Monday 06 December 2021 12:13 PM IST : By സ്വന്തം ലേഖകൻ

‘അന്ന് സ്കൂൾബസിലെ കണ്ടക്ടർ, ഇന്ന് ഹെവി ലൈസൻസുള്ള ഡ്രൈവർ’: ജീവിതം തിരികെപ്പിടിക്കാൻ വളയംപിടിച്ച സുജ

driver-lady

കൊല്ലത്ത് നിന്നും യുഎഇയുടെ മണ്ണിൽ പറന്നിറങ്ങി ആദ്യമായി ഹെവി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ പെണ്ണിന്റെ കഥ പറയുകയാണ് ഫൈസി നജാത്ത്. നഷ്ടപെട്ട സന്തോഷവും സ്വപ്നങ്ങളും ജീവിതവും തിരികെപിടിക്കാൻ നിരാശയോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു സുജയ്ക്ക് ദൈവാനുഗ്രഹം പോലെ ഹെവി ഡ്രൈവറുടെ മേൽവിലാസം ലഭിക്കുന്നത്. .ദുബായിലെ ഒരു പ്രൈവറ്റ് സ്കൂളിലെ കണ്ടക്ടർ ആയിട്ടായിരുന്നു ആദ്യംജോലി. അവിടുന്ന് കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ് സുജയെ ഡ്രൈവറുടെ റോളിലെത്തിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഫൈസി ആ കഠിനാദ്ധ്വാന കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കൊല്ലത്തു നിന്നും UAE ലേക്ക് പറന്നിറങ്ങി ആദ്യമായി ഹെവി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ പെണ്ണിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം :

കൊല്ലം ജില്ലയിലെ കുരീപ്പുഴ എന്ന ഗ്രാമത്തിൽ തങ്കച്ചൻ ഗ്രേസി ദമ്പദികളുടെ മൂത്തമകളാണ് സുജ തങ്കച്ചൻ, ഡൊമിനിക് ആണ് സുജയുടെ അനിയൻ. നഷ്ടപെട്ട സന്തോഷവും സ്വപ്നങ്ങളും ജീവിതവും തിരികെപിടിക്കാൻ നിരാശയോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു ദൈവാനുഗ്രഹത്താൽ ഒരു വിസ ശരിയായത്. ദുബായിലെ ഒരു പ്രൈവറ്റ് സ്കൂളിലെ കണ്ടക്ടർ ആയിട്ടായിരുന്നു ജോലി. അങ്ങനെ 2016 ഏപ്രിൽ 14 വിഷു ദിനത്തിൽ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. കഷ്ടപ്പാട് ഉള്ള ജോലിയായിരുന്നെങ്കിൽ പോലും കുട്ടികളുമായി ഇടപെഴകുന്നതിനാൽ മനസ്സിന് മടുപ്പ് തോന്നിയിരുന്നില്ല എന്നും സുജ പറയുന്നു.

താൻ ഒരുപാട് ലക്ഷ്യത്തോടെയാണ് കടലേഴും കടന്ന് ദുബായിലേക്ക് വന്നത്, സ്വന്തം കാലിൽ നിൽക്കുക, സ്വന്തമായി ഒരു വീട് ഇതൊക്കെ നിറവേണമെങ്കിൽ ഈ ജോലി മതിയാകില്ലായിരുന്നു,എന്നാൽ ആ സ്കൂൾ വിട്ട് പോകാനും മനസില്ല,എന്ത് ചെയ്യും എന്നത് ഒരു ചോദ്യചിഹ്നമായി നിന്നപ്പോഴാണ് മനസ്സിൽ കുട്ടികാലത്തുണ്ടായ ആഗ്രഹം വീണ്ടും പൂവിടാൻ തുടങ്ങിയത്, ഡ്രൈവിങ്, ആ ആഗ്രഹത്തിന് ഒരു കാരണംകൂടി ഉണ്ട് തന്റെ അമ്മാവൻ വല്യ ഡ്രൈവർ ആയിരുന്നു കുട്ടിക്കാലത്ത് അത് കാണുമ്പോൾ തനിക്കും അതുപോലെ വാഹനം ഓടിക്കണം എന്നായിരുന്നു ആഗ്രഹം എന്ന് സുജ പറയുന്നു.

എന്നാൽ നാട്ടിൽ ഇരുചക്രവാഹനം മാത്രം ഓടിച്ചു പരിചയമുള്ള സുജ ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചു, കാരണം ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്താൽ സ്കൂളും കുട്ടികളെയും വിട്ട് എങ്ങും പോവാതെ ഇവിടെത്തന്നെ ജോലിയും ചെയ്യാം, അതായിരുന്നു ലക്ഷ്യം. തന്റെ ആഗ്രഹം വിട്ടുകാരോടും സ്കൂൾ അധികൃതരോടും പറഞ്ഞപ്പോൾ ഇരുക്കുട്ടരും പിന്തുണച്ചു. സ്കൂളിലെ ക്രിസ്റ്റി മാം തന്റെ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞ് അദ്ദേഹം സുജ ജോലി ചെയ്യുന്ന കമ്പനിയിലെ സൂപ്പർവൈസർ ആയിരുന്നു. രാജേഷ് എന്നാണ് പേര്. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളെ സുജ ഇന്നും ഓർക്കുന്നു "ധൈര്യമായി ലൈസൻസ് എടുത്തോളൂ കമ്പനിയിൽ ജോലി ഉറപ്പാണ്" ആ വാക്കുകൾ നൽകിയ ആത്മവിശ്വാസമാണ് ഇന്ന് സുജയെന്ന കൊല്ലംകാരിയെ ഒരു ചരിത്രത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചത്.അങ്ങനെ താൻ അൽ അഹ്‌ലി എന്ന സ്ഥാപനത്തിൽ ചേരുകയും ഒരു മലയാളി ആയിരുന്ന ഗിവർഗീസ് അച്ചായൻ പരിശീലനം നൽകുകയും ചെയ്തു ,കുടുംബത്തിന്റെയും സ്കൂൾ അധികൃതരുടെയും പിന്തുണയും ആയപ്പോൾ ലക്ഷ്യത്തിലേക്കുള്ള ദൂരം എളുപ്പമായിരുന്നെങ്കിലും പല കടമ്പകളും കടന്ന് പരിശ്രമത്തിനൊടുവിൽ 2019സെപ്റ്റംബർ 30ന് ലൈസൻസ് സ്വന്തമാക്കുകയും നവംബർ 3 ന് ഡ്രൈവറായി സ്കൂളിൽ കയറുകയുമായിരുന്നു. അന്ന് മുതൽ ഇന്നുവരെയും ദൈവാനുഗ്രഹത്താൽ സന്തോഷത്തോടെ സ്കൂൾ കുട്ടികൾക്കൊപ്പം ജീവിതം മുന്നോട്ട്...

വിവരണം : Faizy najath