Wednesday 15 September 2021 12:39 PM IST : By സിബി നിലമ്പൂർ

‘രാവിലെ ചായകുടിച്ചു, ഉച്ചയ്ക്കത്തെ ചോറിന് പള്ളിയിൽ പോയിരിക്കുകയാണ്’: 6 കോടി വിലയുള്ള സ്ഥലത്ത് പട്ടിണിയുടെ രണ്ട് ആൾരൂപങ്ങൾ

seetha-and-kunju

പാലാരിവട്ടം പ്രദേശത്ത് ആദ്യം വൈദ്യുതി എത്തിയ വീടുകളിലൊന്നായ നോർത്ത് ജനത റോഡ് തെക്കെകാത്തുള്ളി വീട്ടിലേയ്ക്കുള്ള വൈദ്യുതവിളക്കണഞ്ഞിട്ടു വർഷം 30 പിന്നിട്ടു. സീതയും(48) കുഞ്ഞനുജത്തി ഭിന്നശേഷിക്കാരിയായ കുഞ്ഞുമണിയും (40) കലൂർ പള്ളിയിൽ നിന്നു ദാനം കിട്ടുന്ന മെഴുകുതിരി വെളിച്ചത്തിൽ രാത്രി കഴിച്ചു കൂട്ടാൻ തുടങ്ങിയിട്ടും വർഷം 30 പിന്നിടുന്നു. മുന്നണി ഭരണങ്ങൾ പലതു മാറിമാറി വന്നു. എല്ലാത്തവണയും വോട്ടു ചോദിച്ച് സകല പാർട്ടിക്കാരും വന്നു പോയി. ഭക്ഷണം കഴിച്ചോ എന്നു മാത്രം ആരും ചോദിച്ചില്ല. ഭക്ഷണത്തിന് എന്തെങ്കിലും തരുമോ എന്ന് ഇവരും ആരോടും ചോദിച്ചില്ല.

റേഷൻകാർഡുണ്ടോ? കറണ്ടുണ്ടോ? വാർധക്യകാല പെൻഷൻ കിട്ടുന്നുണ്ടോ? ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കിട്ടുന്നുണ്ടോ?  ഇതും ആരും അന്വേഷിച്ചില്ല. കലൂർ പള്ളിയിൽ നിന്നു കിട്ടുന്ന പൊതിച്ചോർ, അല്ലെങ്കിൽ ആരെങ്കിലും തരുന്ന ഭക്ഷണം ഇതു കൊണ്ട് ഈ രണ്ടു ജന്മങ്ങൾ ജീവിതം തള്ളിനീക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ എത്ര കടന്നു പോയെന്ന് ഇവർക്കറിയില്ല. എന്നിട്ടും ഒരാളുടെ മുന്നിൽ പോലും കൈനീട്ടിയിട്ടില്ലെന്ന് സീത പറയുമ്പോൾ കേട്ടുനിൽക്കുന്നവരുടെ കണ്ണു നിറയും.

കേരളം മുഴുവൻ കിറ്റുകൾ വിതരണം ചെയ്തപ്പോൾ ഇടിഞ്ഞു വീഴാറായ ഈ വീട്ടിലേയ്ക്കു മാത്രം ഒരു കിറ്റും വന്നില്ല. ഇവർക്കു റേഷൻ കാർഡില്ല എന്നതു തന്നെ കാരണം. ‘‘കൂലിപ്പണിക്കാരനായ സഹോദരൻ ഇടയ്ക്കു കഴിയും വിധം എന്തെങ്കിലും നൽകി സഹായിക്കും. ഇതിനിടെ എപ്പോഴോ പരിചയപ്പെട്ട അനുവും വീണയും ഇടയ്ക്ക് അരിവാങ്ങി നൽകും. വേറെ ചിലരെല്ലാം സഹായിക്കാറുണ്ട്. അങ്ങനെയങ്ങനെ അങ്ങു ജീവിച്ചു’’ – ഇതുപറയുമ്പോൾ സീതയുടെ കണ്ണുകളിൽ ആരോടും ഒരു പരിഭവവുമില്ല. പത്തു വർഷമായി ഇവരെ പരിചയമുള്ള, സമീപപ്രദേശത്തു താമസിക്കുന്ന വീണ ജനാർദനൻ എന്ന യുവതി ഇവർക്കു സ്ഥിരമായി അരിസാധനങ്ങൾ എത്തിച്ചു നൽകുന്നതാണ് ഏക ആശ്വാസം.

നഗരഹൃദയത്തിൽ ദാരിദ്ര്യത്തിൽ മുങ്ങി രണ്ടു ജീവനുകൾ

ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന കെ.യു. വേലുവിന്റെ ഏഴു മക്കളിൽ രണ്ടുപേരാണ് സീതയും കുഞ്ഞുമണിയും. 55–ാം വയസിൽ ഹൃദയാഘാതം വന്നു പിതാവു മരിച്ചതോടെ കുടുംബം അനാഥമായി. കുഞ്ഞുമണിക്ക് നാലുമാസമുള്ളപ്പോൾ അമ്മ കൗസല്യ മരിച്ചു പോയിരുന്നു. ഇവരുടെ ഒരു സഹോദരിയും നാലു സഹോദരൻമാരും വിവാഹിതരായി വേറെ വീടുകളിലാണു താമസം. കലൂർ മെട്രോസ്റ്റേഷനിൽ നിന്നു ഉറക്കെ വിളിച്ചാൽ കേൾക്കുന്നത്ര മാത്രം ദൂരെയുള്ള, കോടികൾക്കു മേൽ ഇപ്പോൾ വിലവരുന്ന ആറു സെന്റ് സ്ഥലത്ത്, വാതിലുകൾ തകർന്ന, ചോർന്നൊലിക്കുന്ന വീട്ടിലാണ് ഈ സഹോദരിമാരുടെ ജീവിതം.

അച്ഛൻ മരിക്കുമ്പോൾ സീതയ്ക്കു വിവാഹപ്രായം ആയിട്ടില്ല. എന്താണ് വിവാഹം കഴിക്കാതിരുന്നത് എന്നു ചോദിച്ചപ്പോൾ മാത്രമാണ് ആ കണ്ണുകൾ നിറഞ്ഞൊഴുകിയത്. ‘‘ഞാൻ എല്ലാവർക്കും വേണ്ടി ജീവിച്ചു. അനുജത്തിക്കു വേണ്ടി ജീവിച്ചു. ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല’’ – സീതയുടെ വാക്കുകൾ മുറിഞ്ഞു. ‘‘ജോലിക്കു പോയിരുന്നതാണ്. ഒരിക്കൽ അനുജത്തി റോഡു മുറിച്ചു കടന്ന് അപകടത്തിൽപെട്ടു. അതോടെ ജോലി വേണ്ടെന്നു വച്ച് അവളെ നോക്കിക്കഴിഞ്ഞു. ഒരു വിവാഹാലോചന വന്നപ്പോൾ സഹോദരി ചോദിച്ചു, നീ കല്യാണം കഴിച്ചു പോയാൽ ഇവളെ എന്തു ചെയ്യുമെന്ന്. അതോടെ വേണ്ടെന്നു വച്ചു. പിന്നീട് പലരും വന്നെങ്കിലും വിവാഹം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.’’

വൈദ്യുതി പോയിട്ട് 30 വർഷം

പാലാരിവട്ടത്ത് വൈദ്യുതി ലൈനുകൾ‍ വലിച്ചു തുടങ്ങിയ കാലത്തു വൈദ്യുതിയെത്തിയ വീടാണ് തന്റേതെന്ന് സീത ഓർക്കുന്നു. പക്ഷെ എന്നാണ് അത് അണഞ്ഞതെന്ന് ഓർക്കുന്നില്ല. 30 വർഷമെങ്കിലും ആയിട്ടുണ്ടാകും എന്ന് ഓർത്തു പറഞ്ഞത് സഹോദരൻ പ്രസാദ്. കലൂർ പള്ളിയിലെ കുരിശിനു മുന്നിൽ വിശ്വാസികൾ തെളിച്ചു ബാക്കിയാകുന്ന മെഴുകുതിരി എടുത്തു കൊണ്ടുവരുന്നതാണ് ഈ വീട്ടിലെ വെളിച്ചം. വർഷങ്ങൾക്കു മുൻപ് 100 ശതമാനം വൈദ്യുതി വൽക്കരണം അവകാശപ്പെട്ട കേരളത്തിൽ തന്നെയോ ഈ കുടുംബം താമസിക്കുന്നതെന്ന് ആരും ചോദിക്കരുത്. ബിൽ അടക്കാഞ്ഞതിനു ഫ്യൂസ് ഊരിയതാണ്. പിന്നീട് വൈദ്യുതി വേണോ എന്നു ചോദിക്കാൻ കെഎസ്ഇബിക്കാരും വന്നില്ല.

രാവിലെ എന്താ കഴിച്ചേ..?

‘‘രാവിലെ ഒരോ ഗ്ലാസ് ചായകുടിച്ചു. ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു പള്ളിയിൽ പോയിരിക്കുകയായിരുന്നു. ഇനി അതു കഴിക്കണം.’’ – സീതയുടെ മറുപടി. ഒന്നും കിട്ടിയില്ലെങ്കിൽ? – ‘ഒന്നും കഴിക്കില്ല’. ഇന്നലെ മുതൽ ഒന്നും വച്ചിട്ടില്ല. എല്ലാവർക്കും റേഷൻ കാർഡെന്ന വാഗ്ദാനം നടപ്പാക്കിയ നാട്ടിലാണോ ഇതെന്ന് അദ്ഭുതപ്പെടുകയൊന്നും വേണ്ട. വോട്ടു വാങ്ങിയ ജയിച്ച കൗൺസിലർ മുതൽ ഇതേ പരിസരത്തുള്ള എംപിയും എംഎൽഎയും വരെ ഇവരെ ഒരിക്കൽ പോലും അന്വേഷിച്ചിട്ടില്ല. ഒരു റേഷൻ കാർഡോ പെൻഷൻ കിട്ടാനുള്ള വഴിയോ കാണിച്ചു കൊടുത്തിട്ടില്ല. ചോരുന്ന വീടിനു പകരം ഇവർക്കു ‘ലൈഫ്’ പകർന്ന് ഒരു വീടും വന്നില്ല. ഈ വീടും പരിസരവും ഒന്നു വൃത്തിയാക്കിയിടാൻ പോലും കോർപ്പറേഷൻ ജീവനക്കാരും മുതിർന്നില്ല.

നിങ്ങൾക്കു സ്ഥലം വിറ്റു പൊയ്ക്കൂടേ..

നഗരം അരിച്ചുകയറി നാല് അതിരുകൾക്കപ്പുറത്തു വരെ എത്തി നിൽക്കുമ്പോൾ അയൽവാസികൾ ചോദിക്കുന്ന ചോദ്യമാണിത്.. ‘‘ഞങ്ങൾ എവിടെ പോകാൻ. ജനിച്ചപ്പോൾ മുതൽ ജീവിക്കുന്ന വീടാണ്. അച്ഛനെയും അമ്മയെയും ദഹിപ്പിച്ചത്.. ദേ.. ഈ മുറ്റത്താണ്. ഇവരെ വിട്ടിട്ടു ഞങ്ങൾ എവിടെ പോകാനാണ്.’’ – സീത ചോദിക്കുന്നു.  സ്ഥലത്തിന്റെ ഒറിജിനൽ ആധാരം കാണാതെ പോയിരിക്കുകയാണെന്നും ഇവർ പറയുന്നു. ഒന്നും പറയാതെ ഇടയ്ക്ക് കൈവിരൽ കൊണ്ട് എന്തോ ആക്‌ഷൻ കാണിച്ച കുഞ്ഞുമണി എന്താണ് ചോദിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ അവൾക്ക് ഒരു മോതിരം വേണമത്രെ. ചെറിയ കുട്ടികളെ പോലെ മാലയും കമ്മലും മോതിരവുമൊക്കെ അവൾക്കു വലിയ ഇഷ്ടമാണെന്നും.

രാത്രി വാതിലിൽ വന്നു തട്ടും, കല്ലെറിയും

‘‘രാത്രിയിൽ ആരൊക്കെയോ വന്നു വാതിലിൽ മുട്ടുമായിരുന്നു. വീടിനു കല്ലെറിയുന്നവരുമുണ്ടായിരുന്നു. രാത്രി വാതിൽ തള്ളിത്തുറക്കാതിരിക്കാൻ അകത്തു നിന്നു പുറത്തോട്ടു തള്ളിപ്പിടിച്ചു നിൽക്കുമായിരുന്നു. ഇതോടെയാണ് നായ്ക്കളെ വളർത്താൻ തീരുമാനിച്ചത്. മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഒരാൾ പുറത്തു ചാടി തിരിച്ചു വന്നപ്പോൾ ഗർഭിണിയായി. മൂന്നു കുഞ്ഞുങ്ങളുണ്ടായി. അവരെ ഉപേക്ഷിക്കാൻ തോന്നിയില്ല. ഇവരായിരുന്നു കൂട്ട്. 

കഴിഞ്ഞ ദിവസം എന്റെ നായ്ക്കളെ കൗൺസിലറും മറ്റും വന്നു പിടിച്ചു കൊണ്ടുപോയി. അതിൽ പിന്നെ ശരീരം തളരുകയാണ്. അവരോടു കരഞ്ഞു ചോദിച്ചിട്ടും തിരിച്ചു തന്നില്ല. കരഞ്ഞ് ഇവിടെ ഇരിക്കാനല്ലാതെ എന്തു ചെയ്യാനാ.. കാവലുണ്ടായിരുന്നത് അവരാണ്. വേലിക്കു പുറത്തേയ്ക്ക് അവർ പോകത്തില്ല, നാട്ടുകാർക്ക് ഒരു ശല്യവുമില്ല. എന്നിട്ടും അയൽവാസികൾ പരാതിപ്പെട്ടെന്നു പറഞ്ഞാണു നായ്ക്കളെ പിടിച്ചു കൊണ്ടു പോയത്. ഇനി തിരിച്ചു തരുമോ എന്ന് അറിയില്ല. ഇപ്പോൾ രാത്രിയിൽ നായ്ക്കളില്ലാതെ ഉറങ്ങാനാവില്ല. അതിനെ ആരായാലും തിരിച്ചു തരണം.’’ - വീണ്ടും കരച്ചിലിന്റെ വക്കിലെത്തിയ സീതയുടെ നിലവിലെ ആവശ്യം ഇതൊന്നുമാത്രം.

സീതയുടെയോ കുഞ്ഞമ്മിണിയുടെ യോ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. ആരെങ്കിലും സഹായിക്കാൻ വിളിച്ചാൽ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോഴാണ് ഇവരെ ഇടയ്ക്കു സഹായിക്കാൻ എത്തുമായിരുന്ന സമീപവാസികളിൽ ഒരാളായ വീണ കൂട്ടിക്കൊണ്ടുപോയി അക്കൗണ്ട് എടുത്തു നൽകിയത്. T.V. Seetha,  AC Number: 13800100434651, IFS Code: FDRL0001380, Federal Bank Palarivattom Branch)

കൂടുതൽ വാർത്തകൾ