Saturday 04 December 2021 10:32 AM IST : By സ്വന്തം ലേഖകൻ

പിറന്നാളിന് പ്രിയപ്പെട്ടവനായി കരുതിവച്ചത് ചുവന്ന ഷർട്ട്: അന്ത്യയാത്രയിൽ സന്ദീപിന്റെ നെഞ്ചോടു ചേർത്ത് സുനിത

sandeep-death

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി പല വഴിക്കു കടന്ന പ്രതികളെ 18 മണിക്കൂറിനകം പൊലീസ് വലയിലാക്കി. പ്രതികൾ ആരെല്ലാമെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്നു പൊലീസിനു വ്യക്തമായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി സംഭവ സ്ഥലത്തെത്തി അന്വേഷണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥരെ വരുത്തി. രാത്രി തന്നെ 7 ടീമുകൾക്ക് രൂപം നൽകി. റാന്നി ഡിവൈഎസ്പി, പന്തളം, കൂടൽ, കീഴ്‌‌വായ്പൂര്, പുളിക്കീഴ് ഇൻസ്പെക്ടർമാർ, എസ്പിയുടെ ഷാഡോ സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം. 

പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കരുവാറ്റ, ഹരിപ്പാട് പൊലീസ് സ്റ്റേഷനു കീഴിലാണെങ്കിലും ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് കൂടൽ ഇൻസ്പെക്ടറും എസ്പിയുടെ ഷാഡോ സംഘവും ഉൾപ്പെട്ട 12 പേർ പ്രതികളെ തേടിയെത്തിയത്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾ തകഴി വഴിയാണ് കരുവാറ്റയിൽ എത്തിയത്. പൊലീസിന് പെട്ടെന്ന് വാഹനത്തിൽ എത്തിപ്പെടാൻ കഴിയാത്ത സ്ഥലമാണ് പ്രതികൾ ഒളിത്താവളമായി കണ്ടെത്തിയത്. പ്രതികൾ കരുവാറ്റ പാലപ്പറമ്പ് കോളനിയിലുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ  മനസ്സിലാക്കിയ അന്വേഷണസംഘം, അവർക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ആദ്യമേ അടച്ചിരുന്നു. പ്രതികൾക്ക് കോളനിക്കു സമീപമുള്ള കാരമുട്ട് ദ്വീപിലേക്കു രക്ഷപ്പെടാനുള്ള വഴി ഉണ്ടെന്നും പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതിനാൽ പ്രതികൾ ഓടിയാലും രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് നിലയുറപ്പിച്ചിരുന്നു.

തുടർന്ന് കോളനിയിലെ വീട് പൊലീസ് സംഘം വളഞ്ഞു. വീട് പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മണിക്കൂറുകളോളം രഹസ്യമായി വീട് നിരീക്ഷിച്ചു. പുലർച്ചെ മൂന്നരയോടെ വീടിന്റെ കതക് തകർത്ത് അകത്തു കയറി പിടികൂടുകയായിരുന്നു. പ്രതികളെ കൂടാതെ വീട്ടുടമസ്ഥന്റെ മകൻ രതീഷും വീടിനുള്ളിലുണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കോളനിയിൽ എത്തിയ ബൈക്കുകളും കസ്റ്റ‍ിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സ്വദേശി ജനാസ് കുറ്റപ്പുഴയിലെ ലോഡ്ജിൽ ഉണ്ടെന്നു മനസ്സിലാക്കിയത്. പുലർച്ചെ നാലരയോടെ ലോഡ്ജിലെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഈ സമയം കോട്ടയം ജില്ലയിൽ കാപ്പ കേസുള്ള സുജിത്ത് എന്നയാളും മുറിയിലുണ്ടായിരുന്നു. ഇവരിൽ നിന്ന് കഞ്ചാവും കണ്ടെത്തി. പ്രതികളെല്ലാവരും ഇതിനും മുൻപും സംഘം ചേർന്നു കുറ്റകൃത്യം നടത്തിയിട്ടുണ്ട്. എടത്വയിൽ നിന്നാണ് വിഷ്ണുവിനെ പൊലീസിനു കിട്ടുന്നത്. 

ഒരു വർഷത്തിനിടെ 3 കേസുകളാണ് ഈ സംഘത്തിന്റെ പേരിലുള്ളത്. ഇവരെല്ലാം ജയിലിൽ പരസ്പരം ഒന്നിച്ചു കഴി‍ഞ്ഞു ബന്ധം വളർത്തിയവരാണെന്നും പൊലീസ് പറഞ്ഞു. സന്ദീപ് കൊല്ലപ്പെട്ട രാത്രിയിൽ പ്രതികളായ 5 പേരും നന്നായി മദ്യപിച്ചിരുന്നു. കഞ്ചാവും ഉപയോഗിച്ചു. ജിഷ്ണുവിന്റെ അമ്മയ്ക്കു പുളിക്കീഴ് പൊതുമേഖലാ സ്ഥാപനത്തിലുള്ള താൽക്കാലിക ജോലി സന്ദീപ് ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇരുവരും തർക്കിച്ചതെന്നും പൊലീസ് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നും ജീഷ്ണു മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. 

ജിഷ്ണു സ്ഥിരം കുറ്റവാളി

രാഷ്ട്രീയ വൈരാഗ്യവും ഒപ്പം ലഹരിക്കടിമപ്പെട്ട സ്ഥിരം ഗുണ്ടകളുടെ ക്രിമിനൽ സ്വഭാവവുമാണ് പെരിങ്ങര കൊലപാതകത്തിനു കാരണമായതെന്നു പൊലീസ്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായിരുന്നു ഒന്നാം പ്രതി ജിഷ്ണു. നേരത്തേ പല കേസിലും പ്രതിയായതോടെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ പി.ബി.സന്ദീപ്കുമാറിനോട് ജിഷ്ണുവിന് രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. 

ജിഷ്ണു അവസാനം ജയിലിൽ നിന്നിറങ്ങിയത് 3 മാസം മുൻപാണ്. കുന്നന്താനത്ത് അനീഷ് ഏബ്രഹാം എന്നയാളെ മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമിച്ചതാണ് കേസ്. ഇതിനു മുൻപ് തിരുവല്ലയിലും കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും സമാനമായ കേസുകൾ ജിഷ്ണുവിനെതിരെ ഉണ്ട്. ജയിലിൽ കഴിഞ്ഞ കാലയളവിൽ മറ്റു കുറ്റവാളികളുമായുള്ള  പരിചയം പുറത്തിറങ്ങുമ്പോഴും തുടർന്നിരുന്നു. കോട്ടയം ജില്ലയിലെ കാപ്പ കേസിൽപെട്ട 2 കുറ്റവാളികൾക്കൊപ്പം തിരുവല്ലയിലെ ലോഡ്ജിലാണ് ജിഷ്ണുവും സംഘാംഗങ്ങളും താമസിച്ചിരുന്നത്. കരുവാറ്റയിലേക്ക് പോകും വഴിയാണ് സന്ദീപിനെ വധിച്ചതെന്നും പ്രതികൾ പറഞ്ഞു.

2 ദിവസം കൂടി കാത്തിരുന്നെങ്കിൽ അണിയാമായിരുന്നു സുനിതയുടെ സമ്മാനം, ആ ചുവന്ന ഷർട്ട് 

പിറന്നാൾ സമ്മാനമായി നൽകാൻ വാങ്ങിയ ഷർട്ട് ഭർത്താവിന്റെ അന്ത്യയാത്രയ്ക്കുള്ള ആദരവായി സുനിത നൽകുമ്പോൾ പെരിങ്ങര ചാത്തങ്കരി പുത്തൻപറമ്പിൽ വീട്ടിൽ കൂടിനിന്നിരുന്ന ജനാവലിയുടെ കണ്ണുകളിൽ ഈറനണിഞ്ഞു. 2 ദിവസം കൂടി ആയുസ്സ് ലഭിച്ചിരുന്നെങ്കിൽ സന്ദീപിന് അണിയാമായിരുന്നു ഈ ചുവന്ന ഷർട്ട്.

രണ്ടാമത്തെ പ്രസവം കഴിഞ്ഞു 2 മാസം പോലും തികഞ്ഞിട്ടില്ലാത്ത കുഞ്ഞുമായി ചങ്ങനാശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിലായിരുന്നു ഭാര്യ സുനിത.ഇന്ന് സന്ദീപിന്റെ പിറന്നാൾ ആണ്. കൊല്ലപ്പെടുന്നതിനു മിനിറ്റുകൾക്കു മുൻപ് സുനിതയ്ക്ക് ഫോണിൽ സന്ദേശമായി സന്ദീപ് കവിത അയച്ചിരുന്നു.