Monday 25 October 2021 04:51 PM IST

‘2–ാം ക്ലാസിൽ ടൈഫോയ്ഡ്, അതിൽ പിന്നെ കൈ ഈ വിറയലാണ്’: യുദ്ധക്കപ്പൽ മുതൽ താജ്മഹൽ വരെ: അദ്ഭുതമാണ് ഷിജി

Binsha Muhammed

shiji

ശരീരം തന്നെ കുടഞ്ഞെറിയുകയാണെന്നു തോന്നും. അത്രമാത്രമുണ്ട് ഷിജിയുടെ വിറയൽ... വിറയാർന്ന തന്റെ കൈകളെ കൂപ്പു കൈകളാക്കി പുഞ്ചിരിയോടെ ഷിജി നമ്മളെ എറണാകുളം കാക്കനാട് അത്താണിയിലെ കോയിക്കൽ ഹൗസിലേക്ക് സ്വാഗതം ചെയ്യുമ്പോൾ നമ്മുടെ കണ്ണിലും പടരും ദൈന്യത. വിറച്ചും വേച്ചും പുഞ്ചിരിയോടെ നിൽക്കുന്ന ചെറുപ്പക്കാരന്റെ അവസ്ഥയോർത്ത് ഒരുനിമിഷം നെഞ്ചുപിടയും. പക്ഷേ ആ വീടിന്റെ ഉമ്മറപ്പടി താണ്ടി മുറിയിലേക്ക് കയറിയാൽ ദൈന്യതയും സഹതാപവും സങ്കടവും നിമിഷാർദ്ധത്തിൽ വഴിമാറും. നമുക്കരികിൽ നിഷ്ക്കളങ്കമായി പുഞ്ചിരി തൂകി നിൽക്കുന്ന ഷിജിയെന്ന കലാകാരന് ഹൃദയം നിറഞ്ഞ് സല്യൂട്ട് നൽകും.

ആ ചെറിയ വീടിന്റെ അകത്തളം കയ്യടക്കുന്ന ഐഎൻഎസ് വിരാടും വിക്രാന്തും ആദിത്യയും പ്രൗഢി തുളുമ്പുന്ന യുദ്ധക്കപ്പലുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ഹെലികോപ്റ്റർ, താജ്മഹൽ, ബസ്, ടിപ്പർ, ടോറസ്, ജീപ്പ്, സ്കൂട്ടർ... എന്നു വേണ്ട ഭൂമുഖത്ത് നാം അദ്ഭുതത്തോടെയും വിസ്മയത്തോടെയും നോക്കി നിന്ന എല്ലാത്തിന്റെയും ചെറുപതിപ്പുകൾ ആ വിറയാർന്ന കൈകളിൽ നിന്നും പിറവികൊള്ളുന്നു. കേവലം സംസാരിക്കുമ്പോള്‍ പോലും കൈകളിലേക്ക് ഷോക്കടിക്കും പോലെ പടർന്നു കയറുന്ന വിറയലും വച്ച് ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ, വിനയം കലർന്ന ഒരു ചിരിയിൽ ഷിജി മറുപടിയൊതുക്കും.

കാർഡ് ബോർഡിലും ചായക്കൂട്ടിലും പിറവി കൊണ്ട ഇക്കണ്ട വിസ്മയങ്ങളുടെ പിറവിയുടെ കഥയാണിത്. ഷിജിയെന്ന കലാരന്റെ അദ്ഭുത ജീവിതകഥ. അതിനും മുമ്പ് ഷിജിയെന്ന കലാകാരനെ ‘വിറപ്പിച്ചു’ നിർത്തിയ പോയ കാല വിധിയിൽ നിന്നും ഇക്കഥയുടെ ഫ്ലാഷ്ബാക്ക് തുടങ്ങേണ്ടതുണ്ട്. ഷിജിയുടെ ജീവിതം ‘വനിത ഓൺലൈൻ’ വായനക്കാരിലേക്ക്.

shiji-2- കാക്കനാട് അത്താണി കോയിക്കൽ കെ.ജി.ഷിജി കാർഡ്ബോർഡിൽ നിർമിച്ച വാഹനങ്ങളുടെയും വീടിന്റെയും രൂപങ്ങൾക്കൊപ്പം. ചിത്രം∙ജോസ് കുട്ടി പനയ്ക്കൽ∙ മനോരമ

വിറകൊള്ളുന്ന കൈകൾ

‘ചിലർ ദൈന്യതയോടെ നോക്കും കഥയറിയാത്ത ചിലർ എന്റെ ഈ ‘വിറയലിൽ’ അശ്ലീലം കാണും. എന്തു പറയാനാ. ഇതിപ്പോ ഞാൻ കൂട്ടിയാലൊന്നും കൂടില്ല. വിചാരിച്ചാലും നിർത്താനും പറ്റില്ല. വയസിപ്പോൾ 39 ആകുന്നു. അന്നെനിക്ക് വയസ് രണ്ട്. ഒരു ടൈഫോയ്ഡിൽ നിന്നായിരുന്നു തുടക്കം. അത് വിട്ട് മാറിയതിൽ പിന്നെ ഞാനിങ്ങനാ. വിറച്ച് വിറച്ച്....’– ഒരു നിമിഷം ഷിജിയുടെ വാക്കുകൾ മുറിഞ്ഞു.

അച്ഛൻ ഗോവിന്ദൻ 2005ൽ മരിച്ചു. അമ്മ രാധ. രണ്ട് ചേട്ടൻമാരുണ്ട് ഗോവിന്ദനും ബാലകൃഷ്ണനും. അച്ഛന്റെ മരണത്തോടെ അമ്മ വീട്ടു പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. പിന്നെ എന്റെ കാര്യം. പറഞ്ഞതു പോലെ ജന്മനാ ഉള്ള പ്രശ്നമൊന്നുമല്ല ഇത്. എന്നെ പിടികൂടിയ ടൈഫോയ്ഡ് ശരീരം വിട്ടു പോയ ശേഷമാണ് ഈ വിറയൽ തുടങ്ങുന്നത്. ക്ലാസിൽ എഴുതി കൊണ്ടിരിക്കുമ്പോൾ കൈകൾ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരു തരം വൈബ്രേഷൻ പോലെ. ചെറുതായി ചെറുതായി തുടങ്ങി. ഒടുവിൽ ഒന്ന് പേന പിടിക്കാനോ എഴുതാനോ പോലും വയ്യാത്ത ഗതിയായി. എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോ ശാരീരിക ബുദ്ധിമുട്ട് എന്തെന്നോ തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. എല്ലാം പഴയ പടിയാകുമെന്നും ശരിയാരുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ടു പോയി. പക്ഷേ ഒന്നും അങ്ങോട്ട് നേരെയായില്ല. കൈകൾ വിറയലോട് വിറയൽ.

അന്ന് അച്ഛൻ ജീവിച്ചിരിപ്പുണ്ട്. ആശുപത്രിയിൽ എന്നെക്കൊണ്ടു പോയി. എന്തൊക്കെയോ ടെസ്റ്റുകൾ നടന്നു. കുറേ മരുന്നു കുറിപ്പടികളും കിട്ടി. ഒരു ദിവസം തുടർ ചികിത്സയ്ക്ക് ആശുപത്രിയിൽ കൊണ്ടു പോകും മുമ്പ് അച്ഛൻ സേവിക്കാൻ വാങ്ങി വച്ചിരുന്ന മദ്യം അൽപം ഞാനെടുത്തു കഴിച്ചു. അതു നന്നേ തലയ്ക്കു പിടിച്ചു. ആരും സംഭവം അറിഞ്ഞതേയില്ല. ഡോക്ടറുടെ മുന്നിലെത്തുമ്പോൾ ഞാൻ പറഞ്ഞു. ‘കണ്ടോ ഡോക്ടറേ.. എന്റെ കൈക്ക് ഇപ്പോ വിറയലില്ല.’ നീ മരുന്നൊക്കെ കൃത്യം കഴിക്കുന്നുണ്ടല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ ഡോക്ടറോടു സത്യം പറഞ്ഞു. ഡോക്ടറേ... മരുന്നിന്റെയല്ല, എന്റെ വയറ്റിലുള്ള മദ്യത്തിന്റേയാ. ലഹരി തലയ്ക്കു പിടിച്ചതു കൊണ്ടാണ് ൈകകൾക്ക് വിറയല്‍ ഇല്ലാത്തതെന്ന്. ഡോക്ടറോട് സംസാരിക്കുമ്പോഴും എന്റെ തലയിൽ മദ്യത്തിന്റെ പെരുപ്പുണ്ടായിരുന്നു. അതോടെ ഇത് തലച്ചോറുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണെന്ന് അവർക്കും ബോധ്യമായി. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല എന്ന് മാത്രമല്ല, ഇന്നും വിറയൽ തുടർന്നു കൊണ്ടേയിരിക്കുന്നു.

വിറയലുള്ള കുട്ടി എന്ന മേൽവിലാസം തലയിലേറ്റാൻ വയ്യാത്തതു കൊണ്ടും ടീച്ചർമാരുടെ തല്ലിനെ പേടിയുള്ളതു കൊണ്ടും ഏഴാം ക്ലാസില്‍ പഠിത്തം നിർത്തി. അതിൽ പിന്നെ പാഠ പുസ്തകങ്ങളും സിലബസുകളും തലയിൽ നിന്നിറങ്ങിപ്പോയി, പകരം കാർഡ് ബോർഡുകളും ചായക്കൂട്ടുകളും ഹൃദയത്തിലേക്ക് കയറി.

shiji-1

വിറയ്ക്കുന്ന കൈകൾ... വിസ്മയം ഈ കാഴ്ച

ചേട്ടൻമാരുണ്ടാക്കുന്ന തീപ്പെട്ടി കളിപ്പാട്ടങ്ങളാണ് മനസിൽ ഈ കലയ്ക്കുള്ള വിത്തു പാകിയത്. സിഗരറ്റ് പായ്ക്കറ്റിലും ചെറിയ കാർഡ് ബോർഡിലും അവർ ഓരോ സൂത്രപ്പണികള്‍ ഉണ്ടാക്കും. അതു കണ്ടാണ് ഞാനും തുടങ്ങിയത്. അന്ന് അവർ അതൊക്കെ വിട്ട് മുതിർന്ന കുട്ടികളായപ്പോഴും ഞാനത് വിട്ടില്ല. വീട് പണിപ്പുരയാക്കി, കാർഡ് ബോർഡിനെ പണിയായുധമാക്കി. അന്നത്തെ കാലത്ത് എനിക്ക് മാത്രമല്ല ഓരോ കുട്ടിക്കും ജെസിബി എന്ന മണ്ണുമാന്തി വിസ്മയമായിരുന്നു. അവിടെ നിന്നായിരുന്നു തുടക്കം. വിറയ്ക്കുന്ന കൈകൾ കൊണ്ട് ഏറെ സമയമെടുത്ത് ഞാനുണ്ടാക്കിയ ആ മണ്ണുമാന്തിയാണ് എന്റെ ആദ്യത്തെ സമ്പൂർണ പരീക്ഷണം. അത് നാട്ടുകാരും കൂട്ടുകാരും കണ്ട് കയ്യടിച്ചതോടെ വഴിതെളിഞ്ഞു, ഞാനും ഉഷാറായി. കയ്യിൽ കിട്ടുന്ന കാർഡ് ബോർഡ് കൂട്ടങ്ങളിൽ നിന്നും കാറും ലോറിയും ജീപ്പുമൊക്കെ പിറവികൊണ്ടു. ഓരോ വർക്കിലും ഒറിജിനലെന്ന് തോന്നിക്കുന്ന വിധം പൂർണത കൊണ്ടു വരാൻ ശ്രമിച്ചു. ബാല്യവും കൗമാരവും കടന്ന് ജീവിക്കാനിറങ്ങേണ്ടി വന്നപ്പോൾ ആ നേരമ്പോക്ക് ജീവിതത്തിൽ സൈഡായി. പകരം വീട്ടിൽ അടുപ്പെരിയാൻ വേണ്ടിയുള്ള ലോട്ടറി കച്ചവടവും വര്‍ക് ഷോപ്പിലെ പണിയുമൊക്കെ മെയിനായി. ആ സമയങ്ങളിലൊക്കെ കുറേ കളിയാക്കലുകളും കേട്ടിട്ടുണ്ട്. എന്റെ കഥയറിയാത്ത ചിലർ അവനവിടെ ‘വിറപ്പിച്ചിരിക്കുണ്ട്’ എന്നൊക്കെ അശ്ലീല ചുവയോടെ പറയുമ്പോൾ ഹൃദയം നുറുങ്ങും. അറിയുന്നവരും ഓരോന്ന് പറയാറുണ്ട് കേട്ടോ. അതൊക്കെ കേൾക്കുമ്പോൾ സ്നേഹമുള്ള ചിലരൊക്കെ എന്നെ ആശ്വസിപ്പിക്കും, എന്നിട്ട് അവരെ ശാസിക്കും.

shiji-3

ഇടയ്ക്ക് വിവാഹമൊക്കെ കഴിഞ്ഞതാണ്. പക്ഷേ എന്തോ... അങ്ങോട്ട് ചേർന്നു പോയില്ല. 2014ല്‍ എല്ലാ ഇടപാടും തീർത്തു. ആലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ഈ ജീവിതം ഇങ്ങനെയൊക്കെ ആയതിൽ പക്ഷേ എന്തു ചെയ്യാൻ ജീവിച്ചല്ലേ പറ്റൂ.

shiji-2

ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് വീണ്ടും കരകവിരുതിനെ പൂർവാധികം ശക്തിയോടെ പൊടിതട്ടിയെടുത്തത്. ലാലേട്ടന്റെ സ്ഫടികം ലോറിയിൽ‌ നിന്നായിരുന്നു തുടക്കം. 100 രൂപയ്ക്ക് അതു വിറ്റുപോയി. എന്റെ അധ്വാനത്തിന് കിട്ടിയ വലിയ അംഗീകാരമായിരുന്നു. ഒപ്പം ജീവിക്കാനുള്ള പ്രചോദനവും. അതിൽ പിന്നെ 150 മണ്ണുമാന്തി യന്ത്ര മോഡലുകൾ ഉണ്ടാക്കിയെങ്കിലും ഒരെണ്ണം പോലും കൈവശമില്ല. എല്ലാം ആവശ്യക്കാർ കൊണ്ടുപോയി. ഇരുന്നൂറും മുന്നൂറും നാനൂറും രൂപ വിലയിട്ട് കൊടുത്തു. വേറെ ജോലി ചെയ്യാവുന്ന അവസ്ഥയിലല്ല ഞാനുള്ളത്. അപ്പോൾ എനിക്ക് ഇതൊരു ആശ്വാസമല്ലേ...

shiji-4

ഐഎൻഎസ് വിരാട്, ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ആദിത്യ യുദ്ധക്കപ്പലുകൾ കാർ, ലോറി, ടോറസ് എന്നു വേണ്ട സകലതും ഇന്ന് ഞാനുണ്ടാക്കി കഴിഞ്ഞു. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി സർവീസ് നടത്താവുന്ന ഓട്ടോറിക്ഷ മോഡലുകൾക്കു ഇപ്പോൾ രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മെട്രോ അധികൃതർ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. ഒരാൾക്ക് കയറി ഇരിക്കാൻ പാകത്തിലുള്ള ഹെലികോപ്റ്റർ ഒരെണ്ണം ഉണ്ടാക്കണം. അതിനു പറ്റിയ കട്ടിയുള്ള കാർഡ് ബോർഡും മറ്റ് സാമഗ്രികളുമൊക്കെ ലഭ്യമാണ്. അതു നടക്കും, നടക്കാതെ എവിടെ പോകാൻ വരട്ടെ നോക്കാം.– ഷിജി ചിരിയോടെ പറഞ്ഞു നിർത്തി.

shiji-14
shijee