Friday 29 May 2020 04:33 PM IST

ഒരു രൂപ പോലും കയ്യിൽ കരുതാതെ വീടുവിട്ടിറങ്ങി, കിട്ടുന്നത് കഴിച്ച്, എത്തുന്നിടത്ത് ഉറങ്ങി; ഈ മലയാളി പെൺകുട്ടി ലിഫ്റ്റടിച്ച് യാത്ര ചെയ്തത് 5000 കിലോമീറ്ററിലധികം...!

Akhila Sreedhar

Sub Editor

girl-solo-traveller221445

‘Life is either a daring adventure or nothing...’ ഒരൊറ്റ രൂപ കയ്യിൽ കരുതാതെ അവശ്യ സാധനങ്ങളും പായ്ക്ക് ചെയ്ത് വീട്ടിൽ‌ നിന്ന് ഇറങ്ങുമ്പോൾ ഉമ റോയ് എന്ന 21 വയസ്സുകാരി മലയാളി പെൺകുട്ടിയ്ക്ക് മുന്നിൽ പുതിയൊരു ലോകം വാതിൽ തുറക്കുകയായിരുന്നു. കാണാൻ കാഴ്ചകൾ ഏറെയുണ്ട്. നേരിടാൻ ഒട്ടേറെ അനുഭവങ്ങളും വെല്ലുവിളികളും. 

ഹിച്ച് ഹൈക്കിങ്ങിനായി വീടുവിട്ടിറങ്ങുമ്പോൾ മനസ്സ് മുഴുവൻ ഹെലൻ കെല്ലറുടെ ഈ വാചകമായിരുന്നു, ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ്, അല്ലെങ്കിൽ ഒന്നുമില്ല. എവിടെ പോകുന്നു, എവിടെ താമസിക്കും, എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ചിന്തകളോടൊക്കെ തൽക്കാലം ബൈ പറഞ്ഞ് 2019 സെപ്റ്റംബർ മൂന്നിന് ഉമ യാത്ര തുടങ്ങി. എട്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും കണ്ട് 5000 കിലോമീറ്ററിലധികം യാത്ര ചെയ്തു. 

യാത്രയിൽ നിന്ന്  കുറച്ചുകാലത്തേക്ക് ചെറിയൊരു ബ്രേക്ക് എടുത്ത് ഇപ്പോൾ അസമിൽ തുടരുന്നു. ലിഫ്റ്റ് ചോദിച്ച് കാണുന്ന വണ്ടികളിൽ കയറി, കിട്ടുന്ന ഇടങ്ങളിൽ ഉറങ്ങി ഒരു തൃശൂർകാരി പെൺകുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം യാത്ര ചെയ്തെന്നോ? അവിശ്വസനീയം എന്നാണ് കരുതുന്നതെങ്കിൽ ഉമയെ നിങ്ങൾ  അറിഞ്ഞിരിക്കണം.

‘ലിഫ്റ്റ് ചോദിച്ചായിരുന്നു യാത്രകൾ. കേൾക്കുമ്പോൾ എളുപ്പമെന്ന് കരുതാമെങ്കിലും ലിഫ്റ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ട്രക്ക്, ലോറി, ഓട്ടോ, ടൂവീലർ അങ്ങനെ എന്തും കിട്ടുന്ന വണ്ടിയ്ക്ക് കയറി ആയിരുന്നു മുന്നോട്ട് പോയത്. നല്ല ക്ഷമ വേണ്ട ഏർപ്പാടാണ്. ചിലർ ചീത്ത വിളിക്കും. വണ്ടിയിൽ കയറ്റാതെ പോകും, പതിയെ അതൊക്കെ ശീലമായി. ഈ യാത്ര എങ്ങനെ ആണ് എന്നതിന് മുൻകൂട്ടി പ്ലാനിങ് ഉണ്ടായിരുന്നില്ല. 

രാത്രി യാത്ര ചെയ്യാറില്ല. ഇരുട്ടും മുൻപ് താമസിക്കാൻ ഒരിടം കണ്ടെത്തും. എവിടെ എത്തുന്നോ അവിടെ കാണുന്ന ഏതെങ്കിലും വീടിന്റെ വാതിൽ മുട്ടും. ഞാനിങ്ങനെ യാത്ര പോകുന്നു, ഇന്നിവിടെ താമസിച്ചോട്ടെ അപേക്ഷിക്കും. പലരും വാതിൽ കൊട്ടിയടയ്ക്കും. ചിലർ താമസവും ഭക്ഷണവും തരും. തുടക്കകാലത്തൊക്കെ ഇങ്ങനെയായിരുന്നു താമസം കണ്ടെത്തിയത്. 

പിന്നെ റെയിൽവേ േസ്റ്റഷൻ, അമ്പലങ്ങൾ, പള്ളികൾ തുടങ്ങി എവിടെ സ്ഥലം കിട്ടുന്നോ അവിടെ ഉറങ്ങാൻ ശീലിച്ചു. നിരവധി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ യാത്രാനുഭവങ്ങളുടെ ഭാഗമായി മാത്രമേ കണ്ടിട്ടുള്ളൂ’ ഉമ പറയുന്നു. യാത്ര ഒരു തരം ലഹരിയാണ്, അത് ആസ്വദിച്ച് തുടങ്ങിയാൽ  പിന്നെ മുന്നിൽ തടസ്സങ്ങളില്ല, അങ്ങനെ പാറിപ്പറന്ന് നടക്കാം... ഉമയുടെ യാത്രാവിശേഷങ്ങൾ കാണാം...

(യാത്രാവിവരണം പൂർണമായും വായിക്കാം മെയ് ലക്കം മനോരമ ട്രാവലർ മാഗസിനിൽ)

Tags:
  • Spotlight