Wednesday 17 November 2021 03:44 PM IST : By സ്വന്തം ലേഖകൻ

‘കാൻസർ വരിഞ്ഞു മുറുക്കിയത് രണ്ടുവട്ടം, ഒറ്റപ്പെടലിന്റെ നാളുകൾ’: ശരതിന്റെ അതിജീവന കഥയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം

sarath-417

കാര്‍ന്നു തിന്നുന്ന കാന്‍സറിനെ കരളുറപ്പു കൊണ്ട് നേരിടുന്ന ശരതിന്റെ കഥ സോഷ്യൽ മീഡിയക്ക് സുപരിചിതമാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതെ പകച്ചു നിന്ന ശരതിന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായമായിരുന്നു കാൻസർ. കീമോയിൽ ഉടഞ്ഞു പോയ ദേഹവും ഭാരിച്ച ചികിത്സ ചെലവുകളും ജീവിത താളം തെറ്റിച്ചപ്പോഴും ശരത് തോറ്റു കൊടുത്തില്ല. വേദനിപ്പിച്ച കാൻസറിനെ ചങ്കുറപ്പോടെ തന്നെ നേരിട്ടു. വേദന നിറഞ്ഞ ആ ജീവിതത്തിലേക്ക് ഇപ്പോഴിതാ അംഗീകാരത്തിന്റെ വെള്ളിവെളിച്ചമെത്തുകയാണ്. കാൻസർ പകുത്തു നൽകിയ നീറുന്ന ഓർമകളും ശരതിന്റെ അതിജീവനവും പ്രമേയമായ ‘റെയ്സ് യുവർ ബ്രേവ് വിങ്സ്’ എന്ന പുസ്തകത്തെ തേടിയാണ് അപൂർവ നേട്ടമെത്തിയത്.

‘ജീവിതത്തിലെ ഏതവസ്ഥയിലും പ്രതീക്ഷ കൈവിടരുത് എന്നും പ്രത്യാശയോടെ മുന്നോട്ട് പോകണമെന്നും നിർബന്ധമുള്ള ഒരു വ്യക്തി കൂടിയാണ് ഞാൻ. കാൻസർ വന്നതിനുശേഷമുള്ള കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്രയോ പ്രതിസന്ധികളും പ്രശ്നങ്ങളും ഞാൻ നേരിട്ടു. മാനസികമായും ശാരീരികമായും സാമ്പത്തികമായും എത്രയോ വെല്ലുവിളികൾക്കെതിരെ പോരാടാൻ എനിക്ക് കഴിഞ്ഞു. ഓരോ പോരാട്ടവും എന്റെ ഉള്ളിലെ പോരാളിയെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്.’– അംഗീകാരം ലഭിച്ച സന്തോഷം പങ്കിട്ട് ശരതിന്റെ വാക്കുകൾ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് നിങ്ങളിൽ പലരും അറിഞ്ഞു കാണും.ഇന്ന് ആ പുരസ്കാരം എന്റെ കൈകളിലെത്തി. കാൻസർ പോരാട്ടത്തിനിടയിൽ എനിക്ക് കിട്ടിയ ഓരോ പുരസ്കാരവും ജീവിതത്തിലെ നാഴികക്കല്ലുകൾ ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.

എന്റെ അക്ഷരങ്ങളും എഴുത്തും ഇതിനോടകം എത്രയോ പുരസ്കാരങ്ങൾ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു, ആ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെയാണ് എന്റെ കൈകളിൽ എത്തിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഈ പുരസ്കാരവും.

ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നുള്ളതല്ല പ്രധാനം ആ സംഭവങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനാണ് പ്രാധാന്യം. കാൻസർ എന്ന വില്ലൻ എന്റെ ജീവിതത്തിലേക്ക് രണ്ടു വട്ടവും കടന്നുവന്നപ്പോൾ വ്യത്യസ്തമായിരുന്നില്ല എന്റെ സമീപനവും. കാൻസറിനെ പേടിക്കുക യോ ക്യാൻസർ വന്നതിന്റെ പേരിൽ

നിരാശയിൽ ജീവിതം തള്ളി നീക്കാനോ ഞാൻ തയ്യാറായിരുന്നില്ല. ഒരു രോഗി എന്ന പേരിൽ മടിപിടിച്ച് അസ്വസ്ഥനായി ഇരിക്കാൻ ഒരു നേരവും ഞാൻ ആഗ്രഹിച്ചില്ല. ജീവിതത്തിൽ ഇനിയും എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യാൻ സാധിക്കുമെന്നും

അതിനുവേണ്ടി പരിശ്രമിക്കണമെന്നും എനിക്ക് തോന്നി. എന്റെ ജീവിതത്തെ, സംഘർഷങ്ങളെ എഴുത്തിലൂടെ ഞാൻ സാധൂകരിച്ചു. എനിക്ക് പറയാനുള്ളതെല്ലാം അക്ഷരങ്ങളിലൂടെ ഞാൻ ഈ ലോകത്തോട് വിളിച്ചു പറഞ്ഞു, ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതത്തിലെ ഏതവസ്ഥയിലും പ്രതീക്ഷ കൈവിടരുത് എന്നും പ്രത്യാശയോടെ മുന്നോട്ട് പോകണമെന്നും നിർബന്ധമുള്ള ഒരു വ്യക്തി കൂടിയാണ് ഞാൻ. കാൻസർ വന്നതിനുശേഷമുള്ള കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്രയോ പ്രതിസന്ധികളും പ്രശ്നങ്ങളും ഞാൻ നേരിട്ടു. മാനസികമായും ശാരീരികമായും സാമ്പത്തികമായും എത്രയോ വെല്ലുവിളികൾക്കെതിരെ പോരാടാൻ എനിക്ക് കഴിഞ്ഞു. ഓരോ പോരാട്ടവും എന്റെ ഉള്ളിലെ പോരാളിയെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്. തള്ളി പറഞ്ഞവരും ഒറ്റപ്പെടുത്തിവരും ഒരുപാടാണ് ഒപ്പം തന്നെ സ്നേഹിച്ചവരും കൂടെ നിന്നവരും ഉണ്ട്. എല്ലാത്തിനുമുപരി ഏതു പ്രതിസന്ധിയിലും എന്റെവാക്കും ആയുധവുമായി എന്നോടൊപ്പം നിന്ന എന്റെ ഭാര്യയും. കാലിടറും എന്ന് തോന്നിയ സാഹചര്യങ്ങളിലെല്ലാം എൻറെ കാലായി മാറിയവൾ. എനിക്കുവേണ്ടി എന്റെ ഭാര്യ നേരിട്ട കഷ്ടപ്പാടുകൾക്ക് നന്ദി എന്ന രണ്ടക്ഷരം പറഞ്ഞാൽ മാത്രം പോരാ എന്റെ ജീവിതം കൊണ്ടു തന്നെ ഞാനവളോട് കടപ്പെട്ടിരിക്കും.

നിങ്ങൾ ജീവിതത്തിൽ എത്ര കാത്തിരുന്നിട്ടും അത്ഭുതങ്ങൾ ഒന്നും നടന്നില്ല എങ്കിൽ സ്വയം ഒരു അത്ഭുതം ആകാൻ നിങ്ങൾക്ക് സാധിക്കണം. ഇന്നലെ എന്നത് ഓർമ്മയും നാളെ എന്നത് പ്രതീക്ഷയുമാണ് ഇതാണ് ജീവിതം എന്ന തിരിച്ചറിവാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്.

നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ ഉള്ള ധൈര്യം നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ എന്ന്

ഞാൻ പ്രാർത്ഥിക്കുന്നു. ഇരുട്ടിലും വെളിച്ചത്തിലും ഒരാളാവാൻ കഴിയുന്നവരാണ് കെടാവിളക്ക് ആവുക

അല്ലാത്തവർ വിളക്ക് ആകും, പക്ഷേ വെളിച്ചം ഉണ്ടാകില്ല...