Thursday 16 May 2019 10:31 AM IST : By സ്വന്തം ലേഖകൻ

വൈഷ്ണവിയെ നരബലി നൽകാൻ ശ്രമിച്ച കുടുംബം; മരണത്തിനു തലേന്നും മന്ത്രവാദം; ആഭിചാര കേന്ദ്രം അടുക്കളയുടെ പുറകുവശം

vaishnavi

പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിൻവശത്ത് നാട്ടുകാർക്ക് ആർക്കുമറിയാത്തെ നിഗൂഢമായ പൂജാസ്ഥലം. രണ്ട് വിഗ്രഹങ്ങൾ. നിറയെ പൂജാസാമഗ്രികൾ, വാട്ടർ കണക്‌ഷൻ, രാത്രികാല ആവശ്യത്തിന് ബൾബുകൾ. അരഭിത്തിക്കു മുകളിൽ ടാർപോളിൻ വിരിച്ച ഈ സ്ഥലത്താണ് മന്ത്രവാദ, ആഭിചാരക്രിയകൾ ചന്ദ്രനും കൃഷ്ണമ്മയും സ്ഥിരമായി നടത്തിയിരുന്നത്.

വായ്പ സംബന്ധമായി ബാങ്കിൽ നിന്ന് വരുന്ന പേപ്പറുകൾ ഈ പൂജാസ്ഥലത്ത് വച്ച് പ്രാർഥിക്കുകയായിരുന്നു ഇവരുടെ രീതി. കോട്ടൂരിൽ നിന്നൊരു മന്ത്രവാദിയാണ് സ്ഥിരമായി ഇവിടെയെത്തി പൂജ നടത്തിയിരുന്നതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. വൈഷ്ണവിയെ ചെറുപ്പത്തിൽ നരബലിക്ക് കൊടുക്കാൻ ശ്രമം നടന്നിരുന്നതായും ആരോപണമുണ്ട്. 

black ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം വീട്ടിലേക്കു കൊണ്ടുവരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ ഈ സ്ഥലത്ത് പൂജയ്ക്ക് വച്ചിരുന്നു. ഇത് ഇന്നലെ രാവിലെ പൊലീസ് കണ്ടെടുത്തു. 'അവർ നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കേണ്ട, അവർ വസിക്കുന്ന മണ്ണ് അവര് നോക്കിക്കൊള്ളും' എന്നായിരുന്നു ജപ്തി നടപടികൾ പുരോഗമിച്ചപ്പോഴും കൃഷ്ണമ്മ പറഞ്ഞുകൊണ്ടിരുന്നത്. ഇത് ലേഖയെയും വൈഷ്ണവിയെയും വലിയ സമ്മർദത്തിലാക്കി. ജപ്തി നടപടി മുടക്കാൻ മന്ത്രവാദത്തിന് കഴിയുമെന്നാണ് കൃഷ്ണമ്മ വിശ്വസിച്ചത്.

അടുക്കളയുടെ പിൻഭാഗത്ത് ഇത്തരമൊരു പൂജാസ്ഥലം വിധിപ്രകാരം സാധ്യമല്ലെന്നും ഇത് ദുർമന്ത്രവാദത്തിനുള്ളതാണെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ ആരെയും വീട്ടിൽ കയറ്റുന്ന സ്വഭാവമില്ലാത്തതിനാൽ വീട് ഇപ്പോഴും നാട്ടുകാർക്ക് അന്യമാണ്. 

ആരെങ്കിലും വന്നാൽ ചന്ദ്രന്റെ അമ്മ അവരെ തടയുമായിരുന്നു. രാത്രികാലങ്ങളിലും ഈ പൂജാസ്ഥലത്ത് വെളിച്ചം കാണാമായിരുന്നുവെന്നും ചിലർ പറയുന്നു.ആരുമായും സംസാരിക്കാൻ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. പുറത്തേക്കു പോകുന്നത് തന്നെ അപൂർവം. ചന്ദ്രനും ആരെങ്കിലുമായും സംസാരിച്ച ശേഷം ഉടനടി സ്ഥലം കാലിയാക്കുന്ന സ്വഭാവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

മരണത്തിനു തലേന്നും നടന്നു,  മന്ത്രവാദം 

മരണത്തിന് തലേന്നും ചന്ദ്രന്റെ വീട്ടിൽ മന്ത്രവാദവും പൂജയും നടന്നിരുന്നതായി ലേഖയുടെ സഹോദരീ ഭർത്താവ് ദേവരാജൻ. ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കാനായി ഒരു മന്ത്രവാദി വീട്ടിലെത്തി പൂജ ചെയ്യുമെന്നായിരുന്നു ലേഖ ദേവരാജനോട് ഫോണിൽ പറഞ്ഞത്.

പിറ്റേന്ന് വീട് വാങ്ങാമെന്നേറ്റ ബാലരാമപുരം സ്വദേശിയുടെ കയ്യിൽ നിന്ന് പണം ലഭിക്കുമെന്നും പറഞ്ഞിരുന്നു. വീട്ടിലെ മന്ത്രവാദം സ്ഥിരം പരിപാടിയാണെന്ന് ദേവരാജൻ പറഞ്ഞു. ചന്ദ്രന്റെ അച്ഛന്റെ അസ്ഥി ഈ പൂജാസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് സമീപവാസികളോട് പറഞ്ഞിരുന്നത്. എല്ലാ ദിവസവും ചന്ദ്രൻ ഇവിടെയെത്തി തിരിതെളിയിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.