Monday 06 July 2020 03:03 PM IST : By സ്വന്തം ലേഖകൻ

തോറ്റവരെ ചേർത്തുപിടിച്ചോളൂ, എന്നു കരുതി എ പ്ലസുകാരനെ താഴ്ത്തിക്കെട്ടേണ്ട; അവർ പുസ്തകപ്പുഴുക്കളല്ല; കുറിപ്പ്

sslc

എസ്എസ്എൽസി വിജയം ജീവിതത്തിന്റെ നാഴികക്കല്ല് അല്ലെന്ന് സമർത്ഥിക്കുന്ന ഏറെ പേരെ സോഷ്യൽ മീഡിയയിൽ കാണാം. പരാജിതരെ ആശ്വസിപ്പിച്ചു കൊണ്ടാണ് അവർ ആ വാദം മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ ആശ്വാസ വാക്കുകൾക്കിടയിൽ ഫുൾ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയവരെ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുന്നതും കാണാനിടയായി. പരാജിതരെ ചേർത്തുപിടിക്കേണ്ടത് നല്ലതാണെന്നിരിക്കെ തന്നെ എ പ്ലസ് വിജയികളുടെ നേട്ടത്തിന്റെ മാറ്റ് കുറയ്ക്കുന്നത് നന്നല്ല എന്ന് പറയുകയാണ് മുനീർ ജി.വി.കെ എന്ന വിദ്യാർഥി. അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലെ വരികൾ ഇങ്ങനെയാണ്;

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഫുൾ A+കാർ അന്യഗ്രഹജീവികളല്ല

SSLC റിസൽറ്റ് വന്നതിന് ശേഷം പരീക്ഷയിൽ പരാജിതരായവരെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ഫുൾ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയവരെ അപരവത്കരിക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ വീക്ഷിക്കാൻ സാധിച്ചു.തോറ്റവരെ ചേർത്തു പിടിക്കണമെന്നും വിജയവഴിയിലേക്ക് അവർക്ക് പ്രചോദനം നൽകണമെന്നുള്ളതും അവിതർക്കിതമാണ്. എന്നാൽ കഠിനപ്രയത്നത്തിലൂടെ ഉന്നതവിജയം കരസ്ഥമാക്കിയവരുടെ മാറ്റ് കുറക്കുന്ന തരത്തിലുള്ള പ്രചാരണത്തിലൂടെയല്ല ഇത് സാദ്ധ്യമാക്കേണ്ടത്. A+കാർ കേവലം പുസ്തകപ്പുഴുകൾ മാത്രമാണെന്നും സാമൂഹത്തിന്റെ ചലനങ്ങളും സ്വന്തം ചുറ്റുപാടുകളും വീക്ഷിക്കാത്തവരുമാണെന്നാണ് പലരുടെയും ആക്ഷേപം. യാഥാർഥ്യത്തിൽ നിന്നും ഇതെത്ര മാത്രം വിദൂരത്താണ് എന്ന് അത്തരം വിദ്യാർഥികളുമായി അടുത്ത ബന്ധം പുലർത്തുന്നവർക്കറിയാം. A+കാരും സാധാരണമനുഷ്യരാണ് ഭായീ.

റിസൽറ്റിന് ശേഷം വാട്സാപ്പിൽ ഇടതടവില്ലാതെ ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിൽ ഫുൾ A+സുകാരന് അഡ്മിഷനെടുക്കാനായി പോയ അനുഭവം പങ്കുവെക്കുന്നുണ്ട് ഒരു രക്ഷിതാവ്. ഫുൾ A+ന്റെ കാര്യം അഭിമാനത്തോടെ പറഞ്ഞപ്പോൾ പ്രിൻസിപ്പാൾ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ ലോകനേതാക്കളുടെ പേരുകൾ ആ വിദ്യാർത്ഥിയോട് ചോദിച്ചത്രെ. ശേഷം ഒന്ന് കുത്തിയിരുന്ന് പഠിച്ചാൽ ആർക്കും അത് നേടാനാവും എന്നൊരു ഡയലോഗും ടിയാൻ പാസാക്കി. ലോകനേതാക്കളുടെ പേരുകളും അങ്ങനെ പഠിക്കാവുന്നതെയുള്ളൂ എന്ന കാര്യത്തിൽ ടിയാൻ അജ്ഞനായിരിക്കും. ഒരു വിദ്യാർത്ഥിയുടെ ഒരു വർഷം നീണ്ട കഠിനപരിശ്രമമാണ് താൻ ചെറുതാക്കി കണ്ടതെന്ന ബോധ്യം ഇത്തരക്കാർക്ക് എപ്പോഴാണാവോ വരിക. ഒടുക്കം A+സുകാർക്ക് പഠനമല്ലാതെ മറ്റൊന്നും പിടിത്തമില്ല എന്നൊരു ക്ളീഷേ ഡയലോഗും മൂപ്പർ പാസാക്കാൻ മറന്നില്ല പോലും! ഇതിലും രസം രക്ഷിതാവ് ഇതൊക്കെ പ്രിൻസിപ്പാളിന്റെ മഹത്വമായാണ് കണ്ടതും വൈറലാക്കിയതുമെന്നതാണ്.

തോറ്റവനെ മാത്രമേ വിളിച്ചെന്ന് പറഞ്ഞ് ശ്രദ്ധേയനായ പ്രധാനകാദ്ധ്യാപകന്റെ പോസ്റ്റും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. വരികൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ ആ പോസ്റ്റിനുള്ളിൽ അസ്വീകാര്യമായ പലതും അന്തർലീനമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. അക്ഷരം പോലുമറിയാത്ത വിദ്യാർഥികളെ SSLC പരീക്ഷ അടുത്തപ്പോൾ ചേർത്ത് പിടിച്ച അദ്ധ്യാപകരുടെ മഹാമനസ്കതയെ വാഴ്ത്തുമ്പോൾ എന്തേ എട്ടിലും ഒന്‍പതിലുമൊന്നും ചേർത്ത് പിടിക്കാൻ മറന്നു പോയത് എന്നാരും ചോദിക്കുന്നില്ല. എങ്കിലെപ്പോഴേ അവരൊക്കെ അക്ഷരം പഠിച്ചിട്ടുണ്ടാവുമായിരുന്നു! അവിടെയൊന്നും 100% വിജയം എന്ന ടാർഗറ്റ് ഇല്ലല്ലോ അല്ലേ സാറേ. അപ്പോൾ അത്രയൊക്കെ ചേർത്ത് പിടിച്ചാൽ മതിയാവും. ഇതിനൊക്കെ ഏത് കാലത്താണ് ഒരു മാറ്റമുണ്ടാവുക. പരീക്ഷക്ക് വേണ്ടിയുള്ള ഈ സർക്കസ് ആണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ വലിയ ന്യൂനതകളിലൊന്ന്.

പരാജിതർക്ക് 'മറപിടി'യാക്കാൻ വിജയികളെ കരുവാക്കുന്നതിന് പകരം ഇവിടെ സംസ്ഥാപിതമാവേണ്ടത് സമ്പൂർണ്ണമായ ഒരു പഠനസമ്പ്രദായമാണ്. പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കേവലം പരീക്ഷകളിൽ 100% കരസ്ഥമാക്കാൻ വഴിപാടിന് പഠിപ്പിച്ചെടുക്കുന്നതിന് പകരം അവരിൽ സമൂലമായ പരിവർത്തനം ഉണ്ടാക്കുന്ന വ്യവസ്‌ഥ സൃഷ്ടിക്കപ്പെടണം. അതിന് കഴിവുറ്റതും ആത്മാർത്ഥതയുമുള്ള ഒരദ്ധ്യാപകസമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണം. മറ്റൊരു ജോലിയും ലഭിച്ചില്ലെങ്കിൽ നാട്ടിൽതന്നെ ചുറ്റിപ്പറ്റി നിൽക്കാനുള്ള ഒരുപാദിയായി അധ്യാപകകോഴ്‌സുകൾ മാറിത്തീരുന്ന പുതിയ കാലത്ത് നമ്മുടെ വരുന്ന തലമുറയുടെ വിദ്യാഭ്യാസമേന്മ എത്രത്തോളം ഉണ്ടാവുമെന്നത് ചിന്തനീയമാണ്. ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ ഇനിയും A+കാരെ അധിക്ഷേപിച്ച് നാം മുന്നോട്ട് ഗമിക്കേണ്ട ദുർഗതി കൈവരുമെന്നതിൽ സംശയമേതുമില്ല.

Muneer Gvk