Friday 03 December 2021 02:57 PM IST : By സ്വന്തം ലേഖകൻ

ശരണ്യയുടെ ദേഹത്ത് തീ പടർന്നു; തീ അണയ്ക്കാന്‍ ഭർത്താവ് ലിനീഷ് വിസമ്മതിച്ചതായി അയൽവാസിയുടെ മൊഴി, കേസെടുത്തു

ladydeathwb.jpg.image.845.440

കോഴിക്കോട് പുതിയാപ്പയില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മരണപ്പെട്ട ശരണ്യയുടെ വീട്ടുകാരുടെ പരാതിയിലാണ് ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 

നവംബര്‍ 13ന് പുലര്‍ച്ചെയാണ് പുതിയാപ്പയിലെ ഭര്‍തൃവീട്ടില്‍ ശരണ്യ തീപൊള്ളലേറ്റ് മരിച്ചത്. ശരണ്യയുടെ ദേഹത്ത് തീപിടിച്ചപ്പോള്‍ അണയ്ക്കാന്‍ ഭര്‍ത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന് അയല്‍വാസി പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടർന്ന് മകളുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്ന് കാണിച്ച് ശരണ്യയുടെ കുടുംബം വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കി. 

കോഴിക്കോട് ടൗണ്‍ എസിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലിനീഷ് അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ശരണ്യയെ മര്‍ദ്ദിച്ചിരുന്നുവെന്ന് ലിനീഷ് സമ്മതിച്ചു. കേസില്‍ തുടര്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ശരണ്യയുടെ മരണത്തില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു. ശരണ്യയുടെ മരണസമയത്ത് വീട്ടിലുണ്ടായിരുന്ന ലിനീഷിന്റെ ബന്ധുവായ സ്ത്രീയെ അടുത്തിടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലും ദുരൂഹത ഉണ്ടെന്ന് ശരണ്യയുടെ കുടംബം ആരോപിക്കുന്നു.

Tags:
  • Spotlight