Tuesday 30 June 2020 01:03 PM IST : By സ്വന്തം ലേഖകൻ

ടിക് ടോക് നിരോധനം ആഘോഷിക്കുമ്പോള്‍ ഇങ്ങനെ ചിലത് കൂടി ഓർക്കണം; അപകടം ചൂണ്ടിക്കാട്ടി കുറിപ്പ്

tik-tok

ടിക് ടോക് നിരോധനം വാർത്തകളിൽ നിറയുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രീകാന്ത് എംഎസ്. വലുപ്പ ചെറുപ്പമില്ലാതെ ഏവരും ഏറ്റെടുത്ത ചൈനീസ് ആപ്പിന്റെ നിരോധനത്തെ എങ്ങനെ ഉൾക്കൊള്ളും എന്ന് ചിന്തിക്കുംമ്പോൾ പേടി തോന്നുന്നുണ്ടെന്ന് ശ്രീകാന്ത് കുറിക്കുന്നു. വീഡിയോ ഗെയിമിന്റെ പേരിൽ ആത്മഹത്യകളും കൊലപാതകളും നടന്നിട്ടുള്ള ലോകമാണിത്. ഈ ലോകത്തിലെ മനുഷ്യരിൽ ഒട്ടനവധി പേർ ഒന്നല്ലെങ്കിൽ മറ്റൊരു ചാപല്യങ്ങൾക്ക് വിധേയപ്പെട്ട് പോവുകയും അതിലവർ അവസാനിക്കുകയും ചെയ്തിട്ടുണ്ട് എന്നും ശ്രീകാന്ത് ഓർമ്മിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ടിക്ക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്യ്തു.,
ട്രോളിയും, ദേശീയതയുടെ തീവ്ര വികാരപ്രകടനങ്ങളിലൂടെയും ടിക്ക് ടോക്കിന് ആദരാഞ്ജലികൾ അർപ്പിച്ച് തൃപ്തിയടഞ്ഞവർ അനേകമുണ്ട്.,
വെറുതെ ഒരു കൗതുകത്തിന് എത്ര ചൈനീസ് ആപ്പുകൾ നമ്മുടെയെല്ലാം ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ട് എന്ന് നോക്കിയിട്ടുണ്ടോ., അല്പം മുമ്പ് ഞാനൊന്ന് നോക്കിയിരുന്നു ടിക്ക് ടോക്കടക്കം അഞ്ച് ആപ്പുകളോളം എൻ്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു., അതവിടെ നിൽക്കട്ടെ..!

59 ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെടുംമ്പോൾ ടിക്ക് ടോക്കിനെ കൂടുതലായ് ട്രോളുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായ് ശ്രദ്ധയിൽപ്പെട്ടു.. അതിനിപ്പോ എന്താണന്നല്ലെ..

ചൈനയിൽ നിർമ്മിതമായ ഒരു എൻ്റർടെയനർ ആയ ആപ്ലിക്കേഷൻ ലോകത്തിൻ്റെ മുക്കും മൂലയിലും സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കപ്പെടുകയും.,
ആ ആപ്ലിക്കേഷനെ കേന്ദ്രീകരിച്ചു കൊണ്ട് നിരവധി സെലിബിറ്റികൾ ഉണ്ടാവുകയും ചെയ്യുന്നു.,
സിനിമാ താരങ്ങളുടെത് പോലെ സാഹിത്യകാരന്മാരുടേത് പോലെ രാഷ്ട്രീയ നേതാക്കന്മാരുടേത് പോലെ പ്രസിദ്ധിയാർജ്ജിച്ച് പുതിയ പേരുകൾ, പ്രൊഫൈലുകൾ സമൂഹത്തിനിടയിലേക്ക് ആഴ്ന്നിറങ്ങുന്നു. അതും മറ്റുള്ള മേഖലകളെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ നേരം കൊണ്ട്..!

പ്രായ വ്യത്യാസമില്ലാതെ ലിംഗഭേദമില്ലാതെ
ജാതിയപരമായതും മതപരവുമായതും
രാഷ്ട്രീയപരവുമായ മേഖലകളിലേയും
ഏറ്റവും ദരിദ്രരായ മനുഷ്യർ മുതൽ അതിസമ്പന്നരായ മനുഷ്യർ വരെ ഒരു ഫ്ലാറ്റ്ഫോമിനകത്ത് നിന്നു കൊണ്ട് അതിർവരമ്പുകളില്ലാതെ മത്സരിച്ചിരുന്ന ഒരു ആപ്ലിക്കേഷൻ ആസ്വാദത്തിനും മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരുന്നില്ല എന്നതും ജനകീയത വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

കല എത്രത്തോളം സ്ഫോടകാത്മകമാണോ
കലാക്കാരന്മാർ വികാര വിക്ഷേപണങ്ങളിൽ അത്ര തന്നെ തീവ്രതയേറിയവരാണ്.
നിമിഷ നേരങ്ങൾ കൊണ്ട് ഒരു കലാ-സൗഹൃദ പ്രകടനത്തെ സാധാരണക്കാരായ മനുഷ്യർക്കിടയിൽ പോലും ഏറ്റെടുക്കപ്പെടുന്നുവെങ്കിൽ എത്രത്തോളം ജനകീയമാകുന്നു കലയും കല-സൗഹൃദ പ്രകടനങ്ങളും എന്നും വേണം മനസിലാക്കാൻ..

നിഷ്കളങ്കമായ ഒരു സമൂഹത്തിൻ്റെ തുറന്നു പറച്ചിലുകൾ എന്ന പോലെയും സാധാരണക്കാരുടെ മാനസീകോലാസത്തിൻ്റെ നവയുഗവേദിയായും മാറിയ ടിക്ക് ടോക്ക്
മാനസീകമായ് ദുർബലരായ മനുഷ്യരും., അതോടൊപ്പം മറ്റു വേദികളിൽ ഊഴം കാത്തിരുന്ന് തങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുവാൻ ആഗ്രഹിച്ചിരുന്ന മനുഷ്യരും., അവസരങ്ങൾ കിട്ടാതെ പോയവരും തിരസ്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരാണ് നെഞ്ചേറ്റിയിരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്., എല്ലാവരും അങ്ങനെയാണ് എന്നല്ല., അങ്ങനെയുള്ളവരും ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.,

അത്തരത്തിലുള്ള മനുഷ്യരെ കുറിച്ചാണ് ഞാനാലോചിക്കുന്നത്.,
അവരെ സംബന്ധിച്ചിടത്തോളം അവർ വീണ്ടും ഇരുട്ടിലേക്ക് മറയപ്പെടുകയാണ്.,
എങ്ങനെയാണ് ആ മനുഷ്യർ നിരോധനത്തെ ഉൾക്കൊള്ളുവാൻ പോകുന്നത് എന്ന് ചിന്തിക്കുംമ്പോൾ പേടി തോന്നുന്നുണ്ട്..

വീഡിയോ ഗെയിമിൻ്റെ പേരിൽ ആത്മഹത്യകളും കൊലപാതകളും നടന്നിട്ടുള്ള ലോകമാണ്.,
ഈ ലോകത്തിലെ മനുഷ്യരിൽ ഒട്ടന്നവധി പേർ ഒന്നല്ലെങ്കിൽ മറ്റൊരു ചാപല്യങ്ങൾക്ക് വിധേയപ്പെട്ട് പോവുകയും അതിലവർ അവസാനിക്കുകയും ചെയ്തിട്ടുണ്ട്..

ആരും അവസാനിക്കാതിരിക്കട്ടെ..!!