Monday 23 May 2022 10:05 AM IST : By സ്വന്തം ലേഖകൻ

‘എനിക്കിഷ്ടം സിറ്റി ആയിരുന്നു, നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ മനസ്സിലായി’: കിരണ്‍ കുമാറിന്റെ ശബ്ദരേഖ

vismaya-4

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത കേസില്‍ കൊല്ലം അ‍ഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെ, കേസുമായി ബന്ധപ്പെട്ട കൂടുതൽ ശബ്ദരേഖകൾ പുറത്ത്. സ്ത്രീധനമായി കിട്ടേണ്ട കാറിനായി വിസ്മയോട് വിലപേശുന്ന ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കിരണ്‍ കുമാറിന് ഇഷ്ടപ്പെട്ട കാര്‍ ലഭിക്കാത്തതിന് വിസ്മയെ ചോദ്യം ചെയ്യുന്നതാണ് സംഭാഷണത്തിൽ.

വിസമയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്ന് പറയുന്ന കിരണ്‍ താന്‍ ആവശ്യപ്പെട്ടത് വോക്സ് വാഗണിന്റെ വെന്റോ ആണെന്നും പറയുന്നുണ്ട്. തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും കിരണ്‍ വിസ്മയയോട് പറയുന്നു.

‘എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ...എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്, അതിന് വിലക്കൂടുതലാണ് അത് നോക്കണ്ടെന്ന്. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ. പിന്നെ എന്താണ് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്.
രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി’.– കിരണ്‍ പറയുന്നതിങ്ങനെ.