Saturday 21 July 2018 02:51 PM IST

റോൾ മോഡൽ മമ്മൂക്ക, 45 വയസ്സിലും മുപ്പതിന്റെ നിറവിൽ സുധീർ! ഫിറ്റ്നസ് രഹസ്യം ഇതാണ്

Santhosh Sisupal

Senior Sub Editor

sudheer001 ഫോട്ടോ: സരിൻ രാംദാസ്

അഞ്ചു വർഷത്തെ കഠിന വ്യായാമങ്ങൾ കൊണ്ട് ഒരു ബോളിവുഡ് ലുക്കുള്ള കരുത്തനായി സുധീർ മാറി. യൗവനത്തിളപ്പാർന്ന കരുത്തും സൗന്ദര്യവുമായി സുധീർ മലയാള സിനിമയിൽ ഒരു രണ്ടാം വരവിനുള്ള തയാറെടുപ്പിലാണ്. സുധീറിന്റെ ഭാര്യയും 18 ഉം 16 ഉം വയസ്സുള്ള മക്കളുടെ അമ്മയുമായ പ്രിയ സുധീർ യുവനിരയിലെ ശ്രദ്ധേയയായ മോഡലാണ്. ഇരുവരുടെയും ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങൾ വായിക്കാം...

റൊമാനിയയിലെ ബ്രാൻകാസിൽ– ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം. ഡ്രാക്കുളയെന്ന കഥാപാത്രത്തെ ശരീരത്തിലും മനസ്സിലും ആവാഹിച്ച സുധീർ സുകുമാരൻ എന്ന നടനു സംഭവിച്ച മാജിക് ചേഞ്ച്. പരകായ പ്രവേശം. അതാണ് ഇന്നത്തെ സുധീർ. പ്രായം 45ൽ എത്തുമ്പോഴും 30 ന്റെ യൗവനവും മസിൽ പവറുമായി, ഒരു പുതിയ സുധീർ അവതരിക്കുന്നു. അടുത്തു പരിചയമുണ്ടായിരുന്നവർക്കുപോലും തിരിച്ചറിയാത്തവിധം പ്രസരിപ്പും കരുത്തും നേടി 
സിനിമയിൽ പുതിയ അങ്കത്തിനുള്ള 
പുറപ്പാടിലാണ് സുധീർ.

അഞ്ചു വർഷത്തെ അധ്വാനം

ഒരു ബോളിവുഡ് നടന്റെ ആകാരവടിവും സൗന്ദര്യവുമായി സുധീർ തിരിച്ചെത്തുന്നതിനു പിന്നിൽ അഞ്ചു വർഷത്തെ കഠിനപ്രയത്നമുണ്ട്. ജീവിതത്തിലുടനീളം ഇതു നിലനിർത്തുമെന്നു പ്രഖ്യാപിക്കാനുള്ള വാശിയും നിശ്ചയദാർഢ്യവുമുണ്ട്. ഈ പുതിയ ശരീരത്തിനു പിന്നിലെ രഹസ്യങ്ങൾ 
സുധീർ പറയുന്നു.

fb-Sudheer6

ഡ്രാക്കുള സിനിമ ചെയ്യുന്നതുവരെ ശരീരം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ആ കഥാപാത്രത്തിനു വേണ്ടിയാണ് വർക്കൗട്ടുകൾ തുടങ്ങിയത്. അപ്പോഴും കഥാപാത്രത്തിനപ്പുറം ശരീരം സംരക്ഷിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ഷൂട്ട് കഴിഞ്ഞു പിന്നീടു വ്യായാമത്തിന് ഇടവേളകൾ വന്നു. ശരീരഭാരം കൂടി 93 കിലോവരെയായി. അങ്ങനെയാണു കർശനമായ ഡയറ്റും ജിം വർക്കൗട്ടുകളും തുടങ്ങിയത്. ഒടുവിൽ കഴിഞ്ഞ മൂന്നു മാസത്തിൽ 10 കിലോ ഭാരം കൂടി കുറച്ചാണു ഞാൻ ആഗ്രഹിച്ച തരത്തിലുള്ള ശരീരത്തിലേക്ക് എത്തിയത്.

രാവിലെ രണ്ടു മണിക്കൂർ കാർഡിയോ വ്യായാമങ്ങൾ ചെയ്യും. െെവകിട്ടാണു ജിമ്മിൽ വർക്കൗട്ടുകൾ ചെയ്യുന്നത്. ആദ്യം വീട്ടിൽ തന്നെ ഒരു ജിം ഒരുക്കിയിരുന്നു. പിന്നെ അതൊക്കെ മാറ്റി. എറണാകുളത്തു താമസിക്കുന്നതുകൊണ്ടു വർക്കൗട്ട് ചെയ്യാൻ മികച്ച സൗകര്യങ്ങളുള്ള നല്ല ജിമ്മുകളുണ്ട്. അവിടെപ്പോയി െെവകിട്ട് രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ  സ്പെസിഫിക് വ്യാമങ്ങൾ ചെയ്യും.

റോൾ മോഡൽ മമ്മൂക്ക

ശരീരം സംരക്ഷിക്കുന്ന കാര്യത്തിൽ എന്റെ റോൾ മോഡൽ മമ്മൂക്കയാണ്. ശരീരത്തിെന്റ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഇത്ര ശ്രദ്ധയുള്ള മറ്റൊരു നടനേയും ഞാൻ കണ്ടിട്ടില്ല. വളരെ വർഷങ്ങൾക്കു മുൻപാണ്, സെറ്റിൽ കൊണ്ടുവന്ന ഉഴുന്നുവട കഴിക്കാനുള്ള താൽപര്യം കൊണ്ട് ടിഷ്യൂപേപ്പർ വച്ച് അദ്ദേഹമത് പിഴിഞ്ഞ് എണ്ണ കളഞ്ഞ് കഴിക്കുന്നതു കണ്ടു. അന്ന് ഇവിടാരും കൊളസ്ട്രോളും കൊഴുപ്പും കുറയ്ക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുപോലും കാണില്ല. ഇപ്പോ അതൊക്കെ ആലോചിച്ചു പോകുമ്പോൾ നമിച്ചുപോകുന്നു.

sudheer002

മസിൽ സ്ട്രാറ്റജി?

വളരെ ആസൂത്രിതമായാണ് വ്യായാമങ്ങൾ ചെയ്യുന്നത്. ഇന്നു ചെസ്റ്റ്മസിൽസിനു വേണ്ടിയുള്ള വർക്കൗട്ടുകൾ ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞേ വീണ്ടും ആ ഭാഗത്തിനു ചെയ്യൂ. പേശികൾ റീബിൽഡ് ചെയ്യുന്നതിനാണ് ഈ ഇടവേള. ആഴ്ചയിൽ ഒരു ദിവസം ഇടവേളയായിരിക്കും. ഒപ്പം കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണക്രമമാണ് ശീലിക്കുക. പ്രോട്ടീൻ കൂടുതൽ കഴിച്ചു കാർബോെെഹഡ്രേറ്റ് കുറച്ചുള്ള ഭക്ഷണരീതിയാണ്. കൊഴുപ്പും മധുരവുമുള്ള ഭക്ഷണം പരമാവധി ഒഴിവാക്കും. ഭക്ഷണകാര്യത്തിലും വ്യായാമകാര്യത്തിലും എനിക്കൊരു നല്ല പാർട്ണർ ഉണ്ട്– ജീവിതപങ്കാളി തന്നെ, ഭാര്യ പ്രിയ സുധീർ.

അമ്മയിൽ നിന്നും മകൾ

18 വയസ്സ് പ്രായമുള്ള മകന്റെ അമ്മയാണ്  പ്രിയയെന്നു കേട്ടാൽ കണ്ണുതള്ളിപ്പോകും. ‘‘മക്കളോടൊപ്പം ഷോപ്പിങ്ങിനൊക്കെ പോകുമ്പോൾ അവന്റെ കൂട്ടുകാർ ചോദിക്കും ചേച്ചിയാണോയെന്ന്’’– പ്രിയയും സുധീറും ചിരിച്ചുകൊണ്ടു പറയുന്നു. രണ്ടു മക്കളുെടയും  പ്രസവരക്ഷാ ചികിത്സയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ വണ്ണം വച്ചു വീർത്തു. പിന്നെ സുധീറിനൊപ്പം പുറത്തിറങ്ങാൻ തന്നെ നാണക്കേടായി. അങ്ങനെയാണു ഭക്ഷണനിയന്ത്രണവും വ്യായാമവും തുടങ്ങിയത്. സൂംബയും ഡാൻസും ഫ്ലോർ എക്സർസൈസുകളും കിക്ക് ബോക്സിങ്ങുമൊക്കെ ഒരു പാക്കേജായിത്തന്നെ അങ്ങു തുടങ്ങി.

fb-Sudheer3

ഭക്ഷണകാര്യങ്ങളിൽ രണ്ടുപേരുടെയും ലക്ഷ്യം ഒന്നായതും എളുപ്പമായി. ഭാരം കുറഞ്ഞപ്പോൾ പഴയതിലും എനർജറ്റിക്കായി. േകാളജുകാലത്തേക്ക് തിരിച്ചുപോയ ഫീൽ ആണ്. ആ കോൺഫിഡൻസിൽ മോഡലിങ്ങും തുടങ്ങി. അതോടെ ശരീരസൗന്ദര്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഇപ്പോൾ കാണുന്ന ഞാനായി. എനിക്ക് എന്നിൽ തന്നെ ജനിച്ച മകളെ പോലെ– പ്രിയ പറയുന്നു.

ആരോഗ്യവും മനസ്സും

സുധീറും പ്രിയയും ഒരേ സ്വരത്തിൽ പറയുന്ന ചില കാര്യങ്ങളുണ്ട്. അത് ആരോഗ്യവും ഉന്മേഷവും തിരിച്ചുകിട്ടിയതാണ്. ജീവിതം മൊത്തത്തിൽ ആസ്വാദ്യകരമായി. മരുന്നുകൾ കഴിച്ച കാലം മറന്നു. അസുഖങ്ങൾ വരാറേയില്ല. പനിയോ മറ്റോ വന്നാൽ പോലും അത് ഞങ്ങൾ പോലും അറിയാതങ്ങു പോകും–അവർ പറയുന്നു. രണ്ടുപേർക്കും ടെൻഷനും സ്ട്രെസ്സും അകറ്റാനുള്ള സൂത്രവഴിയും വ്യായാമം തന്നെ. എത്ര മാനസികാസ്വാസ്ഥ്യമുള്ള അവസ്ഥയാണേലും വ്യായാമം ചെയ്യുമ്പോൾ അതു മാറും. ജീവിതപാഠം: ശരീരം കരുത്തുള്ളതാകുമ്പോൾ മനസ്സ് വളരെ പൊസിറ്റീവാകും. ധാരാളം നന്മകൾ വന്നുചേരും.

കൂടുതൽ താരങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ മനോരമ ആരോഗ്യം ഓഗസ്റ്റ് ലക്കത്തിൽ വായിക്കാം

arogya-august