വണ്ണം കുറയ്ക്കാനായി നാട്ടു മരുന്നു കഴിച്ചയാൾ മരിച്ചതുപോലുള്ള സഭവങ്ങൾ ഇന്നു വിരളമല്ല. അശാസ്ത്രീയമായ വണ്ണം കുറയ്ക്കലുകൾ വലിയ അപകടം വിളിച്ചു വരുത്താറുണ്ട്. വണ്ണം കുറയ്ക്കുന്നതിനുവേണ്ടി പലരും ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ കാണുമ്പോൾ ചിലരെ ഉപദേശിക്കേണ്ടി വന്നിട്ടുണ്ട്, ‘‘ഇങ്ങനെ വണ്ണം കുറച്ച് ആരോഗ്യം കളയുന്നതിനേക്കാൾ വണ്ണം കുറയ്ക്കാതെ ഉള്ള ആരോഗ്യത്തോടെ ജീവിക്കുന്നതാണെന്ന്’’. ഇപ്പോൾ വിദഗ്ധ ഡോക്ടർമാർ പോലും പറയുന്നു. സത്യത്തിൽ വണ്ണമല്ല, അരവണ്ണം (വെയ്സ്റ്റ്) ആണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ ഉം പുരുഷൻമാരിൽ 90 സെ.മീറ്ററുമാണ് ശരിയായ അളവ്. അരവണ്ണം ആ ആളവിലേക്ക് എത്തിക്കുകയാണ് ശരിയായ വണ്ണം കുറയ്ക്കൽ. വണ്ണം കുറയ്ക്കുന്നവർ പൊതുവെ ചെയ്തുകൂട്ടുന്ന അബദ്ധങ്ങളിലൊന്നാണ് വ്യായാമത്തിലൂടെ മാത്രം ഫലം കിട്ടുമെന്ന് ധരിച്ചുള്ള അത്യധ്വാനം. സത്യമെന്താണ്.
വ്യായാമം മാത്രം ചെയ്തു ഭാരം കുറയ്ക്കാം?
വ്യായാമം മാത്രം ചെയ്ത് വണ്ണം കുറയ്ക്കുക എന്നത് പ്രായോഗികമോ ആരോഗ്യകരമോ ആയ കാര്യമല്ല. കാരണം നമ്മൾ അരമണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്താൽ എതാണ്ട് 100 കാലറി ഊർജം മാത്രമേ ശരീരത്തിൽ നിന്നും കുറയുന്നുള്ളൂ. ഒരു കിലോ ശരീര ഭാരം കുറയ്ക്കാൻ ഏതാണ്ട് 9,000 കാലറി ശരീരത്തിൽ നിന്നും നഷ്ടപ്പെടണം. അതായത് വ്യായാമം മാത്രം ചെയ്യുന്ന ഒരാൾക്ക് ഒരു കിലോ ശരീര ഭാരം കുറയ്ക്കാൻ മൂന്നു മാസം വേണ്ടിവരും. അതിനാൽ വണ്ണം കുറയ്ക്കലിന്റെ പ്രധാന ഭാഗം ഭക്ഷണ നിയന്ത്രണം തന്നെയാണ്. ഭക്ഷണനിയന്ത്രണമെന്നാൽ പട്ടിണി കിടക്കൽ അല്ലെന്നുമാത്രം. വ്യായാമത്തിനൊപ്പം സമീകൃതമായ ആഹാരം കൃത്യ അളവിൽ കഴിച്ച്, കാലറി നിയന്ത്രിച്ചു വേണം വണ്ണം കുറയ്ക്കാൻ.
വിവരങ്ങൾക്ക് കടപ്പാട്;
1.ഡോ. റോയ് ആർ. ചന്ദ്രൻ
അസോ.പ്രഫസർ
ഫിസിക്കൽ മെഡിസിൻ&
റീഹാബിലിറ്റേഷൻ.
ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്
ഗവ.മെഡി.കോളജ്, കോഴിക്കോട്
2. ഗീതു സനൽ
ചീഫ് ഡയറ്റീഷൻ
ജ്യോതി ദേവ്സ്
ഡയബെറ്റിസ് സെന്റർ
തിരുവനന്തപുരം