Friday 05 June 2020 04:24 PM IST

ചർമരോഗങ്ങൾ തൊട്ട് പകർച്ചവ്യാധികൾക്ക് വരെ പ്രതിവിധി; വീട്ടുമുറ്റത്ത് നടാം പ്രതിരോധം തീർക്കും ഔഷധസസ്യങ്ങളും വ്യക്ഷങ്ങളും!

Chaithra Lakshmi

Sub Editor

seedlingshands-1000

കാഴ്ചയിൽ ഭംഗിയുള്ള ചെടികളും മരങ്ങളും മാത്രം മതിയോ വീട്ടുമുറ്റത്ത്. ഔഷധഗുണമുള്ള സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും വീട്ടുവളപ്പിൽ ഇടം നൽകിയാൽ വീട്ടുകാർക്ക് രോഗപ്രതിരോധശക്തി സ്വന്തമാക്കാം. ആര്യവേപ്പ്, കൂവളം, പ്ലാശ്, തുളസി, നെല്ലി ഇവയാണ് പ്രധാനമായി ഓരോ വീട്ടിലും നടേണ്ടത്. കോവിഡ് 19 പോലെയുള്ള രോഗങ്ങൾ പടരുന്ന കാലത്ത് പ്രതിരോധശക്തി വർധിപ്പിക്കാൻ ഈ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നമ്മെ സഹായിക്കും.

ആര്യവേപ്പ്

ഗ്രാമവൈദ്യൻ എന്നാണ് ആര്യവേപ്പിനെ വിേശഷിപ്പിക്കുക. ഒരു ഗ്രാമത്തിലെ വൈദ്യന് തുല്യമാണ്  ആര്യവേപ്പ് എന്നർഥം. ആര്യവേപ്പിന്റെ  എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്. ഇലയും തൊലിയുമാണ്  ഔഷധങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നത്. പകർച്ച വ്യാധികൾ ഉള്ളപ്പോൾ വീടിനുള്ളിൽ ആര്യവേപ്പ് പുകയ്ക്കുന്നത് ഗുണം ചെയ്യും. ചർമരോഗങ്ങൾക്ക് മികച്ച പ്രതിവിധിയാണ് ആര്യവേപ്പ്. ചർമത്തിലെ രോഗങ്ങളകറ്റി ആരോഗ്യമേകാൻ ആര്യവേപ്പിന്റെ ഉപയോഗം സഹായിക്കും. ആര്യവേപ്പും മഞ്ഞളും േചർന്ന കൂട്ട് വിഷം നീക്കുന്നതിന് പ്രയോജനം ചെയ്യും. ജൈവകീടനാശിനി നിർമാണത്തിലും പാരിസ്ഥിത സന്തുലനത്തിലും ആര്യവേപ്പിന് ഏറെ പ്രാധാന്യമുണ്ട്.  ഓരോ വീട്ടിലും ആര്യവേപ്പ് നട്ട് പിടിപ്പിക്കുന്നത് ഗുണകരമാണ്.

കൂവളം  

ആയുർവേദത്തിൽ മിക്കവാറും എല്ലാ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഔഷധമാണ് കൂവളം. ദശമൂലത്തിലെ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. വില്വാദി ഗുളിക, വില്വാദി ലേഹ്യം തുടങ്ങിയ  ആയുർവേദ ഔഷധങ്ങളിലും കൂവളം ചേർക്കാറുണ്ട്.  കൂവളത്തിന്റെ ഇല,കായ, വേര് എന്നിവ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. വേരിനാണ് കൂടുതൽ ഔഷധഗുണമുള്ളത്. രണ്ട് ലീറ്റർ വെള്ളത്തിൽ പതിനഞ്ച് ഗ്രാം കൂവളത്തിന്റെ വേരും അൽപം ഇഞ്ചിയും ചതച്ച് ചേർത്ത് തിളപ്പിക്കുക. ഈ വെള്ളം   കുടിക്കുന്നത്  ശ്വാസകോശങ്ങളിലെ മസിലിന്റെ സ്റ്റിഫ്നെസ് കുറയ്ക്കും. േകാവിഡ് 19 േരാഗം ബാധിക്കുന്നവർക്ക് ഇങ്ങനെ ശ്വാസകോശങ്ങളിലെ മസിലിന് സ്റ്റിഫ്നെസ് ഉണ്ടാകാറുണ്ട്. ഇത് രോഗിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത്തരം അവസ്ഥ തടയാൻ ഫലപ്രദമാണ് കൂവളം.

തുളസി 

രോഗപ്രതിരോധശക്തിയേകുകയും ഒട്ടേറെ രോഗങ്ങൾക്ക്പ്രതിവിധിയേകുകയും ചെയ്യുന്ന ഔഷധസസ്യമാണ് തുളസി. ശുദ്ധവായുവേകും എന്നതാണ് തുളസിയുടെ പ്രധാന ഗുണങ്ങളിലൊന്ന്.  പണ്ട് കാലം മുതലേ കേരളത്തിലെ വീടുകളുടെ മുൻപിൽ തുളസിച്ചെടി നട്ട് പിടിപ്പിക്കുന്നതിന്റെ കാരണം ഇത് തന്നെ. പൂമുഖത്ത് നട്ട് പിടിപ്പിച്ചാൽ വീടിനുള്ളിൽ ശുദ്ധവായു ലഭ്യമാകും.  തുളസിയില ചേർത്ത ഔഷധങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധശക്തിേയകുകയും പനി പോലെയുള്ള രോഗങ്ങൾ ഭേദമാക്കുകയും  ചെയ്യും. തുളസിയുടെ ഇല, തണ്ട് ഇവയെല്ലാം ഔഷധമായുപയോഗിക്കുന്നു. 

പ്ലാശ് അഥവാ ചമത

പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട് പ്ലാശ്  എന്ന ഔഷധവൃക്ഷത്തെക്കുറിച്ച്. പകർച്ചവ്യാധികൾ കുറയാൻ സഹായിക്കുമെന്നതാണ് പ്ലാശിന്റെ പ്രധാന ഗുണം.  പൂവ്, ഇല,കായ്, തൊലി ഇവ ഔഷധഗുണമുള്ളവയാണ്. ഉത്തരേന്ത്യയിൽ ഹോളിക്ക് മുൻപാണ് പ്ലാശ് പൂക്കുന്നത്. പഴയ കാലത്ത് ഹോളി ആഘോഷത്തിന്റെ സമയത്ത്  നിറങ്ങളുണ്ടാക്കാൻ പ്ലാശിന്റെ പൂവ്  ഉപയോഗിച്ചിരുന്നു.  പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരുന്നത്. വംശനാശം നേരിടുകയാണ് ഗുണങ്ങളേറെയുള്ള ഈ ഔഷധവൃക്ഷം. 

നെല്ലി 

ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന കായ്ഫലമേകുന്ന വൃക്ഷങ്ങളിൽ പ്രധാനമാണ് നെല്ലി . ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉത്തമമായ ആഹാരവും ഔഷധവുമാണ് നെല്ലിക്ക.   വൈറ്റമിൻ സി സമൃദ്ധമായി അടങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് രോഗങ്ങൾ തടയാൻ  സഹായിക്കും. വൈറ്റമിൻ എ, വൈറ്റമിൻ ബി, കാൽസ്യം, അയൺ ഇവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ മഞ്ഞൾ, കുരുമുളക്, ഇഞ്ചി, ചിറ്റമൃത് തുടങ്ങിയവയും വീട്ടുവളപ്പിൽ നട്ട് പിടിപ്പിക്കാം. ഇവ രോഗപ്രതിരോധശക്തിയേകുന്ന ഔഷധസസ്യങ്ങളാണ്. 

വിവരങ്ങൾക്ക് കടപ്പാട് : ഡോ. കെ. എസ്. രജിതൻ, സീനിയർ കൺസൽറ്റന്റ്, ഔഷധി പഞ്ചകർമ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, തൃശൂർ

Tags:
  • Spotlight