Monday 21 September 2020 03:07 PM IST : By സ്വന്തം ലേഖകൻ

സംസ്ഥാനത്തെ ആദ്യ മൂലകോശ ദാനം; ഏഴു വയസുകാരന്റെ ജീവിതത്തില്‍ വെട്ടമായി ‘മിന്നാമിന്നി’കൾ

minnaminni77886

ഏഴുവയസുകാരന്റെ ജീവിതത്തിനു വെളിച്ചമേകിയിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശികളായ മിന്നാമിന്നികൾ. സംസ്ഥാനത്ത് ആദ്യമായി മൂലകോശ ദാനത്തിനു തയാറായി ഇരട്ടകളായ മിന്നയും മിന്നിയും എത്തിയതോടെയാണ് രക്താർബുദം ബാധിച്ച ഏഴു വയസ്സുകാരന്റെ ജീവിതത്തിൽ പ്രകാശം നിറഞ്ഞത്. 

ചെറുപ്പം മുതൽ എല്ലാം ഒരുമിച്ച് ചെയ്യാനാണ് മിന്നയ്ക്കും മിന്നിയ്ക്കും ഇഷ്ടം. ഇരുപത്തിനാലാമത്തെ വയസ്സിൽ മൂലകോശ ദാനത്തിനു തയാറായതും ഇരുവരും ഒരുമിച്ച്. കോശങ്ങൾ സ്വീകരിച്ച കുട്ടി ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. ഒരനിയനെ കിട്ടിയ സന്തോഷത്തിലാണ് ഇരുവരും. 

ഒരാളിൽ നിന്നുള്ള കോശങ്ങൾ മതിയായതിനാൽ മിന്നയാണ് ദാതാവായത്. ആദ്യ തവണ വേണ്ടത്ര സെല്ലുകൾ ലഭിക്കാത്തതിനാൽ വീണ്ടും ദാനം ചെയ്യേണ്ടിവന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാളിൽ നിന്ന് രണ്ടു തവണ കോശങ്ങൾ സ്വീകരിക്കുന്നത്. 

മിന്നയുടെയും മിന്നിയുടെയും കോളജിൽ സംഘടിപ്പിച്ച ഒരു ക്യാമ്പിൽ നിന്നാണ് മൂലകോശ ദാനത്തെ കുറിച്ച് ഇരുവരും അറിയുന്നത്. ഇപ്പോൾ കാക്കനാട് ഇൻഫോ പാർക്കിലാണ് എൻജിനീയറിങ് ബിരുദധാരികളായ മിന്നയും മിന്നിയും ജോലി ചെയ്യുന്നത്.

Tags:
  • Spotlight
  • Inspirational Story