Saturday 05 September 2020 05:07 PM IST

ഇത്രയും നാളായിട്ടും ബഹുമാനം ഞാൻ ഡിമാന്റ് ചെയ്തിട്ടില്ല. എന്നെ കണ്ടപ്പോൾ എഴുന്നേറ്റില്ല, ഗുഡ് മോർണിങ്ങ് പറഞ്ഞില്ല...അതൊന്നും എനിക്് പ്രശ്നമല്ല ; മഹാരാജാസിന്റെ ഓർമളിൽ രോഹിണി ചേച്ചി

Shyama

Sub Editor

miss

അതീവ പ്രതിഭയുള്ളൊരു അധ്യാപികയായതു കൊണ്ടോ വളരെ മികച്ച ക്ലാസുകൾ എടുത്തതു കൊണ്ടോ അല്ല കുട്ടികൾ എന്നെ സ്നേഹിക്കുന്നത്, അങ്ങനെയുള്ളതൊന്നും എനിക്ക് അവകാശപ്പെടാനുമില്ല. കുട്ടികൾ സ്നേഹിക്കുന്നത് അവരിൽ ഒരാളായി അവർക്കെന്നെ കാണാൻ കഴിയുന്നതു കൊണ്ടാകാം...

സെപ്റ്റംബർ 5 അധ്യാപക ദിനം. ഇന്ത്യയിൽ ഈ ദിവസം അധ്യാപക ദിനമായി ആചരിക്കുന്നത് മുൻ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിവസമാണ്. 16 തവണ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരത്തിനായും 11 തവണ സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിനായും നോമിനേറ്റ് ചെയ്യപ്പെട്ട ഈ പ്രതിഭ പക്ഷേ, ഏറ്റവും കൂടുതൽ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയത് വിദ്യാർഥികളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്ന് നിലയ്ക്കാണ്. മദ്രാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കെ റെയിൽവേ േസ്റ്റഷനിൽ നിന്ന് മൈസൂർ യൂണിവേഴ്സിറ്റി വരെ വിദ്യാർഥികൾ പ്രിയപ്പെട്ട അധ്യാപകന് പുഷ്പരഥം വരെ ഉണ്ടാക്കി എതിരേറ്റു കൊണ്ടു വന്ന ചരിത്രം വരെയുണ്ട്.

വിദ്യാർഥികളുടെ മനസ്സിൽ ഇടം നേടുന്ന അധ്യാപകർ ഭാഗ്യം ചെയ്തവർ തന്നെയെന്നതിൽ സംശയമില്ല. പഠിപ്പിച്ച കുട്ടികളും ഒരിക്കലും പഠിപ്പിക്കാത്തവർ പോലും സ്നേഹം കൊണ്ട് പൊതിയുന്നൊരു ടീച്ചറാണ് ഇക്കഴിഞ്ഞ മാർച്ചിൽ മഹാരാജാസിൽ നിന്ന് വിരമിച്ച രോഹിണി ടീച്ചർ. പ്രായം കൂടിയവരും കുറഞ്ഞവരും ഒക്കെ സ്നേഹം കൊണ്ട് ‘രോഹിണി ചേച്ചി’ എന്നു വിളിക്കുന്നൊരു അധ്യാപിക. ‘‘ഞാൻ ക്ലാസെടുത്തതിന്റെയോ എനിക്കുള്ള എന്തെങ്കിലും പ്രത്യേക കഴിവു കൊണ്ടോ ഒന്നുമല്ല എനിക്കിത്രയും സ്നേഹം കിട്ടുന്നത്. ടീച്ചിങ്ങിന്റെ കാര്യത്തിൽ അത്ര വല്യ സംഭവമൊന്നുമായിരുന്നില്ല ഞാൻ എന്ന് എനിക്ക് നന്നായിട്ടറിയാം. അക്കാര്യത്തിൽ ഞാൻ തന്നെ അഡ്മയർ ചെയ്യുന്ന ഒരുപാട് അധ്യാപകർ ഉണ്ട്. കുട്ടികളുടെ മനസ്സിലേക്ക് കയറാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാൻ അവരിലൊരാളാവാനാണ് എപ്പോഴും ശ്രമിച്ചത്. സിംപതി എന്ന ഗുണമാണ് നമുക്ക് പ്രധാനമായും വേണ്ടത്, എന്നു കരുതുന്ന ആളാണ് ഞാൻ. എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അത് പഠനത്തിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യത്തിലായാലും. ഞാനും അതിലൂടെയൊക്കെ കടന്നുപോയൊരാളാണ്. അറിവില്ലായ്മയും മണ്ടത്തരങ്ങളും ഒക്കെ നമുക്ക് ഉണ്ടായേക്കാം, പെർഫെക്റ്റായ ആളുകൾ എവിടെയാണുള്ളത്? അതു കൊണ്ട് അതിൽ നിന്നൊക്കെ പാഠം പഠിച്ച് മികച്ചതാവാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഒരു കാരണവശ്ശാലും ഇത്രയും നാളായിട്ടും ബഹുമാനം ഞാൻ ഡിമാന്റ് ചെയ്തിട്ടില്ല. എന്ന കണ്ടപ്പോൾ എഴുന്നേറ്റില്ല, ഗുഡ് മോർണിങ്ങ് പറഞ്ഞില്ല...അതൊന്നും എനിക്് പ്രശ്നമല്ല. ബഹുമാനം ചോദിച്ചു വാങ്ങേണ്ട കാര്യമേയല്ല. ഡിസിപ്ലിൻ വേറെ ഇതു വേറെ. ക്ലാസിൽ ബഹളമുണ്ടാക്കുമ്പോൾ നമ്മൾ പ്രതികരിക്കും. കാരണം അതെന്റെ വ്യക്തിപരമായ കാര്യമല്ല, അത്രയും കുട്ടികളെ ബാധിക്കുന്ന കാര്യമാണ്.

tt1
Photo : Shahid manakkappadi

അതുപോലെ നമുക്ക് മുന്നിൽ വരുന്ന എല്ലാ കുട്ടികളേയും നമ്മൾ നേർവഴിക്കാക്കി കൊടുക്കണം എന്ന ചിന്തയുമില്ല. കുട്ടികളുടെ വഴികാട്ടിയാവുക എന്നു പറയുമ്പോൾ നമ്മളാരും എല്ലാ വഴികളും കണ്ടിട്ടില്ല, നടന്നു നോക്കിയിട്ടുമില്ല. അതു കൊണ്ട് ഒരാൾ പുതിയൊരു വഴി നടക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ നമ്മളാരാണ്? അനുഭവത്തിന്റെ വെളിച്ചത്തിൽ അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കാം. അത്ര തന്നെ. അതുകൊണ്ട് അധ്യാപനം എന്നാൽ ഡിവൈൻ ആണ് എന്ന് കോൺസെപ്റ്റ് ഒന്നും എന്നെ ബാധിക്കാറില്ല. ആർക്കും മറ്റുള്ളവർക്കുള്ള വഴികളാവാൻ പറ്റില്ല, വഴിവിളക്കാകാൻ കഴിഞ്ഞേക്കും.

മഹാരാജാസ് ആണ് എന്റെ വിലാസം എന്ന് തോന്നാറുണ്ട്

1986ൽ പഠനം കഴിഞ്ഞെങ്കിലും ക്ലാസ് എടുത്ത് തുടങ്ങുന്നത്, 1993 ജനുവരിയിലാണ്. ഗസ്റ്റായിട്ടായിരുന്നു തുടക്കം. ഗവൺമന്റ് സർവീസിൽ കയറുന്നത് 2001ല്‍ പെരുന്തൽമണ്ണ പി.ടി.എം. ഗവൺമെന്റ് കോളജിലായിരുന്നു ആദ്യ നിയമനം. പിന്നെ കളമശ്ശേരി പോളിടെക്നിക്ക്, പെരുമ്പാവൂർ പോളിടെക്നിക് എന്നിവിടങ്ങളിൽ വർക്ക് ചെയ്തു. 2004 ജൂണിലാണ് മഹാരാജാസിൽ ആദ്യത്തെ സ്ഥിര നിയമനം. അതിനിടയ്ക്ക് അഞ്ച് മാസത്തേക്ക് തൃപ്പൂണിത്തറയിൽ ജോലി ചെയ്തു തിരികെ വന്നു. പിന്നെ 2015ൽ മഹാരാജാസിൽ നിന്ന് പോയിട്ട് 2017ൽ തിരിച്ചു വന്നു. ഈ മാർച്ച് 31നാണ് റിട്ടയർ ചെയ്തത്. കൊറോണ കാരണം വീട്ടിലിരുന്ന് റിട്ടയർ ചെയ്തു എന്നൊരു പദവിയും കിട്ടി... (രോഹിണി ടീച്ചറിന്റെ പൊട്ടിച്ചിരി). മെയ്യിൽ കോളജ് കാണാൻ വേണ്ടി തന്നെയൊന്ന് പോയി. സ്വന്തമായി വണ്ടിയില്ലാത്ത് കൊണ്ട് ഓട്ടോ കിട്ടിയപ്പോഴാണ് പോയത്. ഒന്ന് നടന്നിട്ട് തിരികെ പോന്നു...

മാഹാരാജാസിൽ കൂടുതലും യൂത്ത്ഫെസ്റ്റിവലുകളിലൂടെയാണ് ഇത്രയേറെ സൗഹൃദങ്ങളും സ്നേഹവും ഉണ്ടായിട്ടുള്ളത്. കുടുബമില്ല, കുട്ടികളില്ല... അതുകൊണ്ട് വിദ്യാർഥികൾക്കൊപ്പം പോകാൻ തടസങ്ങളുണ്ടായില്ല. ഡ്യൂട്ടിയെക്കാൾ ഞാൻ ആസ്വധിച്ചു ചെയ്തിരുന്ന യാത്രകളും തയ്യാറെടുപ്പുകളുമായിരുന്നു അതൊക്കെ. പഠിക്കുന്ന കാലത്ത് ഞാൻ പോകണം, കാണണം എന്നൊക്കെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആഗ്രഹങ്ങളാണ് രൂപം മാറി വീണ്ടും അവസരങ്ങളായി മുന്നിൽ വന്നത്. പഠിക്കുന്ന സമയത്ത് എന്റെ അനിയനൊക്കെ പോയി കണ്ട് വന്നിട്ട് വിശേഷം പറയും...ഞങ്ങൾക്ക് സമ്മാനം കിട്ടി... റോഡിലൂടെ പാട്ടും പാടി നടന്നു എന്നൊക്കെ . അത് കേൾക്കുമ്പോൾ അങ്ങനെയൊക്കെ ചെയ്യാൻ കൊതിച്ചിട്ടുണ്ട്... അന്ന് നമുക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിലും (ഞാനങ്ങനെ ഒന്നിനും പങ്കെടുത്തിരുന്നൊന്നുമില്ല) പെൺകുട്ടികളെ രാത്രി വരെ വിടില്ല, കൊണ്ടപോകാനും കൊണ്ടു വരാനും ആളില്ല, മറ്റ് പല തടസങ്ങള്‍ ഒക്കെയുണ്ടായിരുന്നു. വിരമിക്കുന്നതിനു തൊട്ട് മുൻപുള്ള പരിപാടികൾക്ക് അത്രയ്ക്ക് നിന്നിട്ടില്ല, ആരോഗ്യം അനുവദിച്ചിരുന്നില്ല.

4334
Photo : Shahid manakkappadi

മഹാരാജാസിൽ മാത്രമല്ല, എവിടെ പോയാലും കുട്ടികളുടെ കൂട്ടം എപ്പോഴും ഒപ്പമുണ്ട്. മഹാരാജാസിൽ ‘രോഹിണിച്ചേച്ചി’ എന്നൊരു പരിവേഷമുണ്ട്, അതൊന്നുമില്ലാതിരുന്ന സമയത്ത് ആദ്യം പഠിപ്പിച്ചിരുന്ന പെരിന്തൽമണ്ണയിലും തൃപ്പൂണിത്തറ കോളേജിലും ഒക്കെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന കുട്ടികൾ അന്നും ഇന്നുമുണ്ട്. എന്നാലും എന്റെ കാര്യം ചോദിച്ചാൽ എനിക്ക് എന്റെ ഇടം എന്ന് പറഞ്ഞാൽ ആദ്യം നാവിൽ വരുന്നത് മഹാരാജാസ് എന്നാണ്. വളരെ ഒതുങ്ങി ജീവിച്ച എന്നെപോലെയൊരാൾക്ക് തുറന്ന് കിട്ടിയ വലിയൊരു ലോകമാണത്. അതുകൊണ്ടാണ് മഹാരാജാസ് ഗ്രിൽ ഇട്ട് അടയ്ക്കുന്നു എന്നു പറയുമ്പോൾ വിഷമം വരുന്നത്. അത് വെറുമൊരു കെട്ടിടമല്ല. അതിർ വരമ്പുകളില്ലാതെ ചിന്തിക്കാനും സഞ്ചരിക്കാനുമാണ് നമ്മൾ എപ്പോഴും പഠിക്കേണ്ടത്. വികസനം വേണ്ട എന്നല്ല, എന്നാലും സത്വം എടുത്ത് മാറ്റിയല്ല വികസനം വരേണ്ടത്. എല്ലാവരേയും സ്വീകരിക്കുന്ന ഇടം എന്നതാണ് ആ കോളജിനെ അതാക്കി നിർത്തുന്നത്. ആ കോളേജ് കാരണമാണ് മറ്റെവിടെപ്പോയാലും അവിടെയൊക്കെ എനിക്ക് ചേർന്ന് പോകാൻ കഴിയുന്നത്. വലിയ കവികളും സിനിമാക്കാരും ഒക്കെയുള്ളപ്പോഴും ഈ കോളേജ് ഓരോരുത്തർക്കും അവരവരുടെ ഇടം തന്നിരുന്നു, ആരും അവിടെ അദൃശ്യരായി പോകുന്നില്ല. ഇവിടെ പഠിക്കാത്ത കുട്ടികൾ പോലും ‘നമ്മുടെ കോളജ്’ എന്ന് പറയുന്ന ഒരു വികാരം അതിനുണ്ട്.

ഇപ്പോഴും എന്റെ സ്ഥലമേതാണ് ആരാണ് എന്നൊക്കെ എന്നോട് ചോദിച്ചാൽ ഞാൻ പറയുന്നത് മഹാരാജാസുകാരിയാണ് എന്നാണ്. കോളേജിന്റെ സ്റ്റാഫ്റൂമുകളെക്കാളേറെ അവിടുത്ത മരച്ചുവടുകളിലും കൽപ്പടവുകളിലും ഇരിക്കുന്ന രോഹിണി ടീച്ചർ ആ തണലിന്റെ ഓർമകളിലേക്ക് തിരികെ നോക്കി നിൽക്കുന്നു... ഫെയ്സ്ബുക്കിൽ ടീച്ചറുടെ പെയ്ജിൽ പറന്നകന്ന പക്ഷികളുടെ എണ്ണമറ്റാത്ത സന്ദേശങ്ങക്കലമ്പലുകൾ...

Tags:
  • Spotlight