Friday 25 May 2018 12:10 PM IST

സമ്മാനത്തിളക്കത്തിൽ വനിത കവർഗേൾ; ഗാന മുരളിക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍

Syama

Sub Editor

cover_girl
ഡാസ്‌ലർ സെയ്ൽസ് വൈസ് പ്രസിഡന്റ് എം.എസ്. സീതാരാമൻ, ഗാന മുരളി, രമ്യ നമ്പീശൻ, എം.എം പബ്ലിക്കേഷൻസ് സി.ഇ.ഓ.സജീവ് ജോർജ് എന്നിവർ അവാർഡ് വേളയിൽ

വെള്ളിത്തിരയിലേക്കു മിന്നു താരങ്ങളെ സമ്മാനിച്ച വനിതയും ഡാസ്‌ലറും ചേർന്നു നടത്തിയ 2016 ലെ കവർഗേൾ മത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് ഗാന മുരളി. പാലക്കാടിന്റെ നാടൻ സൗന്ദര്യവും വെള്ളാരം കണ്ണുകളുടെയും ചുരുളൻ മുടിയുടേയും മോഡേൺ ടച്ചുമായി സമ്മാനദാനച്ചടങ്ങിൽ ആത്മവിശ്വാസത്തോടെ ഗാനയെത്തി. ഗാനയ്ക്കു സമ്മാനം കൊടുക്കാൻ എത്തിയത് മലയാള സിനിമയിലെ മാറ്റത്തിന്റെ ചുവടുവച്ച നടിയും ഗായികയുമായ രമ്യ നമ്പീശൻ. ഡാസ്‌ലറിന്റെ സെയ്ൽസ് വൈസ് പ്രസിഡന്റ് എം.എസ്. സീതാരാമൻ, ഡാസ്‌ലർ സോണൽ സെയ്ൽസ് മാനേജർ എസ്. എൻ. സജ്ജുകുമാർ എം.എം പബ്ലിക്കേഷൻസ് സി.ഇ.ഓ. സജീവ് ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ രമ്യ നമ്പീശൻ ഗാനയ്ക്കു ചെക്ക് കൈമാറി.

‘‘പുതുമുഖങ്ങൾക്കു എപ്പോഴും അവസരം കൊടുത്ത് അവരെ ഉയർത്തി കൊണ്ടുവരാൻ വനിത എപ്പോഴും മുന്നിൽ തന്നെ നിന്നിട്ടുണ്ട്. ഞാനാണെങ്കിൽ തന്നെയും ആദ്യം വനിതയുടെ സെന്റർസ്പ്രെഡിൽ വന്നു പിന്നീട് വനിത ഫിലിം അവാർഡ്സിന്റെ അവതാരകയായി... എന്റെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകമാണ് വനിത.’’ രമ്യ നമ്പീശൻ പഴയകാലമോർത്തു പറഞ്ഞു. ‘‘അനവധി ആളുകളിൽ നിന്ന് കഴിവുള്ളവരെ തിരഞ്ഞെടുത്ത് അതിൽ നിന്നും ദി ബെസ്റ്റിനെയാണ് വനിത എപ്പോഴും മുൻനിരയിലെത്തിക്കുക. തുടക്കാർക്കുള്ള വഴികാട്ടിയാണ് ഇത്. ഇന്ന് എനിക്ക് ഈ അവാർഡ് കൊടുക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്. വനിതയുടെ ഒത്തിരി കവറിൽ വന്നയാളാണ് ഞാൻ, ഇത്ര സുന്ദരിയായ മികച്ച ആർട്ടിസ്റ്റായ ഗാനയ്ക്കു നല്ല അവസരങ്ങൾ വരട്ടെ എന്നാശംസിക്കുന്നു. എന്തായാലും ഏതാണീ കുട്ടി എന്നു ആളുകൾ ഇപ്പോഴേ ചോദിച്ചു തുടങ്ങിയിരിക്കുന്നു.’’

‘‘ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ് എനിക്കീ ടൈറ്റിൽ. സുഹൃത്തുക്കൾക്കൊപ്പം ഒരു രസത്തിനു വേണ്ടി അയച്ചതായിരുന്നു ഫോട്ടോ.’’ പാലക്കാട്ടുകാരി ഗാനയുടെ കണ്ണിൽ നിന്ന് അവിശ്വസിനീയതയുടെ തിരയിളക്കം വിട്ടുമാറിയിട്ടില്ല. ‘‘കവർ ഗേൾ ആയതിലും സമ്മാനം പ്രിയപ്പെട്ട നടി രമ്യ നമ്പീശന്റെ കയ്യിൽ നിന്നു വാങ്ങാൻ സാധിച്ചതിലും വലിയ സന്തോഷം. വലിയ സ്വപ്നങ്ങളൊന്നും കണ്ടു തുടങ്ങിയിട്ടില്ല. അഭിനയിക്കാനൊക്കെ എനിക്കു സാധിക്കുമോ എന്നു തന്നെ അറിയില്ല. നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും ചെയ്തു നോക്കണം എന്നുണ്ട്.’’ പാലക്കാട് എൻഎസ്എസ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് കഴിഞ്ഞ ഗാന നർത്തികിയാണ്. കഥകളി, മോഹിനിയാട്ടം എന്നിവയാണ് ഇഷ്ടം. കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിൽ സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ കഥകളിയിലെ പച്ച കൂടുതൽ കെട്ടിയാടുന്ന ഒപ്പം മറ്റു വേഷങ്ങളും ചെയ്യുന്ന ആർട്ടിസ്റ്റാണ് ഗാന. പേരെടുത്ത എൻജിനീയർ ആകണം എന്ന ആഗ്രഹത്തോടൊപ്പം ജോലിയിൽ മാത്രമൊതുങ്ങാതെ കല കൂടി ജീവിതത്തിൽ ഒപ്പം ചേർക്കണം എന്നാണ് ഗാനയ്ക്ക്.