Monday 06 July 2020 03:55 PM IST : By സ്വന്തം ലേഖകൻ

സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു

swapnaz

വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയുയെ വാർത്ത പുറത്തു വരികയാണ്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക കേരള ഐ.ടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷ് എന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്. ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ അവരെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. കരാർ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്.

നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയിൽ സ്‌പെയ്‌സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്.

അതേസമയം, കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത്, കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വർണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘം മുൻപും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വർണം പുറത്തെത്തിച്ചിരുന്നത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. തുടർ നടപടിയിൽ നിയമോപദേശം തേടാനാണ് കസ്റ്റംസിന്റെ തീരുമാനം.

കേരളത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ.

ഭക്ഷണസാധനമെന്ന പേരിലാണ്  ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.