Wednesday 14 February 2018 05:38 PM IST

‘ഒരു പാതിയിൽ നീ, മറുപാതിയിൽ ഞാൻ’; പറയാതെ പറഞ്ഞ് പെയർ ഡ്രസ്സ്, ആക്സസറീസ്, ടാറ്റൂ..

Lakshmi Premkumar

Sub Editor

lovers001 ഫോട്ടോ: ശ്യാം ബാബു

‘കൃത്യം പന്ത്രണ്ടു മണിയാകാൻ കാത്തിരിക്കുകയായിരുന്നു. െഎ ആം ഇൻ ലൗ’ എന്ന സ്റ്റാറ്റസ് അപ്ഡേഷനൊപ്പം പരസ്പരം  വിരലുകൾ ചേർത്തു തീർത്ത ‘സ്വീറ്റ് ഹാർട്ട്’ചിത്രം സിംബോളിക്കായി  ഫെയ്സ്ബുക് വാളിൽ പോസ്റ്റ് ചെയ്തിട്ട് െബഡ്ഡിലേക്ക് ഒറ്റച്ചാട്ടം. ഇനി സ്വസ്ഥമായി ഉറങ്ങാം. നാളത്തെ പ്രണയദിനത്തിൽ അച്ഛനും അമ്മയും കൂട്ടുകാരും മുഴുവൻ തേടി നടക്കട്ടെ, ആരുടേതാണ് ആ ഹൃദയത്തിന്റെ പാതിയിലെ വിരലുകൾ എന്ന്.

നമ്മുടെ പിള്ളേരിപ്പോൾ ഇങ്ങനെയൊക്കെയാണ് ഭായ്!!!  ഞങ്ങൾ രണ്ടല്ല ഒരു ഹൃദയമാണെന്ന കാര്യം പണ്ടത്തെപ്പോലെ മറച്ചു പിടിക്കാനല്ല, മറിച്ച് ചില സിംബലുകളിലൂടെ വിളിച്ചു പറയാനാണ് അവർക്കിഷ്ടം . ‘എന്താടേ ഇങ്ങനെ?’ എന്നു ചോദിച്ചാൽ  അവർ പറയും ‘വാ, ഈ വാലന്റൈൻസ് ഡേയുടെ ഹൈലൈറ്റ് എന്താണെന്ന് കണ്ടിട്ടില്ലേൽ വാ, ക്യാംപസിലേക്ക് വാ...’

കപ്പിൾ‌ ടീ ഷർട്ട് സൂപ്പർഹിറ്റ്

മുറിഞ്ഞു പോയ ഒരു ഹൃദയത്തിന്റെ ചിത്രമുള്ള ടീഷർട്ടും ഇട്ട്  നടക്കുന്ന പയ്യൻസിനെ കണ്ട് ‘ആയ്യോ ഈ പാവത്തിന്റെ ചങ്കു തകർത്തവൾ ആരാണെ’ന്നൊന്നും നോ ക്കേണ്ട. ദാ, അവൾ വരുന്നു.  പയ്യന്റെ ടീഷർട്ടിൽ നിന്ന് അടർന്നുപോയ ഹൃദയത്തിന്റെ ബാക്കിയതാ അവളുടെ ഉടലിൽ. രണ്ടുപേരും ചേർന്നു നിൽക്കുമ്പോൾ മിന്നുന്ന മൊബൈൽ ആകാശത്തേക്ക്. സെൽഫിയിലിരുന്ന് മുറിവുകളുടെ ഇടർച്ച അൽപംപോലുമില്ലാതെ  ആ  ഹൃദയം  മിടിച്ചു തുടങ്ങിയത് കാണുന്നില്ലേ ?

ചിലപ്പോൾ പ്രണയത്തിന്റെ സന്ദേശങ്ങൾ ചേർത്തിണക്കിയാകാം. ചിലപ്പോൾ ഇവനെന്റെ രാജാവെന്നും ഇവളെന്റെ രാഞ്ജിയെന്നും പറയുന്ന ചിത്രങ്ങളാകാം. പാതി വരച്ച പൂമ്പാറ്റകൾ ഒന്നിച്ച് ചേരുമ്പോൾ വിരിയുന്ന വണ്ടർ ബട്ടർഫ്ലൈ ആണെങ്കിൽ ‘നൈസ് പിക്’ എന്ന കമന്റ് എപ്പഴേ വീണു കഴിഞ്ഞു. എ ന്തായാലും  ആരുടെ മുന്നിലും പ്രണയത്തെ  വിളിച്ചു പറയാൻ കാണിക്കുന്ന ആ ധൈര്യത്തിന് നൽകണം നൂറ് ലൈക്ക്.

സൂചി പേടിയുണ്ടോ?

വാലന്റൈൻ ആഘോഷങ്ങൾക്കിടയി ൽ ആദ്യമായി പ്രണയം പറഞ്ഞ അവന്റെ തിളങ്ങുന്ന കണ്ണിലേക്ക്  നോക്കി  അവൾ ചോദിച്ചു, സൂചി പേടിയുണ്ടോ? പയ്യൻസ് സർവധൈര്യവുമെടുത്ത് പറഞ്ഞു ‘ഒരിക്കലുമില്ല.’ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞ് ഖൽബ് കൈമാറിയതിന്റെ  ഫസ്റ്റ് ആനിവേഴ്സറി ഡേയിൽ വീണ്ടും അവൾ അവനോട് ചോദിച്ചു, ‘സൂചി പേടിയുണ്ടോ? ഇല്ലേൽ വാ... ’

lovers002

പച്ച മാംസത്തിലേക്ക് ഒരായിരം തവണ സൂചി മുനകൾ കയറി ഇറങ്ങുമ്പോൾ വേദനയോ? ഹേയ്, എല്ലാം നിനക്കു വേണ്ടിയല്ലേ?. ഒടുവില്‍ അവന്റെ ഇടനെഞ്ചിലും അവളുടെ മോതിര വിരലിലും പച്ച നിറത്തിൽ റോസാപ്പൂ വിരിഞ്ഞു.  പ്രാണന്റെ പാതിയാകേണ്ടവൾക്കു വേണ്ടി ഏതറ്റം വരെയും പോകാൻ അവൻ റെഡിയായിരുന്നു. പിന്നെ, അവന്റെ നെഞ്ചിലെ റോസാപ്പൂവിൽ സ്വന്തം  കൈയിൽ പതിഞ്ഞ റോസാപ്പൂ കോർത്ത് വച്ച്  അവൾ കൂട്ടൂകാരോട് പറഞ്ഞു.‘ Its an amazing plan’  

പറന്നു പോകുന്ന പക്ഷിക്കൂട്ടങ്ങളിൽ പകുതി കാമുകന്റെ കൈയ്യിൽ. മറുപാതിയാകട്ടെ കാമുകിയുടെ ഇടനെഞ്ചിൽ സുരക്ഷിതം. ചേർത്തു വയ്ക്കുമ്പോൾ ഇരുവരിലേക്കും തൊടുക്കാൻ തയാറായി നില്‍ക്കുന്ന ഹൃദയവും അമ്പും, പേരിന്റെ ആദ്യാക്ഷരത്തിന് മുകളിലായി വരച്ചു ചേർത്ത സമാധാനത്തിന്റെ അടയാളം..... ഇ ഷ്ടപ്പെട്ട ഏതു ചിത്രവും ടാറ്റുവായി മാറുന്നു.

ഇതൊക്കെ അൽപം സോഫ്റ്റ് ആൻഡ് സോബർ ലവേഴ്സിനാണു കേട്ടോ. നെഞ്ചത്ത് ‘പായ്ക്ക്’ വച്ചു നടക്കുന്ന ജിമ്മനും അവന്റെ ചങ്കു പ്രണയിനിയായ ചുരുണ്ടമുടിക്കാരി ജാങ്കോ പെണ്ണിനും ഇഷ്ടം  പടർന്ന് പന്തലിച്ച വ്യാളിയുടെ ചിത്രമായിരിക്കും. ‘പ്രെയർ പെയർ’ അഥവാ ഭക്തി മാർഗക്കാരാണെങ്കിൽ സംസ്കൃത സൂക്തങ്ങളും ബൈബിൾ വാക്യങ്ങളും ഈശ്വരബിംബങ്ങളും പെയർ ടാറ്റൂവിൽ വിരിയാറുണ്ട്. 

തള്ള വിരലിനോട് ചേർത്ത് പച്ച മഷിയില്‍ ഒരു ടാറ്റൂ. മനോഹരമായ ഒരു താഴ്. ‘ഇതിന്റെ താക്കോലെവിടെയെന്ന് അന്വേഷിച്ചവരോട് മിടുക്കുണ്ടേൽ കണ്ടു പിടിക്ക് എന്നൊരു ടാസ്ക് കൊടുക്കും. ഹല്ല പിന്നെ... ഉടനെ ഫ്രണ്ട്സ് എല്ലാം സെർച് തുടങ്ങും. സംശയം ഉള്ള എല്ലാ വിരലുകളും കൈകളും പരിശോധനയ്ക്ക് വിധേയമാകും. അവസാനം താക്കോൽ കണ്ടെത്തിയാൽ ഉറപ്പായി, ഇത് അവന്റെ ഹൃദയത്തിലേക്കുള്ള വാതിൽ തുറക്കാൻ തന്നെയെന്ന്.

‘‘കോളജ് കുട്ടികളാണ്  പെയർ ടാറ്റൂ ചെയ്യാൻ കൂടുതലും എത്തുന്നത്. ചിലരെ കാണുമ്പോഴേ അറിയാം പ്രണയം എത്രത്തോളം പോകുമെന്ന്. പേരുകൾ പരസ്പരം ടാറ്റൂ ചെയ്യണമെന്നായിരിക്കും ആവശ്യം. അപ്പോൾ  ഞങ്ങൾ പറഞ്ഞു കൊടുക്കും അതിന്റെ റിസ്കിനെ കുറിച്ച്. വേണ്ടെന്ന് തോന്നുമ്പോൾ മായിച്ചു കളയാൻ കഴിയുന്നതല്ലല്ലോ ടാറ്റൂ.’’ കൊച്ചിയിലെ ടാറ്റൂ സെന്റർ ഉടമ ശ്യാമ പറയുന്നു.

കൂടുതൽ ആളുകളും കൈകളാണ് ടാറ്റൂവിനായി തിരഞ്ഞെടുക്കുന്നത്. വലിയ ഷോ ഒാഫ് ഒന്നും ഇഷ്ടമില്ലാത്തവർ പേരിന്റെ ആദ്യാക്ഷരങ്ങൾ  നെഞ്ചിൽ ടാറ്റു ചെയ്തിടും. ചെവിയുടെ പുറകിൽ, കഴുത്തിന് പുറകിൽ, കൈവിരലുകളിൽ ഇവിടെയെല്ലാമാണ് പെൺകുട്ടികൾ കൂടുതലും ടാറ്റൂ പതിക്കുന്നത്. ആൺകുട്ടികൾ തോളിലും പുറത്തും  തുടങ്ങി കാൽ വിരലുകളിലടക്കം ചെയ്തുകളയും.

ഒരേ നിറം, പ്രണയ നിറം

ഇനിയിപ്പോ അൽപം ഫ്രീക്കി ലൈനാണെന്നു വയ്ക്കുക.  മുടിയിൽ ഇടിവെട്ടു കളറും  അടിച്ച് ചീറിപ്പാഞ്ഞു പോകുമ്പോൾ  ‘മുടിയിലേയ്ക്ക് പെയിന്റ് ബോക്സ് മറിഞ്ഞുവീണപോലെയുള്ള പോക്കു കണ്ടാ...’ എന്നാരെങ്കിലും കമന്റടിച്ചാൽ അതൊരു കോംപ്ലിമെന്റായി എടുക്കുന്ന ബ്രോസ് ഉണ്ട്. ഉറപ്പാണ്, അവനൊപ്പം  അതേ കളർ പെയിന്റ് ബോക്സ് തലയിൽ വീണ ഒരു പെൺകുട്ടിയുമുണ്ടാകും വണ്ടിയിൽ ഒപ്പം.

ബർഗണ്ടി, ഗോൾഡൻ തുടങ്ങി ഗ്രേയും പച്ചയും നീലയും ഹെയർ കളറിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ട്. ഫ്രീക്കനും ഫ്രീക്കത്തിയും ഒരു പോലെ മുടി നീട്ടി ഹെയർ സെറ്റ് ചെയ്യുന്നതും ട്രെൻഡാണ്. ‘‘തലമുടി നമ്മുടെ സ്വന്തം സ്വത്തല്ലേ? പരീക്ഷണം നടത്തിയാൽ ആരും ചോദിക്കാൻ വരില്ലല്ലോ, അതുകൊണ്ടാണ് ധൈര്യമായി മുടിയിഴകളിലൂടെ പ്രണയത്തെ കൂട്ടിചേർത്തത്.

പ്രണയിക്കുന്ന കാലത്ത് ഞങ്ങളുടെ മുടികൾ ഒരേ നിറത്തിൽ. ഓർമകളിൽ എന്നും കാത്തു വയ്ക്കാവുന്ന സുഖമുള്ള കാലം.’’  ഫ്രീക്ക് ഫാമിലിക്ക് പെയർ കളറിങ്ങിനെക്കുറിച്ച്  പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.

lovers005

കിസ്സിങ് മഗ്

തീർന്നില്ല,പ്രണയത്തിന്റെ മധുരം കിനിയുന്ന സർപ്രൈസ് സമ്മാനങ്ങൾ ഇ നിയുമുണ്ട്. വീട്ടിലിരിക്കുമ്പോഴും നീയെന്റെ അരികിലുണ്ടെന്ന് തോന്നാൻ, നിന്റെ ഓരോ ചുടുചുംബനവും ഏറ്റു വാങ്ങാൻ ഒരു കോഫി മഗ് വേണ്ടേ? നിനക്കരികിൽ ഞാനുണ്ടെന്ന ഓർമപ്പെടുത്തലിന്റെ ചൂടു കാപ്പിയിലതാ സ്നേഹം ആവി പറത്തുന്നു.

സമ്മാനം കിട്ടിയ ഈ കോഫി മഗ്ഗിനെന്തോ ഒരു കുഴപ്പമുണ്ടല്ലോ എന്ന സംശയം അമ്മയ്ക്ക് തോന്നിയാൽ അതിൽ തെറ്റൊന്നുമില്ല. കാരണം, പെയർ കപ്പുകൾ എന്നും അപൂർണമാണ്.
ഫിനിഷിങ് തോന്നണമെങ്കിൽ ഒരു കപ്പുകൂടി മറുവശത്ത് വരണം. തോളോട് തോൾ ചേർന്ന് മുട്ടിയുരുമ്മി ഇരിക്കണം.  രണ്ടെണ്ണം ചേർത്തു വച്ചാൽ മാത്രം അർഥം ലഭിക്കുന്ന കുറേ ചിത്രങ്ങളും വാക്കുകളുമാണ് പെയർ കപ്പിന്റെ ഹൈലൈറ്റ്. ഇടക്കൊക്കെ രണ്ട് പേർക്കും ഈ കപ്പ് ക്യാംപസിൽ കൊണ്ട് വരാം, എല്ലാവരും കാൺകെ ഒന്നിച്ചു വക്കാം, അ സൂയയോടെ നോക്കുന്നവരോട് ധൈര്യമായി പറയാം. ‘‘അതേ, ഞങ്ങൾ ഇങ്ങനെയാണെടോ.’’

ചൂടു കാപ്പി  കുടിച്ചെങ്കിൽ ഇനിയൊരു തണുത്ത ഐസ് ക്രീം  കഴിക്കാം. ഐസ്ക്രീം പാർലറിലേക്കു കാറ്റുപോലെ പറക്കാൻ ഏതു വണ്ടിയെടുത്താലും കീചെയിനിൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ മതി. അപ്പോള്‍  കാണാം ഒരദ്ഭുതം കൂടി. പ്രണയം കൈമാറിയപ്പോൾ നൽകിയ  ആദ്യത്തെ സമ്മാനമായ പെയർ കീച്ചെയിൻ. പേരിന്റെ ആദ്യാക്ഷരങ്ങളാകാം, അതല്ലങ്കിൽ  ചേർത്ത് വക്കുമ്പോൾ ചുംബിക്കുന്ന മുഖങ്ങളാകാം. അതിപ്പോൾ ഉപയോഗിക്കണമെന്നൊന്നുമില്ല സൂക്ഷിച്ച് വച്ചാൽ മതി. അലമാരയ്ക്കകത്ത്...അല്ല, ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്....

തണുക്കട്ടെ ഹൃദയം

പ്രണയ വണ്ടി നേരെ ചെന്നത്  ഏറ്റവും പുതിയ െഎസ്ക്രീം ഷോപ്പിൽ. നടുവിലെ സ്ട്രോബറി ചെയറിൽ ഇരുന്ന് ഇരുവരും പറഞ്ഞു ‘വൺ പെയർ ഐസ്ക്രീം പ്ലീസ്.’ ഒരേ ഒരു ബൗളിൽ നിറങ്ങൾ ഇടകലർത്തിയെത്തിയ ഐസ് ക്രീം അൽപം നാണത്തോടെ അവരെ നോക്കി. ഇനി രണ്ടരികിൽ നിന്നും അവർ ഒരുമിച്ച് മധുരം നുണയാൻ തുടങ്ങും. കഴിക്കും തോറും മുഖങ്ങൾ അടുത്തടുത്തു വരും. അതാ, ടേബിളിൽ ചേർന്നിരിക്കുന്ന അവരുടെ മൊബൈലുകൾ നോക്കൂ.  ചേർത്തുവച്ചാൽ മാത്രം പൂർണമാകുന്ന ചിത്രവുമായി അതും പെയർ പൗച്ചുകൾ.

കഥ പറയുന്ന ആ മൊബൈലുകൾ അവർ കൈയിലെടുക്കുമ്പോൾ സെ ൽഫികൾ ചിക്, ചിക് എന്നു വിരി യുന്നു. എല്ലാ സെൽഫികളിലും ജോ‍ഡിചേർന്നു നിന്ന് തുടുത്ത ഹൃദയങ്ങൾ ചോദിക്കുന്നു. ‘എന്താ, കിടുവല്ലേ?’