Wednesday 09 October 2019 04:30 PM IST : By സ്വന്തം ലേഖകൻ

നാട്ടുകാരെ കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്ന് ചോദിച്ചു; ഷാജുവിനെ തള്ളി സിജോ

sijo

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ കേസിന്റെ ദിശാസൂചികയായുകയാണ്്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ സംശയത്തിന്റെ മുനകൾ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിലേക്ക് നീങ്ങുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ. ആദ്യഭാര്യ സിലിയുടെ സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയാണു താൻ ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജു സഖറിയാസിന്റെ ആരോപണം അപ്പാടെ തള്ളുകയാണ് സിജോ.

സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു. നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പൊലീസിനോടു പറഞ്ഞു. സിജോയെയും സഹോദരി സ്മിതയെയും മറ്റൊരു ബന്ധുവിനെയും ഇന്നലെ വിളിച്ചുവരുത്തിയ അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ജോളിയുമായുള്ള വിവാഹത്തിന് നിർബന്ധിച്ചത് സിജോയാണെന്നായിരുന്നു ഷാജുവിന്റെ ആദ്യ പ്രതികരണം. ഇത് തള്ളി സിജോ രംഗത്തെത്തുകയും ചെയ്തു. ഷാജുവിനെ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു സിജോ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഷാജുവിന്റെ ആരോപണം മാത്രമാണതെന്നും സിജോ വ്യക്തമാക്കിയിരുന്നു. ഷാജുവിന്റെ രണ്ടാം വിവാഹത്തിന് താനുൾപ്പെടെ കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്നും സിജോ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോളായിരുന്നു ഷാജു തന്റെ മുൻ നിലപാടിൽ ഉറച്ചു നിന്നത്. മരണസമയത്തു തന്നെ അവിടെയെത്തിച്ചതു ജോളിയുടെ തന്ത്രപരമായി നീക്കമായിരുന്നെന്നു കരുതുന്നതായി സിജോ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പയ്യോളിയിലെ ഓഫിസിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജോളിയുടെ ആവശ്യപ്രകാരമാണു  മരണദിവസം സിലി തന്നെ താമരശ്ശേരിയിലേക്കു വിളിച്ചുവരുത്തിയതെന്നു സിജോ മൊഴി നൽകി.

സിലിക്കു ഷാജുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.