Saturday 24 September 2022 11:43 AM IST : By സ്വന്തം ലേഖകൻ

മരണക്കിടക്കയിൽ അച്ഛൻ അവസാനമായി പറഞ്ഞ ആഗ്രഹം; സർക്കാർ ജോലി നേടി വാക്കു പാലിച്ച് ഇരട്ടകളായ സുമിത്രയും സുമിതയും

sumithra

മരണക്കിടക്കയിൽ അച്ഛൻ അവസാനമായി പറഞ്ഞ ആഗ്രഹം സാധിച്ചെടുത്ത് ഇരട്ടകളായ മക്കൾ. അധ്യാപക ജോലി കിട്ടി റജിസ്റ്ററിൽ ഒപ്പു വയ്ക്കുമ്പോൾ സുമിത്രയും സുമിതയും അച്ഛനു നൽകിയ വാക്ക് പാലിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. ജനനം മുതൽ ഒന്നിച്ച ഇരുവർക്കും സർക്കാർ ജോലി ലഭിച്ചതും ഒന്നിച്ചു തന്നെയായത് കൗതുകമായി.

രാജപുരം പാണത്തൂർ കുണ്ടുപ്പള്ളിയിലെ സുമിത്ര, സുമിത സഹോദരിമാരാണ് അധ്യാപക ജോലി നേടിയെടുക്കണമെന്ന തങ്ങളുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം കഠിന പ്രയത്നത്തിലൂടെ സാധിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഇവർ അധ്യാപികമാരായി ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചു. സുമിത്ര പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിലും സുമിത ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിലുമാണ് എൽപി വിഭാഗം അധ്യാപികമാരായി ജോലിക്കു ചേർന്നത്.

കുണ്ടുപ്പള്ളിയിലെ പരേതനായ ബൈരു –ജയന്തി ദമ്പതികളുടെ മക്കളാണ് സുമിത്രയും സുമിതയും. ചിറങ്കടവ്  ഗവ.വെൽഫെയർ ഹൈസ്കൂളിലാണ് ഇരുവരും 7-ാം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് കാസർകോട് ജിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നെല്ലിക്കുന്ന് എന്നിവിടങ്ങളിലായി എസ്എസ്എൽസിയും പ്ലസ്ടുവും പൂർത്തിയാക്കി. കാസർകോട് നായന്മാർമുലയിലെ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ നിന്ന് ടിടിസി പൂർത്തിയാക്കി. പിഎസ്‌സി പരീക്ഷ എഴുതിയതും ഒരുമിച്ചായിരുന്നു. ‌

Tags:
  • Spotlight
  • Inspirational Story