Friday 18 September 2020 05:18 PM IST

പ്രതിരോധശേഷി വർധിപ്പിക്കാൻ മാജിക് ഭക്ഷണമുണ്ടോ? ഏതൊക്കെ പോഷകങ്ങൾ കഴിക്കണം: വിദഗ്ധ അഭിപ്രായം അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

immunityfud32

കോവിഡ് കാലത്ത് നാം ഏറ്റവുമധികം കേൾക്കുന്ന കാര്യമാണ് പ്രതിരോധശേഷി വർധിപ്പിക്കുക എന്നത്. പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡിനെ തടയാൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണങ്ങളെക്കുറിച്ചുള്ള ആളുകളുടെ ആശങ്ക മുതലെടുക്കാനും ചിലർ ശ്രമിക്കുകയുണ്ടായി. എന്നാൽ പ്രതിരോധശേഷി വർധിപ്പിക്കുക എന്ന ആശയം തന്നെ മണ്ടത്തരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തെ ആരോഗ്യകരമാക്കി നിലനിർത്തുകയാണ് ചെയ്യേണ്ടതെന്ന് അവർ അഭിപ്രായപ്പെടുന്നു.  ആരോഗ്യകരമായ ഭക്ഷണരീതി എന്നു പറയുമ്പോൾ പ്രതിരോധസംവിധാനത്തിനു മികച്ചരീതിയിൽ പ്രവർത്തിക്കാനാവശ്യമായ പോഷകങ്ങൾ ലഭിക്കണം. 

പ്രതിരോധ സംവിധാനത്തിന്റെ മികവുറ്റ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ്സ്, എസന്‍ഷ്യല്‍ ഫാറ്റി ആസിഡ്, ലിനോലിക് ആസിഡ്, െെവറ്റമിന്‍ എ, ഫോളിക് ആസിഡ്, െെവറ്റമിന്‍ ബി6, ബി 12, സി, ഇ, സിങ്ക്, അയണ്‍, െസലിനിയം എന്നിവയാണ്. ഈ പോഷകങ്ങളുടെ അഭാവം രോഗപ്രതിരോധശേഷിയെ ബാധിക്കാം. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് അഭാവം വന്ന പോഷകം ഡയറ്റില്‍ ഉള്‍പ്പെടുത്തുകവഴി പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാം എന്നാണ്.

പോഷകങ്ങള്‍ വെറുതെ കിട്ടിയാല്‍ പോര. സമീകൃതമായിരിക്കണം. ഏതെങ്കിലും ഒരു പോഷകം മാത്രം അധികം കഴിച്ചതുകൊണ്ടു ശരീരത്തിന്റെ പ്രതിരോധശേഷി കൂടുമെന്നു കരുതുന്നത് അബദ്ധമാണ്. കാര്‍ബോെെഹഡ്രേറ്റ് ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് 55 ശതമാനവും പ്രോട്ടീന്‍ 16 ശതമാനവും കൊഴുപ്പ് 30 ശതമാനവും ലഭിക്കണം. ദിവസവും ലഭിക്കേണ്ടുന്ന പോഷകാനുപാതവും സെര്‍വിങ് െെസസും ശ്രദ്ധിക്കാം.

ഏതൊക്കെ ഘടകങ്ങള്‍ക്കാണ് പ്രതിരോധശേഷിയുടെ കാര്യത്തില്‍ മുന്‍തൂക്കം എന്നു നോക്കാം.

അയണ്‍ തീര്‍ച്ചയായും വേണം. ശരീരകോശങ്ങളിലേക്ക് പ്രാണവായു എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ എന്ന അയണ്‍ഘടകം വേണം. കോപ്പര്‍, കാത്സ്യം, അയഡിന്‍, െസലിനിയം, സിങ്ക്, െെറബോഫ്ലാവിന്‍ (ബി6), െെവറ്റമിന്‍ ഇ എന്നീ പോഷകങ്ങളെല്ലാം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ശക്തമാക്കാന്‍ പല രീതിയില്‍ സഹായിക്കുന്നവയാണ്.

വൈറ്റമിൻ എ, ബി കോംപ്ലക്സ്, ആന്റി ഒാക്സിഡന്റ് എന്നിവയെല്ലാം പൊതുവായ പ്രതിരോധശേഷി നല്‍കുന്നു. െെവറ്റമിന്‍ സിയാണ് പ്രതിരോധശേഷിയുമായി ബന്ധപ്പെടുത്തി നാം ഏറ്റവുമധികം കേള്‍ക്കുന്ന പോഷകഘടകം. െെവറ്റമിന്‍ സി ശരീരത്തിന്റെ പൊതുവായ പ്രതിരോധശേഷി മെച്ചപ്പെടുത്തും എന്നതു പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

പക്ഷേ, പ്രത്യേകിച്ച് ഏതെങ്കിലും െെവറസിനെയോ രോഗാണുവിനെയോ നേരിടാനോ നശിപ്പിക്കാനോ െെവറ്റമിന്‍ സിക്ക് കഴിവുള്ളതായി പഠനങ്ങള്‍ ഒന്നുംതന്നെയില്ല. അധികം ചൂടാക്കിയാല്‍ െെവറ്റമിന്‍ സി നശിച്ചുപോകും. അതുകൊണ്ടു പച്ചയ്ക്കു കഴിക്കാവുന്ന സിട്രസ് പഴങ്ങളും ചെറുനാരങ്ങയുമൊക്കെയാകും െെവറ്റമിന്‍ സിക്ക് ആശ്രയിക്കാന്‍ നല്ലത്.

െെവറ്റമിന്‍ ഡി സപ്ലിമെന്റേഷന്‍ ടി കോശങ്ങളെ ആക്ടിവേറ്റ് ചെയ്യിക്കുന്നു. കൂണ്‍, യോഗര്‍ട്ട് ഇവയില്‍ െെവറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും. വെള്ളത്തിൽ അലിയുന്ന നാരുകൾ അണുബാധകള്‍ എളുപ്പം സുഖമാക്കുന്നു. മീനെണ്ണയിലെ ഡിഎച്ച്എ എന്ന ഘടകം ടി കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

നമ്മുടെ അടുക്കളയിലെ അവശ്യഘടകങ്ങളായ ഇഞ്ചിയും കുരുമുളകും മഞ്ഞളും വെളുത്തുള്ളിയുമൊക്കെ ആന്റിെെവറല്‍ ഗുണങ്ങള്‍ ഉള്ളതാണ്. ഗ്രീൻ ടീ യിലെ ആന്റി ഒാക്സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധപ്രവർത്തനം മെച്ചമാക്കും. ചണവിത്ത്, സൂര്യകാന്തി വിത്ത് പോലുള്ള വിത്തുകളിലെ ഫോസ്ഫറസ്, മഗ്നീഷ്യം, െെവറ്റമിന്‍ ബി6, ഇ, െസലിനിയം ഇവ ശരീരത്തിനു ഗുണകരമാണ്.

പ്രതിരോധകോശങ്ങളുടെ സംഭരണിയായ ലിംഫ് നോഡുകൾ ഉദരഭാഗത്ത് ധാരാളമുണ്ട്. ഇക്കാരണങ്ങളാല്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് നമ്മുടെ ശരീരത്തിന്റെ െപാതുവായ സംരക്ഷണത്തിന് ഗുണം ചെയ്തേക്കും. നാരുകള്‍ ധാരളമടങ്ങിയ ഭക്ഷണങ്ങളും പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. യോഗര്‍ട്ട്, ചീസ് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളും നല്ലത്.

പ്രതിരോധശേഷി കുറയ്ക്കുന്നവ

ഉയര്‍ന്ന കൊഴുപ്പും ഊര്‍ജവും അടങ്ങിയ പോഷകശൂന്യമായ ജങ്ക്ഫൂഡ് പ്രതിരോധശേഷിക്ക് ദോഷം ചെയ്യും. ബേക്കറി ഭക്ഷണം, സംസ്കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കുന്നത് നല്ലത്. ഉറക്കം കുറയുന്നതും വ്യായാമം ഇല്ലാത്തതും പ്രതിരോധശേഷിയില്‍ വിള്ളലുകള്‍ വീഴ്ത്തും. മദ്യം, പുകവലി എന്നിവയും ഒഴിവാക്കണം. പുകവലി ശ്വാസകോശത്തിലെ അരിപ്പകളായ സീലിയകളെ നശിപ്പിക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips