Saturday 17 October 2020 03:26 PM IST

പ്രായം തൊടാത്ത, തിളങ്ങുന്ന ചർമം വേണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ...

Asha Thomas

Senior Sub Editor, Manorama Arogyam

skinfood456

ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്നു കേൾക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? ചർമസംരക്ഷണത്തിനു വേണ്ടി പല ത്യാഗങ്ങളും നാം ചെയ്യാറുമുണ്ട്. പക്ഷേ, നാം അറിയാതെ തന്നെ നാം കഴിക്കുന്ന വിഭവങ്ങൾ ചർമത്തെ ദോഷകരമായി ബാധിച്ചാലോ? ഇതാ അത്തരം ചില ഭക്ഷണപദാർഥങ്ങളെ അറിയാം. അവയെ നിത്യാഹാരത്തിൽ നിന്നും ഒഴിവാക്കി ചർമത്തിന് അഴകും തിളക്കവുമേറ്റാം.

സംസ്കരിച്ച മാംസഭക്ഷണം

സോസേജ് പോലുള്ള സംസ്കരിച്ച മാംസവിഭവങ്ങളിൽ അവ കേടുകൂടാതിരിക്കാൻ ഉപ്പും മറ്റ് രാസപദാർഥങ്ങളും ചേർത്തിട്ടുണ്ടാകും. അധികമായുള്ള സോഡിയവും രാസഘടകങ്ങളും ചർമത്തിൽ നീർവീക്കത്തിനിടയാക്കാം.

വറുത്ത ഭക്ഷണം

എണ്ണയിൽ മുക്കിപ്പൊരിച്ച വിഭവങ്ങൾക്ക് സ്വാദേറും; പക്ഷേ, അവ ചർമത്തിൽ കുരുക്കളും പ്രായത്തിന്റെ അടയാളങ്ങളും വീഴ്ത്തും. ഇവയിലെ ഫ്രീ റാഡിക്കലുകൾ ശരീരകോശങ്ങൾക്ക് നാശം വരുത്താം.

ശീതളപാനീയങ്ങൾ

ശീതളപാനീയങ്ങൾ ചർമത്തിന് ഒട്ടും ആരോഗ്യകരമല്ല . ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കോൺ സിറപ് എന്ന കൃത്രിമമധുരം ശരീരത്തിന്റെ ധാതു ഉപയോഗത്തിൽ പ്രശ്നമുണ്ടാകത്കുന്നു. അതുവഴി ചർമത്തെ ിലാസ്തികതയുള്ളതാക്കുന്ന കൊളാജൻ, ഇലാസ്റ്റിൻ എന്നീ ഘടകങ്ങളുടെ ഉൽപാദനം തടസ്സപ്പെടുന്നു. ഇവയിൽ അമിതമായുള്ള കാലറി വണ്ണം കൂടാനും പ്രമേഹം പോലുള്ള രോഗങ്ങൾ വരുവാനും ഇടയാക്കുന്നു.

കഫീൻ

ദിവസവും ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്ന സ്വഭാവം ചർമത്തിന് അത്ര നല്ലതല്ല. കാപ്പിയിലെ കഫീൻ ഡൈയൂററ്റിക് ആണ്. അതായത് കഫീൻ മൂത്രത്തിന്റെ ഉൽപാദനം കൂട്ടാനിടയാക്കും. തത്ഫലമായി ശരീരം ജലാംശം നഷ്ടപ്പെട്ട് നിർജലീകരണത്തിലേക്കു പോകുന്നു. ആവശ്യത്തിനു വെള്ളം ലഭിച്ചില്ലെങ്കിൽ ചർമത്തിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ നീക്കംചെയ്യപ്പെടില്ല. അതെല്ലാം കോശങ്ങളിൽ കെട്ടിക്കിടന്ന് ചുളിവുകൾക്കും വരണ്ടുണങ്ങി ചർമം നിർജീവമാകാനും ഇടയാക്കാം.

ബേക്കറി ഭക്ഷണം

കുക്കീസും ബിസ്കറ്റും കേക്കും പേസ്ട്രിയുമൊക്കെ കഴിച്ചാൽ ചർമത്തിന്റെ സൗന്ദര്യം വേഗം പൊയ്പ്പോകും. ഇവയിലെ ട്രാൻസ് ഫാറ്റ് എന്ന ചീത്ത കൊഴുപ്പ് അമിതവണ്ണത്തിനും രോഗങ്ങൾക്കും കാരണമാകും. ശരീരത്തിന് നീർവീക്കം വരാനും ഈ വിഭവങ്ങൾ ഇടയാക്കും.

വെളുത്ത ഭക്ഷണം

മൈദ പോലുള്ള സംസ്കരിച്ച ധാന്യങ്ങൾ, വൈറ്റ് ബ്രഡ്, ഷുഗർ എന്നിവ ചർമത്തിന് ആരോഗ്യകരമല്ല. ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങൾ രക്ത്തിലെ ഷുഗർനില വല്ലാതെ ഉയരാൻ ഇടയാക്കും. ഇത് ശരീരത്തിൽ നീർവീക്കത്തിനു കാരണമാവുകയും ചർമത്തിന്റെ ആരോഗ്യം ദുർബലമാക്കുകയും ചെയ്യും. പ്രായമേറുന്നത് വേഗത്തിലാകാനും ഈ ഭക്ഷണങ്ങൾ കാരണമാകും.

മിൽക് ചോക്ലേറ്റ്

ഡാർക് ചോക്ലേറ്റ് മിതമായി വല്ലപ്പോഴും കഴിക്കാമെങ്കിലും മിൽക് ചോക്‌ലേറ്റ് കഴിക്കുന്നതു വളരെ സൂക്ഷിച്ചു മതി. മിൽക് ചോക്‌ലേറ്റിലെ അധിക മധുരവും പാലിന്റെ സാന്നിധ്യവുമാണ് ദോഷകരമാക്കുന്നത്.

മസാലഭക്ഷണം

എരിവും പുളിയും നാവിനു രുചിയേറ്റും. പക്ഷേ, ചർമത്തിൽ നീർവീക്കത്തിന് കാരണമാകും. പ്രത്യേകിച്ച് മുഖക്കുരു പോലെ പ്രശ്നമുള്ളവരിൽ അത് അധികരിക്കാൻ എരിവും പുളിയും എണ്ണയുമൊക്കെ കാരണമാകാം.

മാർഗരിൻ

‌മാർഗരിനിലെ ട്രാൻസ് ഫാറ്റ് എന്ന ചീത്ത കൊഴുപ്പ് ചർമം ജലാംശ നഷ്ടപ്പെട്ടു വരണ്ടുപോകാൻ ഇടയാക്കുന്നു. ചർമത്തിലെ ജലാംശം നഷ്ടമാകുന്നത് എളുപ്പം ചുളിവുകൾ വീഴാൻ കാരണമാകും.

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Health Tips