Tuesday 09 November 2021 03:18 PM IST : By സ്വന്തം ലേഖകൻ

നല്ലപാതിയെ കോവി‍ഡ് കൊണ്ടുപോയി, കുഞ്ഞിന് വിഷം കൊടുത്ത് അമ്മയും ജീവനൊടുക്കി: ദാരുണം

mom-baby-death

കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം ഉള്ളിൽ ചെന്നു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (24), മകൻ കൽക്കി (6 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്.

ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം അദിതി വിഷം കഴിച്ചു മരിക്കുകയായിരുന്നു. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിതിയുടെ ചെങ്ങന്നൂരിലെ ആലായിലെ വീട്ടില്‍ വച്ചായിരുന്നു വിഷം കഴിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിലായിരുന്നു അദിതിയെന്ന് പൊലീസ് പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പ് മേൽശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തർജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനു മരിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ അടുത്തടുത്ത ദിവസങ്ങളിലായിരുന്നു സൂര്യന്റെയും അമ്മയുടേയും മരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഹരിപ്പാട് അരനാഴിക ക്ഷേത്രത്തിലെ പൂജാരിയായിരുന്നു സൂര്യൻ നമ്പൂതിരി. ഭർത്താവിന്റെ മരണത്തെ തുടർന്നു മനോവിഷമത്തിലായിരുന്നു അദിതി. ശിവദാസ്–ഇന്ദിരാ ദേവി ദമ്പതികളുടെ മകളാണ്.