Tuesday 30 November 2021 04:06 PM IST : By സ്വന്തം ലേഖകൻ

‘സൈജു പിന്തുടർന്നിരുന്നില്ലെങ്കിൽ മൂന്നുപേരും ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു; റഹ്മാൻ ശ്രമിച്ചത് രക്ഷിക്കാൻ’: പ്രോസിക്യൂഷൻ കോടതിയിൽ

modelssssdeath7755vuiuu

മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. മോഡലുകളുടെ മരണത്തിനു കാരണം സൈജു പിന്തുടർന്നതാണ് എന്നത് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.

പെൺകുട്ടികളെ ഇയാളിൽനിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അബ്‌ദുൽ റഹ്മാൻ അതിവേഗത്തിൽ വാഹനം ഓടിച്ചത് എന്നും പ്രോസിക്യൂഷൻ പറയുന്നു. സൈജു വാഹനവുമായി പിന്തുടർന്നിരുന്നില്ലെങ്കിൽ മൂന്നുപേരും ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. കേസിൽ ഒന്നാം പ്രതിയാകേണ്ടത് സൈജു തങ്കച്ചനാണ് എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയത്. കാട്ടുപോത്തിനെ വെടിവച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ ഉള്ള കാര്യം കോടതി എടുത്തു ചോദിച്ചു. റിമാൻഡ് റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളുടെ സാഹചര്യത്തിലാണ് ഇയാളെ മൂന്നു ദിവസത്തേക്കു കൂടി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്. 

‘സൈജു ലഹരിക്കടിമ; ചാറ്റിൽ കണ്ടത് കുറ്റകൃത്യങ്ങൾ’

മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചൻ പിന്തുടർന്നതാണ് എന്നു വ്യക്തമാക്കി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. ഇയാൾ ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായി. ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണ് എന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു.

സൈജുവിന്റെ സ്വഭാവം സംബന്ധിച്ച അന്വേഷണത്തിൽ, നിയമവിരുദ്ധമായ ഒരുപാടു കാര്യങ്ങൾ കണ്ടെത്തി. സൈജുവിന്റെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നതു പരിഗണനയിലുണ്ട്. ഇയാളുടെ അതിക്രമത്തിന് ഇരയായവർ ആരെങ്കിലും മുന്നോട്ടു വന്നാൽ പരാതി സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് ഗൗരവമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസ് തീരുമാനം. 

Tags:
  • Spotlight