Monday 13 April 2020 10:35 AM IST

നമുക്ക് വേണ്ട തുണി മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം; അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാം

Sruthy Sreekumar

Sub Editor, Manorama Arogyam

sruthy-mask

ഒറ്റയടിക്ക് കൊറോണ കേസുകൾ ക്രമാതീതമായി വർധിക്കുന്നത് തടയുവാനും ഒരു പ്രത്യേക സമയത്തിനുള്ളിൽ വളരെ കൂടുതൽ കേസുകൾ പെട്ടെന്നു വരുന്നത് നിയന്ത്രിക്കുവാനുമായി ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിശാസ്ത്രമാണ് ഫ്ലാറ്റനിങ് ദി കർവ് .

(Flattening the curve). ഫ്ലാറ്റനിങ് ദി കർവിൽ ഉൾചേരുന്ന രണ്ട് പ്രധാന പദ്ധതികളാണ് ലോക് ഡൗണും മാസ്കുകളുടെ ഉപയോഗവും.

പലതരം മാസ്കുകൾ ഉണ്ടെങ്കിലും സാധാരണക്കാർക്ക് ഉപയോഗിക്കാവുന്നത് ക്ലോത്ത് മാസ്കുകൾ ( തുണി മുഖാവരണങ്ങൾ) ആണ്. സാമൂഹിക വ്യാപനം തടയാനായി ഏറ്റവും ഫലപ്രദമായി എപ്പിഡോളമിസ്റ്റുകളും ഗവേഷകരും കണ്ടെത്തിയിട്ടുള്ള ഒരു 'ശാസ്ത്രീയ ഉപകരണമാണ് ക്ലോത്ത് മാസ്കുകൾ എന്നു പറയുന്നതിൽ തെറ്റില്ല.

ക്ലോത്ത് മാസ്കുകൾ എത്രത്തോളം ഫലപ്രദമാണെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് തായ്‌വാനും ചെക്ക് റിപ്പബ്ലിക്കും. കോവിഡ് 19 പടർന്നു തുടങ്ങിയ സമയത്ത് തന്നെ ക്ലോത്ത് മാസ്കുകളുടെ ഉപയോഗം ജനങ്ങളെ പഠിപ്പിക്കുകയും അതുവഴി രോഗവ്യാപനം എങ്ങനെ തടയാമെന്ന് ഈ രാജ്യങ്ങൾ കൃത്യവും ശാസ്ത്രീയവുമായി ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. 

മാസ്കുകൾ ഉപയോഗിക്കാത്ത ഒരാളെക്കാൾ മൂന്നിരട്ടി പ്രതിരോധം തുണി മാസ്ക് ധരിക്കുന്ന വ്യക്തിക്ക് ഉണ്ടാകും. അനാവശ്യമായി മൂക്കിലും കണ്ണിലും തൊടുന്നതും ഒഴിവാക്കാം. ലോകത്തിന്റെ തികച്ചും അസാധാരണമായി പരിതോവസ്ഥ നിങ്ങളേയും മറ്റുള്ളവരേയും നിരന്തരം മാസ്കുകൾ ഓർമ്മിപ്പിക്കുകയും ചെയ്യും.

തുണി കൊണ്ട് മാസ്ക് ഉണ്ടാക്കാനായി പ്രത്യേക തുണിത്തരം തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഒരു സ്ക്വയർ ഇഞ്ചിൽ 180ൽ കൂടുതൽ നാരുകൾ ഉള്ള കോട്ടൺ തുണി ആയിരിക്കണമെന്നാണ്. 

ഇതിനെ ത്രെഡ്കൗണ്ട് എന്ന് പറയും. വിലങ്ങനെയും നീളത്തിലുമുള്ള മൊത്തം നാരുകളുടെ എണ്ണമാണ് ത്രെഡ്കൗണ്ട്.

ക്ലോത്ത് മാസ്കുകൾക്ക് മൂന്ന് ലേയർ ആവശ്യമാണ്. സാധാരണ ഗതിയിൽ 8 ഇഞ്ച് വീതിയും നീളവുമുള്ള തുണി മടക്കി,രണ്ട് തുണി പാളികളുണ്ടാക്കാം.നടുവിൽ Non-woven fabric -ന്റെ പാളിയും.

മാസ്ക് കെട്ടാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ശാസ്ത്രീയമായ രീതിയിൽ 20 സെക്കന്റെടുത്ത് കൈ കഴുകണം. മാസ്കിന്റെ പ്ലീറ്റുകൾ താഴോട്ടു വരുന്ന രീതിയിൽ വേണം കെട്ടാൻ. 

സാധാരണ രീതിയിൽ ഒരു മാസ്ക് നാല് മുതൽ ആറ് മണിക്കൂർ വരെ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. നനവ് പറ്റിയാൽ മാറ്റണം. ഉപയോഗം കഴിഞ്ഞ മാസ്കുകൾ സോപ്പ് വെള്ളത്തിൽ അര മണിക്കൂർ മുക്കി വെച്ച്, അതിനുശേഷം നന്നായി കഴുകി നാലോ അഞ്ചോ മണിക്കൂർ വെയിലത്ത് ഇട്ട് ഉണക്കി എടുക്കുക. 

ഉണങ്ങിയ മാസ്കുകൾ ഇസ്തിരി ഇട്ട് ഉപയോഗിക്കാം. ഒരാൾ ധരിച്ച മാസ്ക് കഴുകിയാണെങ്കിലും മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. മാസ്ക് കെട്ടിക്കഴിഞ്ഞാൽ അതിന്റെ മുൻഭാഗത്ത് തൊടരുത്. അഥവാ തൊട്ടാൽ കയ്യ് നന്നായി കഴുകണം. മാസ്ക് അഴിക്കുമ്പോൾ അതിന്റെ മുൻഭാഗം പിടിച്ചല്ല അഴിക്കേണ്ടത്. നാടകൾ അഴിച്ചാണ് എടുക്കേണ്ടത്.

മാസ്കുകളുടെ ഉപയോഗത്തോടൊപ്പം ആൾക്കൂട്ടങ്ങൾ ഒഴിവാക്കുകയും നിരന്തരം കൈകൾ കഴുകുകയും ചെയ്യുക എന്നതാണ് സാമൂഹിക വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം. മുരളീധരൻ, മാഹി

Tags:
  • Manorama Arogyam
  • Health Tips