Monday 21 October 2019 11:43 AM IST : By സ്വന്തം ലേഖകൻ

‘ആൺതുണ ഉണ്ടായാലും പോരാ, അത് സ്വന്തം വീട്ടിലുള്ളവരാകണം’; ദുഷിപ്പിന്റെ നോട്ടങ്ങൾ; അനുഭവം; കുറിപ്പ്

sa

പെണ്ണിന്റെ സുരക്ഷയും സ്വത്വവും നിലനിൽപ്പുമെല്ലാം ഇപ്പോഴും ആണിന്റെ കയ്യിലെ പണയപ്പണ്ടങ്ങളാണെന്നാണ് പലരുടേയും ധാരണ. ആൺതുണയില്ലാതെ അവൾക്കൊന്നും ഈ മണ്ണിൽ സാധ്യമല്ല എന്ന് വിശ്വസിക്കുന്നതിലാണ് പലർക്കും ഹരം. സ്ത്രീ സ്വാതന്ത്ര്യം കണ്ടാൽ ദഹിക്കാത്ത അത്തരം പുരുഷൻമാർ പുതിയ കാലത്തും ആവോളമുണ്ടെന്ന് പറയുകയാണ് ഡോക്ടർ ഷിംന അസീസ്. സ്ത്രീകളെ അവഗണിക്കുന്ന സമൂഹത്തിലെ ചില ‘പ്രതിനിധികളെ’ മുൻനിർത്തിയാണ് ഷിംനയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

*കഴിഞ്ഞ ദിവസം ഒരടുത്ത കൂട്ടുകാരിക്ക്‌ ശമ്പളം കിട്ടി. വെറും ശമ്പളമല്ല, ജോലിക്ക്‌ ചേർന്ന്‌ മാസങ്ങൾ കഴിഞ്ഞ്‌ സർക്കാർ ഓഫീസിൽ കേറിയിറങ്ങി അങ്കം നടത്തി നേടിയെടുത്ത സാലറി. ഞങ്ങൾ വെറുതെ വിട്വോ? ഓളെ ഓടിച്ചിട്ട്‌ പിടിച്ച്‌ രാത്രിക്ക്‌ രാത്രി ചെലവ്‌ ചെയ്യിക്കാൻ കൊണ്ടോയി. നാല്‌ സ്‌ത്രീകളും മൂന്ന്‌ പുരുഷുകളും ഒരു പുരുഷുക്കുഞ്ഞും. കഴിക്കാൻ ചെന്നിരുന്നപ്പോൾ തൊട്ട്‌ അപ്പുറത്തെ ടേബിളിലുള്ള കുടുംബത്തിലെ ഏഴെട്ട്‌ വയസ്സുള്ള പെൺകുട്ടി തിരിഞ്ഞ്‌ നോക്കിക്കൊണ്ടേ ഇരിക്കുന്നു. അവർക്കിടയിൽ ഞങ്ങളെക്കുറിച്ച്‌ സംസാരിക്കുമ്പോഴെല്ലാം ആ വീട്ടിലെ മോനും കഷ്‌ടപ്പെട്ട്‌ എത്തി നോക്കുന്നുണ്ട്‌.

കൂടെ, ചിരിച്ചിട്ട്‌ ചുരുങ്ങിയത്‌ അഞ്ച്‌ വർഷമെങ്കിലും ആയിക്കാണാൻ സാധ്യതയുള്ളൊരു സ്‌ത്രീ പാത്രത്തിലേക്ക്‌ മാത്രം നോക്കിയിരുന്ന്‌ കഴിക്കുന്നു. അവിടുന്ന്‌ തന്നെ, മൂന്നാല്‌ ഫാമിലികൾ പുറത്തേക്ക്‌ ഇറങ്ങിപ്പോകുമ്പോൾ ഡോറിനടുത്തിരുന്ന ഞങ്ങൾ യഥേഷ്‌ടം കൂരമ്പ് നോട്ടങ്ങൾ ഏറ്റുവാങ്ങി.

*ശാരീരികപ്രത്യേകത കാരണം നടക്കാൻ അൽപം ബുദ്ധിമുട്ടുള്ള കൂട്ടുകാരിയും അവളുടെ രണ്ട്‌ സുഹൃത്തുക്കളും (ഒരു പുരുഷൻ, ഒരു സ്‌ത്രീ) ജ്യൂസ് കുടിക്കാൻ കടയിൽ ചെന്നു. കുടിച്ച്‌ കഴിഞ്ഞ്‌ അവളെ സീറ്റിൽ നിന്ന്‌ പിടിച്ചെഴുന്നേൽപ്പിച്ചത്‌ അവനാണ്‌. അപ്പോൾ മുതൽ അപ്പുറത്തെ സീറ്റിലെ പ്രായമായ സ്‌ത്രീ അവരെ വല്ലാത്തൊരു അവജ്‌ഞയോടെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു. ഇത്‌ കണ്ട കൂടെയുള്ള രണ്ടാമത്തെ പെൺകുട്ടി ആ സ്‌ത്രീയുടെ മേശപ്പുറത്ത് ആഞ്ഞടിച്ചു. അവർ ഞെട്ടിത്തരിച്ച്‌ അവളെ നോക്കി. അവളുടെ തിളയ്‌ക്കുന്ന കണ്ണിൽ നിന്ന്‌ അനൗചിത്യം മനസ്സിലാക്കി അവരിലേക്കുള്ള നോട്ടം പിൻവലിച്ചു.

*കുറച്ച്‌ ദിവസം മുൻപ്‌ ഒരാവശ്യത്തിന്‌ എറണാകുളത്ത്‌ പോകാൻ വേണ്ടി ട്രാവൽബാഗ്‌ തോളിലിട്ട്‌ കോട്ടക്കലടുത്ത്‌ ചങ്കുവെട്ടി ജംഗ്ഷനിൽ ബസിറങ്ങി വേഗതയിൽ റോഡ്‌ ക്രോസ്‌ ചെയ്യുകയായിരുന്നു, ഒറ്റക്കായിരുന്നു. സീബ്ര ക്രോസിംഗിലൂടെ ഓടി അപ്പുറമെത്തിയപ്പോൾ തൊട്ട്‌ ഒരു മദ്ധ്യവയസ്‌ക നോക്കാൻ തുടങ്ങിയതാണ്‌. അടുത്ത ബസിൽ കയറും വരെ അവർ നോക്കി. അവിടെ തീർന്നെന്ന്‌ കരുതിയതാണ്‌. ബസിലും അടുത്ത്‌ തന്നെ വന്നിരുന്നു. പിന്നെ കൂടെയുണ്ടായിരുന്ന ഒരു മണിക്കൂറോളം എന്റെ മൊബൈലിനകത്തേക്ക്‌ തന്നെ നോക്കിയിരുന്നു. അവസാനം എന്ത് വേണമെന്ന്‌ ചോദിക്കേണ്ടി വന്നു. "ഒറ്റക്കാണോ?" എന്ന്‌ മാത്രം മറുചോദ്യം. "അതേ, എന്ത് വേണം" എന്നുറച്ച ശബ്‌ദത്തിൽ പറഞ്ഞതിലെ അനിഷ്‌ടം കേട്ടിട്ടാവണം, പിന്നെ മിണ്ടിയില്ല.

* ഇന്നത്തെ പത്രത്തിൽ 'ആൺതുണ' ഇല്ലാതെ രണ്ട്‌ സ്‌ത്രീകൾ ബഹിരാകാശത്ത്‌ നടന്നു എന്ന്‌ എടുത്ത്‌ പറഞ്ഞൊരു വാർത്ത !

ആദ്യം വാർത്തേലെ പൈങ്കിളിശൈലി ഓർത്ത്‌ ചൊറിഞ്ഞു വന്നു. പിന്നെ ഓർമ്മ വന്നത്‌ മേലെയുള്ളത്‌ പോലത്തെ കുറേ റിയൽലൈഫ്‌ സാഹചര്യങ്ങളാണ്‌.

ആ വകയിൽ ഇവയാണെന്റെ കൺക്ലൂഷൻസ്‌.

- ഏത്‌ നേരവും ആൺതുണ വേണം.

- ആൺതുണ ഉണ്ടായാലും പോര സ്വന്തം വീട്ടിലുള്ളവരാകണം. അതിപ്പോ ആരായാലും വേണ്ടില്ല, എത്ര അത്യാവശ്യസാഹചര്യമായാലും വേണ്ടില്ല. അല്ലാത്ത പക്ഷം, ആണും പെണ്ണും തമ്മിൽ ഒരൊറ്റ ബന്ധമേയുള്ളൂ. അതിനി ചാകാൻ കിടക്കുമ്പോഴായാലും അങ്ങനെയാ.

- കൂടെയുള്ളത്‌ ഇനി കുടുംബത്തുള്ളോരാണേലും സ്‌ത്രീകൾക്ക്‌ പൊതുസ്‌ഥലത്ത്‌ അടക്കോം ഒതുക്കോം വേണം. ആത്മവിശ്വാസത്തോടെ തലയൊന്ന്‌ ഉയർത്തി പിടിക്കാനോ ചിരിക്കാനോ പാടില്ല. കുഴപ്പാകും.

- പെണ്ണുങ്ങൾ ഒറ്റക്ക്‌ യാത്ര ചെയ്യുകയോ?? നെവർ, സമ്മയ്‌ക്കൂല ഞങ്ങൾ ! അപ്പഴാ ബഹിരാകാശത്ത്‌ ഒറ്റക്ക്‌ നടക്കുന്നത്‌. ഇതൊക്കെ പത്രത്തിൽ എഴുതിയോനെ കൈയിൽ കിട്ടിയാലുണ്ടല്ലോ... ഇവറ്റകൾക്കൊക്കെ വല്ല കഞ്ഞീം കൂട്ടാനും വെച്ച്‌ വീടിനകത്തിരുന്നൂടെ?

പെണ്ണുങ്ങൾ ഒരുമ്പെട്ടിറങ്ങി അങ്ങ്‌ മാനത്ത്‌ വരെ എത്തീത്രേ. കലികാലം !!

Dr. Shimna Azeez