറ്റുകയും ചെയ്തു. ഏറെ വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണു ‘വിശ്വസ്തനോട്’ ജയാനന്ദൻ മനസ്സുതുറന്നതെന്നാണു വിവരം. വിവരങ്ങൾ ഉടനടി ക്രൈംബ്രാഞ്ചിനു കൈമാറിയ തടവുകാരനെ തുടർന്നു മജിസ്ട്രേട്ടിനു മുന്നിലെത്തിച്ചു രഹസ്യമൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

More