Friday 23 April 2021 04:52 PM IST

‘ദേ... അവൻ ആള് മറ്റേതാ’: പരിഹസിച്ചവരുടെ വായടപ്പിച്ച വിജയഗാഥ: സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ഇതാ

Binsha Muhammed

tony-1

‘കാണുമ്പോൾ നിങ്ങൾക്ക് അടക്കിപ്പിരിച്ച ചില ചിരികളുണ്ട്, തോലു പൊളിക്കുന്ന പരിഹാസങ്ങളുണ്ട്, ശരീരത്തെ ജീവനോടെ പോസ്റ്റുമോർട്ടം ചെയ്യുന്ന കൂരമ്പു പോലത്തെ നോട്ടങ്ങളുണ്ട്. എന്നാൽ എത്ര പേർ ഞങ്ങളെ പോലുള്ളവരുടെ മനസു കണ്ടിട്ടുണ്ടാകും. ഒന്നോർക്കൂ... നേരം ത്രിസന്ധ്യയാകുമ്പോൾ ബസ് സ്റ്റോപ്പിലും റോഡരികത്തും കാണുന്ന ശരീരം വിൽക്കുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. 9 മണിക്ക് ശേഷം പുറത്തിറങ്ങുന്ന വെറുമൊരു ‘ഗേ’ അല്ല ഞാൻ. മജ്ജയും മാംസവുമുള്ള, ജീവിതത്തെ പറ്റി ഒത്തിരി സ്വപ്നങ്ങളുള്ള മനുഷ്യനാണ്. . ഇതെന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം.’

ഒരായുഷ്ക്കാലം മുഴുവൻ കേട്ട പരിഹാസങ്ങൾക്കുള്ള ഉത്തരം ടോണിയുടെ ആ ഒരൊറ്റ മറുപടിയിലുണ്ട്. ആണിനും പെണ്ണിനുമപ്പുറം മറ്റൊരു ജൻഡറുമില്ലെന്ന് പറഞ്ഞും പഠിച്ച് ശീലിച്ചവർക്കിടയിൽ ദുഷ്ക്കരമായിരുന്നു ഈ കൊച്ചിക്കാരന്റെ ജീവിതം. തന്റെ സ്വത്വവും താത്പര്യവും വിഭിന്നമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം പരിഹാസമെത്തിയത് സ്വന്തം കുടുംബത്തിൽ നിന്ന്. ‘ദേ... അവൻ മറ്റേതാ...’ അടക്കംപറച്ചിലുകാർക്കു മുന്നിൽ തന്റെ ജീവിതസത്യം ഉച്ചത്തിൽ വിളിഞ്ഞു പറഞ്ഞായിരുന്നു ആ നിലപാടുകളുടെ തുടക്കം. അത് ഇന്നെത്തി നിൽക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള മേക് അപ് ആർട്ടിസ്റ്റിന്റെ മേൽവിലാസത്തിലാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും മാത്രം പതിച്ചു കൊടുത്തിരിക്കുന്ന മേക് അപ് രംഗത്തേക്ക് ടോണിയെത്തുമ്പോൾ അടിവരയിടുന്നത് ആ ജീവിതവും നിലപാടും കൂടിയാണ്. മീൻപിടുത്തക്കാരനായ അച്ഛന്റെ മകൻ സിനിമാ ലോകം വരെ തേടുന്ന മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ കഥ ടോണി തന്നെ പറയുന്നു ‘വനിത ഓൺലൈനോട്.’

രണ്ട് സ്വത്വങ്ങൾക്കിടയില്‍ ഏത് തിരഞ്ഞെടുക്കണം എന്നറിയാതെ വീർപ്പുമുട്ടുന്ന എത്രയോ പേരുണ്ട്. പൊട്ടാറായ ബലൂൺ കണക്കെ ജീവിതം ജീവിച്ചു തീർക്കുന്നവർ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ വച്ച് അവർ അത് തിരഞ്ഞെടുക്കും. പക്ഷേ എന്റെ കഥയൊരൽപ്പം സ്പെഷ്യലാണ്. ബൈ ബർത്ത്... ഐ ആം എ ഗേ– ടോണി പറഞ്ഞു തുടങ്ങുകയാണ്.

tony-3

ക്യൂട്ടക്സിനേയും കൺമഷിയേയും പ്രണയിച്ച ബാല്യം

നാലാം ക്ലാസിൽ പഠിക്കുമ്പോഴേ ഒരു ചങ്ങാതിയോട് തോന്നിയ അടുപ്പം... ഇഷ്ടം... അത് എന്റെ മനസാണെന്ന് അന്നു തന്നെ തിരിച്ചറിഞ്ഞു. പക്ഷേ ടെക്നിക്കലി അതിനെ ഗേ എന്ന് വിളിക്കുന്ന പക്വതയിലേക്ക് നാടെത്തിയിരുന്നില്ല. മീൻപിടുത്തക്കാരനായ അച്ഛൻ മൈക്കിൾ അമ്മ എൽസി. അത്യാവശ്യം പരാധീനതകളും പ്രാരാബ്ദങ്ങളുമുള്ള കുടുംബത്തിൽ എന്റെ പ്രവൃത്തി മാത്രം പലരേയും ചൊടിപ്പിച്ചു. പെൺകുട്ടികളോടുള്ള കൂട്ടുകൂടലും സ്ത്രീകളും സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതും വലിയ ഒച്ചപ്പാടാണ് കുടുംബത്തിൽ ഉണ്ടാക്കിയത്. ക്യൂട്ടക്സ് ഇട്ടതിന്റെ പേരിൽ ഞാൻ കേട്ട വഴക്കും പരിഹാസവും ഇന്നും ഓർമ്മയുണ്ട്. പക്ഷേ എത്ര ചീത്ത പറഞ്ഞിട്ടും അതൊക്കെ എന്റെ ശീലങ്ങളായി തുടർന്നു. വിട്ടുമാറിയതേയില്ല. പക്ഷേ വീട്ടുകാർക്ക് അതൊരു തിരിച്ചറിവായിരുന്നു. എന്റെ സ്വത്വം വിഭിന്നമാണെന്ന് അവർ തിരിച്ചറിഞ്ഞു. എന്റെ തീരുമാനങ്ങളും നിലപാടുകളും അത് ഉറച്ചതാണെന്നെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വലിയ ഭൂകമ്പങ്ങൾ അന്നുണ്ടായില്ല. എതിർപ്പിനിടയിലും അവർക്ക് ഞാനുമായി പൊരുത്തപ്പെടേണ്ടി വന്നു. പക്ഷേ ഏറെ വേദനിപ്പിച്ചത് ബന്ധുക്കൾക്കിടയിലെ അടക്കം പറച്ചിലുകളാണ്. ഫങ്ഷനൊക്കെ പോകുമ്പോൾ വീട്ടുകാർ തന്നെ എന്നെക്കുറിച്ച് മോശമായി പറയുന്നത് കേട്ട് മനസുനൊന്തു. നീ മറ്റേ ടൈപ്പല്ലേടാ... നിന്നെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാമെന്ന് ഒരിക്കൽ ഒരു ബന്ധു പറഞ്ഞത് ജീവിതത്തിലെ വേദനിപ്പിക്കുന്ന അധ്യായമാണ്. പക്ഷേ അന്ന് കണക്കിന് മറുപടി കൊടുത്തു എന്നുമാത്രമല്ല, അതിൽപ്പിന്നെ ഫംഗ്ഷനുകളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കാനും ശ്രമിച്ചു. പക്ഷേ എല്ലാ അനുഭവങ്ങളും എന്നെ കൂടുതൽ കരുത്തനാക്കി കൊണ്ടേയിരുന്നു.

tonny-4

കൗമാര കാലത്ത് എന്റെ പഴയൊരു പുരുഷ സുഹൃത്തിനെ കണ്ടുമുട്ടിയത് എന്റെ ഗേ എന്ന സ്വത്വം ഊട്ടിയുറപ്പിക്കുകയായിരുന്നു. ബസിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ സൗഹൃദം വീണ്ടും പൊടിതട്ടിയെടുത്തു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി നിൽക്കുമ്പോൾ തന്നെയും അദ്ദേഹത്തിന്റെ സാമീപ്യവും അടുപ്പവും എന്റെ ഉള്ളിന്റെ ഉള്ളിലെ താത്പര്യങ്ങളെ കണ്ണാടിയിലെന്ന പോലെ എനിക്കു മുന്നിൽ കാട്ടിത്തന്നു. ആണൊരുത്തൻ മറുവശത്ത് നിൽക്കുമ്പോൾ ഞാനാരാണ് എന്ന തോന്നലുകൾ, തിരിച്ചറിവുകൾ... ആ കാലം നിർണായകമായി.

tony-2

ജീവിതം വഴികാട്ടുന്നു

ബിരുദ പഠന കഴിഞ്ഞ് എന്താണ് മുന്നോട്ടുള്ള വഴിയെന്ന് ആലോചിച്ച് നിൽക്കുന്ന സമയം. ഏത് വഴി തിരിയും, ഏത് പ്രഫഷൻ തിരഞ്ഞെടുക്കും. അവിടെയും എന്നെ തുണച്ചത് എന്റെ ജീവിതവും അഭിരുചികളുമാണ്. കൺമഷിയും കരിവളകളും ക്യൂട്ടക്സും ആഭരണങ്ങളും ഇഷ്ടപ്പെട്ടിരുന്ന എന്റെ ബാല്യവും കൗമാരവും മേക്കപ്പാണ് വഴിയെന്ന് പറയാതെ പറഞ്ഞു. ഇതിനിടെ കൊച്ചിയിലും ബംഗളൂരുവിലും ഹോട്ടലുകളിൽ ജോലി ചെയ്തു. ബംഗളുരുവിൽ ഹോട്ടലിൽ റിസപ്ഷൻ മാനേജരായി ജോലി നോക്കുമ്പോഴും ഇതല്ല എന്റെ വഴിയെന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടെ സംഭവിച്ച ഒരു ബ്രേക്കപ്പ് എന്നെ തെല്ലൊന്നുമല്ല ഉലച്ചത്. കോഴിക്കോട് സ്വദേശിയായ വ്യക്തിയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ അന്ന് ഏറെ മാനസികമായി വിഷമിച്ചു. സങ്കടത്തി്ൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടി.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അവിനാഷ് ഛേട്ടിയയുമായുള്ള സോഷ്യൽ മീഡിയ സൗഹൃദമാണ് എല്ലാം വേദനകളിൽ നിന്നും എന്നെ കരയകറ്റുന്നതും തലവര മാറ്റുന്നതു അദ്ദേഹം പകർന്നു തന്ന പാഠങ്ങൾ ജീവിത്തിൽ വഴിവിളക്കായി. പതിയെ പതിയെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മേൽവിലാസം എനിക്കു കിട്ടി. കൊച്ചിയിൽ നിന്നും കിട്ടിയ മേക്കപ്പ് പാഠങ്ങളുമായി തിരികെ ബംഗളുരുവിലേക്ക് പോകുമ്പോഴും എനിക്ക് കിട്ടിയത് കുറച്ചു ബ്രൈഡൽ മേക്കപ്പുകൾ മാത്രം. അവിടം കൊണ്ട് ഒടുങ്ങരുത് എന്റെ പ്രഫഷൻ എന്ന ആഗ്രഹം ഉള്ളിലിട്ടു കൊണ്ടാണ് ഒരിടവേളയ്ക്കു ശേഷം വീണ്ടും കൊച്ചിയിലേക്ക് വണ്ടികയറുന്നത്. മേക്കപ്പ് പ്രഫഷനാക്കാൻ കൊതിച്ച ടോണിയുടെ കയ്യിൽ അന്ന് എന്തുണ്ട് ഒന്നു ചോദിച്ചാൽ എടുത്തുപറയത്തക്ക ഒന്നുമില്ല, കരിയറിൽ ആകെയുള്ള മുതൽക്കൂട്ടും ഈ പറഞ്ഞ ബ്രൈഡൽ മേക്കപ്പ് മാത്രമായിരുന്നു. പക്ഷേ നിരാശനായില്ല.

ആദ്യമായി സിനിമാതാരം രചന നാരായണൻകുട്ടിയെ മേക്കപ്പ് ചെയ്യാൻ കിട്ടിയ അവസരമായിരുന്നു വഴിത്തിരിവായത്. എന്റെ ഗുരു അവിനാശ് ഛേട്ടിയയുടെ കെയർഓഫിലാണ് അന്ന് ആ അവസരം കിട്ടിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യയുടെ ടൈം ലെസ് ബ്യൂട്ടി ശോഭന മാം, ദീപ്തി സതി, ലെന തുടങ്ങി നിരവധി താരങ്ങൾക്ക് ചമയമൊരുക്കാൻ എന്റെ ബ്ലഷും ഐഷാഡോയും ലിപ്സ്റ്റിക്കും വേണ്ടി വന്നു. നടി ദുർഗ കൃഷ്ണയുടെ വിവാഹത്തിന് ചെയ്ത മേക്കപ്പാണ് ഏറ്റവും ഒടുവിലെ ഓർമ്മിക്കുന്ന നിമിഷം.

tony-5

ജീവിതം പുതിയ നിയോഗങ്ങൾ തരുമ്പോൾ ഞാൻ ഹാപ്പിയാണ്. വെറുമൊരു മീൻപിടുത്തക്കാരന്റെ മകന്... ഗേ എന്ന് പലരും ആക്ഷേപിച്ച ഒരാൾക്ക് പലതും ചെയ്യാനാകുമെന്ന് തെളിയിച്ച ജീവിതമാണ് കടന്നു പോയത്. കുഞ്ഞുനാളിലെ നല്ലൊരു ജീവിതം സ്വപ്നം കണ്ടവനാണ് ഞാൻ. അന്നത്തെ ഇല്ലായ്മകളുടെ കടംവീട്ടി ജീവിതം സന്തോഷങ്ങൾ തിരികെ തന്നു കൊണ്ടേയിരിക്കുന്നു. കുടുംബത്തിൽ ആദ്യമായി കാര്‍ വാങ്ങിയത് ഞാനാണെന്ന് ഓർക്കുമ്പോൾ അഭിമാനം ഇരട്ടിക്കുന്നു.

ഈ പ്രഫഷന്റെ തണലിൽ ജീവിതം ഹാപ്പിയായി പോകുന്നുവെന്നത് നേര്. പക്ഷേ അപ്പോഴും ചില സങ്കടങ്ങള്‍ ബാക്കി. മേക്കപ്പ് എന്നാൽ ട്രാൻസ്ജെൻഡറുകളും സ്ത്രീകളും മാത്രമാണെന്ന പൊതുധാരണ, അതുമാറണം, ഞങ്ങളെപ്പോലുള്ളവരേയും അംഗീകരിക്കണം. കഴിവിന്റെ അളവുകോൽ വ്യക്തിത്വം മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരും അതുൾക്കൊള്ളും എന്നു തന്നെയാണ് എന്റെ വിശ്വാസം– ടോണി പറഞ്ഞു നിർത്തി.