Thursday 25 February 2021 03:38 PM IST

‘അന്ന് സിസേറിയനെ കുറിച്ചുള്ള ചിന്തയില്ല, വേദന സഹിച്ച മണിക്കൂറുകൾക്കൊടുവിൽ വാക്വം ഡെലിവറി’: ഡോ. ലതാകുമാരി പറയുന്നു

Sruthy Sreekumar

Sub Editor, Manorama Arogyam

dr-lathakumari

മാതൃത്വം – ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക്. ആ വാക്കിന്റെ അർഥവും വ്യാപ്തിയും പൂർണതയും മനസ്സിലാക്കാൻ സ്ത്രീകൾ നടത്തുന്ന ഒരു യാത്രയുണ്ട്. ആ യാത്രയുെട പേരാണ് ഗർഭകാലം. ഒരു കുഞ്ഞ് പിറന്നു വീഴുമ്പോൾ ആ ജീവനെ ആദ്യം കാണുന്ന ഒരു മുഖമുണ്ട്. ദൈവത്തിന്റെ പ്രതിരൂപമായി നമ്മൾ കണക്കാക്കുന്ന ഡോക്ടറുടെ, ഗൈനക്കോളജിസ്റ്റിന്റെ മുഖം. ആയിരക്കണക്കിന് പൊന്നോമനകളെ ഭൂമിയിലേക്കു കൈ പിടിച്ചു കൊണ്ടുവന്ന ഒരു ഗൈനക്കോളജിസറ്റ്, തന്റെ മാതൃത്വത്തിലേക്കുള്ള യാത്ര എങ്ങനെയായിരിക്കും പൂർത്തീകരിച്ചിട്ടുണ്ടാവുക? ആ ചോദ്യത്തിന്റെ ഉത്തരം നൽകിയത് കോട്ടയം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ, തിരുവനന്തപുരം സ്വദേശിനി ഡോ. ലതാ കുമാരിയാണ്. വർഷങ്ങളുെട അനുഭവസമ്പത്തുണ്ട് ഡോ. ലതാ കുമാരിയ്ക്ക്.

ആശങ്കയില്ലാതെ ഗർഭകാലം

1991ൽ ഹൗസ് സർജൻസി കഴിഞ്ഞായിരുന്നു കല്യാണം. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. 1991 അവസാനം ഗർഭിണിയായി. ആ സമയത്ത് ഞാൻ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ജൂനിയർ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

25ാം വയസിലാണ് ഞാൻ ഗർഭം ധരിക്കുന്നത്. ഗർഭിണിയായപ്പോൾ പ്രത്യേകിച്ച് ആശങ്കകൾ ഒന്നും തോന്നിയില്ല. ഡോക്ടർ ആയതു കൊണ്ടാവാം. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെ അല്ല. അവർ ആദ്യം വരുമ്പോൾ തന്നെ കോംപ്ലിക്കേഷനുകളെ കുറിച്ചാണ് ആലോചിക്കുന്നതും ചോദിക്കുന്നതും. ഞങ്ങളുടെ തലമുറയ്ക്ക് ഗർഭകാലത്തെ കുറിച്ചോ പ്രസവത്തെകുറിച്ചോ ഇത്രമാത്രം പേടിയോ ആശങ്കയോ ഇല്ലായിരുന്നു. മാതാവാകാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു കൂടുതൽ.

ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ തന്നെയായിരുന്നു ചെക്കപ്പുകൾ നടത്തിയിരുന്നത്. സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. സരോജിനിയായിരുന്നു എന്നെ നോക്കിയിരുന്നത്. ആദ്യ മാസങ്ങളിൽ മനംപുരട്ടലും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പിന്നെ ചെറുതായി ബ്ലീഡിങ്ങും. ബ്ലീഡിങ്ങ് എന്നു പറഞ്ഞാൽ ചെറിയ സ്പോട്ടിങ്. ടെൻഷൻ ഒന്നും തോന്നിയില്ല. സ്കാൻ െചയ്തപ്പോൾ കുഞ്ഞിനു കുഴപ്പമൊന്നുമില്ല. ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു. പിന്നെ ഡ്യൂട്ടിക്കു കയറി. ചില ഗർഭിണികൾക്ക് ആദ്യ മാസങ്ങളിൽ ചെറിയ രക്തസ്രാവം ഉണ്ടാകാം. അതിനു ചികിത്സ എടുത്താൽ മതി. ഇപ്പോഴുള്ള കുട്ടികൾക്ക് ഇതൊക്കെ കാണുന്നതേ പേടിയാണ്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് എന്ന് അതിശയിക്കാറുണ്ട്. എനിക്ക് ബിപിയും ഉണ്ടായിരുന്നു. അതിനെല്ലാം കൃത്യമായി മരുന്നു കഴിച്ചു.

ഇടയ്ക്ക് വച്ചു സരോജിനി മാഡത്തിനു ജോലിയിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു. പിന്നീട് മെഡിക്കൽ കോളജ് എസ്എടിയിലെ എന്റെ പ്രഫസറായ ഡോ. കാവേരിയെയാണ് കണ്ടത്. അന്ന് ആശുപത്രികൾ കുറവാണല്ലോ. പ്രസവശേഷം കുഞ്ഞിനും കൂടി ശ്രദ്ധയും പരിചരണവും ലഭിക്കണമെങ്കിൽ എസ്എടി തന്നെയാണ് നല്ലത്. .

dr-latha-2
ഡോ. ലത ഭർത്താവിനും കുഞ്ഞിനുമൊത്ത്

വേദന സഹിച്ച പ്രസവം

എന്റെ പ്രസവം വാക്വം ഡെലിവറി ആയിരുന്നു. അന്നത്തെ കാലത്ത് പ്രസവസമയത്ത് വേദന വരുത്താനുള്ള മരുന്നുകൾ കുറവായിരുന്നു. അമ്നിയോട്ടിക് ദ്രാവകം പൊട്ടിച്ചു വിട്ടാൽ, ഡ്രിപ്പ് ഒക്കെ ഇട്ട് വേദന സഹിച്ച് കിടക്കും. ചിലപ്പോൾ ഒരു ദിവസം മുഴുവൻ അങ്ങനെ കിടക്കും. സിസേറിയനെ കുറിച്ചൊന്നും ചിന്തിക്കുകയേ ഇല്ല. ഞാൻ മെഡിസിനു പഠിക്കുമ്പോൾ പോലും സിസേറിയൻ അത്യാവശ്യഘട്ടത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മാറിയ ജീവിതശൈലീമൂലവും അമിത ആശങ്ക മൂലവും ധാരാളം പ്രസവം സിസേറിയനാകാറുണ്ട്.

ഗർഭം രോഗമല്ല

ഗർഭകാലത്ത് കാലിൽ നീര് ഒക്കെ ഉണ്ടായിരുന്നു. അതൊന്നും സാരമാക്കിയില്ല. സ്കൂട്ടറിൽ യാത്ര ചെയ്യുമായിരുന്നു. ഇന്ന് മിക്ക ഗർഭിണികളും സ്കൂട്ടറിലൊന്നും യാത്ര ചെയ്യില്ലല്ലോ. ഗർഭിണിയായപ്പോഴും ഡ്യൂട്ടിക്ക് പോകുമായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം നൈറ്റ് ഡ്യൂട്ടി ആയിരിക്കും. അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. അത്യാവശ്യം വീട്ടുജോലികളും ആശുപത്രിജോലികളും ഒന്നിച്ചു കൊണ്ടുപോകാൻ സാധിച്ചിരുന്നു. ആശുപത്രിയിൽ വന്നാലും വലിയ ക്ഷീണവും മറ്റും അനുഭവപ്പെട്ടിരുന്നില്ല. മാത്രമല്ല നാം ഇഷ്ടമുള്ള തൊഴിൽ െചയ്യുമ്പോൾ പ്രയാസങ്ങൾ കാര്യമാക്കാറേയില്ലല്ലോ. സാധാരണ െചയ്യുന്ന ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം െചയ്യും. ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര െചയ്യുമായിരുന്നു. ഭർത്താവിന്റെ പൂർണ പിന്തുണയും പ്രത്യേക കരുതലും ഉണ്ടായിരുന്നത് കൊണ്ട് അമിത ആശങ്കയൊന്നും ഉണ്ടായിരുന്നില്ല.

ഗർഭിണികൾ നന്നായി വിശ്രമിക്കണം, ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കണം എന്നെല്ലാം ഞങ്ങൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഡ്യൂട്ടിക്കിടയിൽ ഞാനും അതെല്ലാം പാലിച്ചിരുന്നു. ആശുപത്രിയിൽ കാന്റീനിൽ പോയി ഭക്ഷണം കഴിക്കും. ഇടനേരത്തെ ഭക്ഷണം വീട്ടിൽ നിന്നു കൊണ്ടുവരും. തിരക്കിനിടയിലും അതെല്ലാം കഴിക്കാൻ സമയം കണ്ടെത്തുമായിരുന്നു. പിന്നെ സഹപ്രവർത്തകരും നല്ല സഹകരണമായിരുന്നു. ജോലി എന്നു പറഞ്ഞാലും ഭയങ്കരമായി തളർന്നുപോകുന്ന തരത്തിൽ ഒന്നും ഇല്ലായിരുന്നു. എന്നാലും ഇടയ്ക്കു ചെറിയ വയ്യായ്ക വന്നാൽ വിശ്രമിക്കും. ഗർഭകാലത്ത് ശരീരം അനങ്ങാതെ ഇരിക്കേണ്ട കാര്യമില്ല. ആരോഗ്യവതിയാണെങ്കിൽ എല്ലാ ജോലികളും െചയ്യാം.

dr-latha-1

ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലും ധാരാളം സമയമുണ്ടായിരുന്നു. ആ സമയത്ത് ധാരാളം പാട്ട് േകൾക്കുകയും പുസ്തകം വായിക്കുകയും െചയ്യുമായിരുന്നു. അമ്മൂമ്മയാണ് പുരാണങ്ങൾ വായിക്കാനും പാട്ട് േകൾക്കാനുമൊക്കെ ഉപദേശിച്ചത്. അതെല്ലാം ഞാൻ അനുസരിച്ചു. ഇത്രയും വർഷങ്ങൾ കഴിഞ്ഞ് പുറകിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അന്ന് െചയ്തതെല്ലാം എന്റെ മക്കൾക്ക് നല്ലതു മാത്രമെ വരുത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു. രണ്ടു മക്കൾക്കും യാതൊരു ദുഃശീലങ്ങളും ഇല്ല. എല്ലാവരോടും നന്നായി മാത്രമെ അവർ പെരുമാറുകയുള്ളൂ.

ഏഴ് മാസം ആയപ്പോൾ ഞാൻ ജോലിക്കു പോകുന്നത് നിർത്തി. കാരണം ബിപി കൂടി. പിന്നെ കാലിലൊക്കെ നീര് വരാൻ തുടങ്ങി. വീട്ടിലായപ്പോഴും നടക്കാനൊക്കെ പോകുമായിരുന്നു. പിന്നെ വീട്ടുജോലികളും െചയ്യും. ഇതെല്ലമായിരുന്നു വ്യായാമം പോലെ െചയ്തിരുന്നത്. ടി വി കാണൽ ഒക്കെ കുറവായിരുന്നു. പിന്നെ പി ജി എൻട്രൻസിനു വേണ്ടി തയാറെടുത്തു.

1992 ഓഗസ്റ്റിലായിരുന്നു എന്റെ പ്രസവം. രാവിലെ വേദന തുടങ്ങിയിട്ട് വൈകുന്നേരമാണ് പ്രസവം നടക്കുന്നത്. കുഞ്ഞു പുറത്തു വരാൻ കുറച്ചു താമസം വന്നു. അതുകൊണ്ടാണ് വാക്വം ഉപയോഗിച്ചത്. പ്രസവശേഷം കാര്യമായ കുഴപ്പമൊന്നും ഇല്ലായിരുന്നു.‌

പ്രസവം കഴിഞ്ഞ് ഒരുപാട് വിശ്രമം ഒന്നും എടുത്തില്ല. കാര്യമായ ബുദ്ധിമുട്ട് ഇല്ലായിരുന്നു. പിന്നെ വിശ്രമം എടുക്കേണ്ട കാര്യമില്ലല്ലോ. നമ്മുടെ നാട്ടിൽ സാധാരണ ചെയ്യുന്ന പ്രസവരക്ഷ ഒക്കെ ചെയ്തിരുന്നു. പച്ചില മരുന്നുകളും ലേഹ്യങ്ങളും വേതുകുളിയും എല്ലാം ഉണ്ടായിരുന്നു. വീട്ടുകാരുടെ നിർബന്ധവും സന്തോഷവുമായിരുന്നു അതെല്ലാം. പ്രസവവും കഴിഞ്ഞ് കുഞ്ഞിനു ഒരു വയസ്സായപ്പോഴാണ് പിന്നെ ജോലിക്കു പോകുന്നത്. പഴയ ഹോസ്പിറ്റലിൽ തന്നെ.

വിശദമായ വായന മനോരമ ആരോഗ്യം ഫെബ്രുവരി രണ്ടാം ലക്കത്തിൽ