Saturday 30 May 2020 03:35 PM IST

തുളസിയില ഇട്ടുമുറുക്കിയ എണ്ണ തേക്കാം, സൂപ്പ് കുടിക്കാം : മഴക്കാലം ആരോഗ്യകരമാക്കാൻ ആയുർവേദചര്യകൾ

Asha Thomas

Senior Sub Editor, Manorama Arogyam

ayur2

മഴക്കാലം പനിക്കാലമാണ് എന്നാണ് പറയാറ്.പലതരം പകർച്ചപ്പനികളും രോഗങ്ങളും കൊണ്ട് ആകെ അസ്വസ്ഥമായ സമയം. വേദനകളും ഏറ്റവും  വർധിക്കുന്നത് ഈ സമയത്താണ്.എന്നാൽ ചില മുൻകരുതലുകൾ എടുത്താൽ മഴക്കാലം ആരോഗ്യകരമാക്കാം. അതിന് ആയുർവേദം അനുശാസിക്കുന്ന വഴികൾ  പറയുന്നു കോട്ടക്കൽ ആര്യവൈദ്യശാലയിലെ ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ്  ചീഫ് മാനേജർ ഡോ. ദേവീകൃഷ്ണൻ

∙ തണുത്ത ഭക്ഷണം വേണ്ട

വർഷകാലത്ത് മധുരം, അമ്ലം, ലവണം എന്നീ രസപ്രധാനമായ ആഹാരങ്ങൾ ഉപയോഗിക്കാനാണ് അഷ്ടാംഗഹദയത്തിൽ നിർദേശിച്ചിരിക്കുന്നത്. ഒാരോ കാലാവസ്ഥയിലും കഴിക്കേണ്ട ആഹാരങ്ങളെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. മഴക്കാലത്ത് ദഹനശക്തി കുറവായിരിക്കും. ഗോതമ്പ്, ചെറുപയർ, മുതിര, ഇലക്കറികൾ, ആട്ടിൻമാംസം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദഹനം വർധിക്കാൻ ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾ എന്നിവ ചേർത്തു കാച്ചിയ മോര് ആഹാരത്തോടൊപ്പം കുടിക്കുന്നതു നല്ലതാണ്. വിശപ്പുണ്ടാകും.

താള് തകര, നെയ്യുറുണി, പയറില, കുമ്പളത്തില, മത്തന്റെ ഇല, ആനക്കൊടുത്തൂവ, ചേമ്പില, ചീര എന്നീ ഇലകൾ കറിവച്ച് കഴിക്കാം. ഇലക്കറികളിൽ വൈറ്റമിൻസി , വൈറ്റമിൻ കെ, അയൺ, കാത്സ്യം, കരോട്ടിനോയ്ഡ്സ്, ഫൈറ്റോകെമിക്കൽസ്, ഫൈബർ എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ത്വക്കിനു നല്ലതാണ്. ഹൃദയാരോഗ്യത്തെ ഉണ്ടാക്കുന്നതാണ്. രക്തസമ്മർദത്തെ നിയന്ത്രിക്കും. മലബന്ധം ഉണ്ടാവുകയില്ല. എല്ലിന്റെ ആരോഗ്യം നിലനിർത്തും. ഇലകൾക്ക് ആന്റി ഒാക്സിഡന്റ് ഗുണമുണ്ട്. പപ്പായ, മാതളം, നെല്ലിക്ക എന്നിവ പ്രതിരോധശക്തി വർധിപ്പിക്കാൻ കഴിക്കണം. തണുത്ത ആഹാരം കഴിക്കരുത്. ഉപ്പും എരിവും അമിതമായി ഉപയോഗിക്കരുത്.

∙ രോഗങ്ങൾ തടയാൻ പ്രത്യേക ഭക്ഷണം

പനിയുള്ളപ്പോൾ കഞ്ഞി, ചെറുപയർ എന്നിവ ഉപയോഗിക്കുക. എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കുക. സമയത്തു തന്നെ ഭക്ഷണം കഴിക്കണം. വാതരോഗങ്ങൾ പിടിപെടാതിരിക്കാനുള്ള ആഹാരങ്ങൾ ശീലിക്കണം. ആറ് രസങ്ങളും അടങ്ങിയതായിരിക്കണം ആഹാരം. മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായരസങ്ങളാണ് അവ. ഒാരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട രസങ്ങളെക്കുറിച്ച് ആയുർവേദത്തിലുണ്ട്. എന്നും എല്ലാ രസങ്ങളും ശീലമാക്കണം. കയ്പും ചവർപ്പും അമിതമായിനിത്യവും ഉപയോഗിച്ചാൽ വാതരോഗങ്ങൾ ബാധിക്കും. പുളി, ഉപ്പ് എന്നിവയുള്ളവ അമിതമായി ശീലിച്ചാൽ പിത്തദോഷം വർധിക്കും. കഫദോഷത്തെ വർധിപ്പിക്കുന്നവയാണ് മധുരം, പുളി, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം.

∙ പ്രതിരോധശേഷിക്ക് സൂപ്പുകൾ

ആയുർവേദത്തിൽ ശരീരക്ഷീണത്തിനും പലരോഗങ്ങളിലും മാംസരസം നിർദേശിക്കുന്നുണ്ട്. ആട്ടിൻ മാംസം ശരീരബലം വർധിപ്പിക്കും. ശ്വാസകോശരോഗങ്ങൾ, ക്ഷയം എന്നിവയെ പ്രതിരോധിക്കാൻ നല്ലതാണ്. ചെറുപയർസൂപ്പ് ശരീരക്ഷീണമുള്ളപ്പോൾ ഉപയോഗിക്കാം. പച്ചക്കറികളിൽ യുക്തമായവ തെരഞ്ഞെടുത്ത് സ്വാദിഷ്ഠമായ സൂപ്പായി ഉപയോഗിക്കാം. ശരീരബലം വർധിക്കും. തിപ്പലി, യവം, മുതിര, ചുക്ക്, മാതളത്തോട്, നെല്ലിക്ക ിവ ഒാരോന്നോ എല്ലാം കൂടിയോ ചേർത്തു സംസ്കരിച്ച് എടുക്കുന്ന ആട്ടിൻ മാംസരസം ശരീരബലം വീണ്ടെടുക്കാനും മെലിച്ചിൽ തടയാനും നല്ലതാണ്. തക്കാളി, കാരറ്റ്സൂപ്പ് കുരുമുളകുപൊടി ചേർത്ത് ഉപയോഗിക്കാം.

. മഴ നനഞ്ഞാൽ രാസ്നാദി പുരട്ടാം

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർക്കാണ് രോഗപ്രതിരോധശക്തി കൂടുതലുണ്ടാകുന്നത്. ഏതു കാലാവസ്ഥയിലും രോഗങ്ങൾ ബാധിക്കാതിരിക്കാനുള്ള ആരോഗ്യശീലങ്ങൾ ആയുർവേദം നിർദേശിക്കുന്നുണ്ട്. ശരീരശക്തി കുറവുള്ളവർ മഴ നനയാതിരിക്കുക. കുളി കഴിഞ്ഞാൽ നെറുകയിൽ ഒരുനുള്ള് രാസ്നാദിചൂർണം തിരുമ്മുന്നത് നീർവീഴ്ച, തുമ്മൽ, തലവേദന, മൂക്കടപ്പ്, ജലദോഷം എന്നിവ അകറ്റും. മഴ നനഞ്ഞാലും ഈ പൊടി നെറുകയിലിടുക. തുമ്മൽ, ജലദോഷം എന്നിവ വരാതിരിക്കാൻ വൈദ്യനിർദേശപ്രകാരം ഔഷധങ്ങൾ കഴിക്കുക.

∙ പകർച്ചപ്പനികൾ തടയാൻ ഔഷധങ്ങൾ

പനി വന്നാൽ ഏതുതരത്തിലുള്ള പനിയാണെന്നു കൃത്യമായി രോഗനിർണയം നടത്തണം. വൈദ്യനിർദേശാനുസൃതമായിരിക്കണം ചികിത്സ. സ്വയംചികിത്സ നല്ലതല്ല. ഒരു കാലാവസ്ഥ മാറി അടുത്ത കാലാവസ്ഥ വരുമ്പോഴാണ് രോഗബാധ ഉണ്ടാവാൻ ഏറ്റവും സാധ്യത എന്നത് എല്ലാവരും തിരിച്ചറിയേണ്ടതാണ്. മഴക്കാലം പനിക്കാലമായി മാറിയിരിക്കുന്നു. അമൃതോത്തരം കഷായം, ഇന്ദുകാന്തം കഷായം, ദശമൂലകടുത്രയാദി കഷായം, അമൃതാരിഷ്ടം, സുദർശനാസവം, , ശീതജ്വരാരിക്വാഥം ടാബ്‌ലറ്റ്, വെട്ടുമാറൻ ഗുളിക, മുക്കാമുക്കടുവാദി ഗുളിക, ഗോരോചനാദി ഗുളിക, ലക്ഷ്മീവിലാസരസം എന്നിവയൊക്കെ പകർച്ചപ്പനിയിൽ ആയുർവേദ ഡോക്ടർമാർ രോഗാവസ്ഥയ്ക്ക് അനുസരിച്ച് നിർദേശിക്കുന്ന ഔഷധങ്ങളാണ്. വില്വാദിഗുളിക വയറിളക്കം, പനി, വിഷോപദ്രവങ്ങൾ എന്നിവയിൽ ഉപയോഗിക്കാറുണ്ട്.

. ചുക്കിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം

ചുക്കുവെള്ളം കുടിക്കുക എന്നതായിരുന്നു മലയാളിയുടെ ആഹാരശീലങ്ങളിൽ ഒന്ന്. പിന്നീടെപ്പോഴോ അത് കരിങ്ങാലിവെള്ളമായി മാറി. ചുക്കിട്ട് തിളപ്പിച്ചവെള്ളം ചെറുചൂടോടെ കുടിച്ചാൽ വിശപ്പുവർധിക്കും. ജലദോഷം, ചുമ, പനി, ഉദരരോഗങ്ങൾ എന്നിവയെ ഇല്ലാതാക്കും. കരിങ്ങാലിക്കാതലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തശുദ്്ധിക്ക് നല്ലതാണ്. ത്വക്‌രോഗശമനമാണ്. ചുക്ക്, ജീരകം, തുളസിയില എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം സാംക്രമികരോഗങ്ങൾ തടയുന്നതിന് മഴക്കാലത്ത് ഉപയോഗിക്കാം. ചുക്ക് ആന്റി ഒാക്സിഡന്റാണ്. ആന്റി ിൻഫ്ളമേറ്ററി ഗുണമുള്ളതാണ്. ആന്റി മൈക്രോബിയൽ , ന്യൂറോ പ്രൊട്ടക്റ്റീവ്, ആന്റി പൈറെറ്റിക്, കാർഡിയാക് പ്രൊട്ടക്റ്റീവ്, ഗുണങ്ങളോടു കൂടിയതാണെന്നു ഒട്ടേറെ ശാസ്ത്രീയ പഠനങ്ങളുണ്ട്. തുളസി ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണമുള്ളതാണ്. ജീരകം രുചി വർധിപ്പിക്കുന്നു. ചുമ, വയറിളക്കം, വയർവീർപ്പ് എന്നിവയെ വർധിപ്പിക്കുന്നു.

. ചെറുചൂടുവെള്ളത്തിൽ ദേഹം കഴുകാം

രാവിലെയും വൈകുന്നേരവും കുളി ശീലമാക്കിയവരാണ് മലയാളികൾ. വ്യക്തിശുചിത്വത്തിന് പണ്ടേ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. ത്വക്‌രോഗങ്ങൾ ബാധിക്കാതിരിക്കാൻ, ശരീര മാലിന്യങ്ങൾ അകറ്റാൻ, വിശപ്പുണ്ടാവാൻ, ക്ഷീണം മാറ്റാൻ, ശരീരബലമുണ്ടാവാൻ, പ്രതിരോധ ശക്തിയുണ്ടാവാൻ എല്ലാം കുളി നമ്മെ സഹായിക്കുന്നുണ്ട്. ദേഹത്തു സഹിക്കാവുന്ന ചൂടിലുള്ള വെള്ളം കൊണ്ട് കുളിക്കാം. പക്ഷേ, തലയ്ക്ക് ചൂടുവെള്ളം ഒഴിക്കരുത്. അതു കണ്ണിനു നല്ലതല്ല. തലയ്ക്ക് ആറിയവെള്ളം ഉപയോഗിക്കാം. വേപ്പില, മഞ്ഞൾ എന്നിവയിട്ട് വെന്ത വെള്ളം ആറിയശേഷം ദേഹത്തൊഴിക്കുന്നത് സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാനും ത്വക് രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും. നാൽപാമരപ്പട്ടയിട്ട് തിളപ്പിച്ചവെള്ളം ആറിയശേഷം ദേഹത്ത് ഒഴിക്കുന്നത് ത്വക്കിനു നല്ലത്.

. എണ്ണതേച്ചുകുളി

കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് ദേഹത്തും തലയിലും എണ്ണ തേച്ച് മൃദുവായി തടവിയശേഷം കുളിക്കാവുന്നതാണ്. തലയിലും ചെവിയിലും പാദങ്ങളിലും പ്രത്യേകമായി എണ്ണ തേക്കണം. മഴക്കാലത്ത് നീർവീഴ്ച,ജലദോഷം ,തുമ്മൽ എന്നിവ വരാതിരിക്കാൻ തുളസിയില ഇട്ട്കാച്ചിയ വെളിച്ചെണ്ണ തലയിൽതേക്കാവുന്നതാണ്. വാതസംബന്ധമായ ബുദ്ധിമുട്ടുകൾ വരാതിരിക്കാനും വന്നവർക്കും അഭ്യംഗം ശീലിക്കണം.ബലാശ്വഗന്ധാദി തൈലം,ധാന്വന്തര തൈലം,കൊട്ടംചുക്കാദി തൈലം, ക്ഷീരബലാതൈലം,കർപ്പൂരാദി തൈലം എന്നിവയിൽ യുക്തമായത് വൈദ്യനിർദേശപ്രകാരം ദേഹത്തു പുരട്ടി തടവി ചെറുചൂടുവെള്ളത്തിൽ കുളിക്കാം. ചെറിയകുട്ടികൾക്ക് ശരീരബലം ഉണ്ടാകുവാനും രോഗപ്രതിരോധശക്തി വർധിക്കാനും ദേഹത്തു തേക്കാവുന്നത് ലാക്ഷാദി കേര തൈലമാണ്.

- ഡോ. ദേവീകൃഷ്ണൻ, ചീഫ് മാനേജർ, ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ്, കോട്ടക്കൽ ആര്യവൈദ്യശാല

Tags:
  • Manorama Arogyam
  • Health Tips