Wednesday 05 August 2020 01:47 PM IST : By ആലത്തിയൂർ നാരായണൻ നമ്പി

ഇക്യുവും ഐക്യുവും പോലെ എച്ച്ക്യു: രോഗങ്ങൾ തടയാൻ പുതിയ ആരോഗ്യമന്ത്രം

health56789

ഇന്റലിജൻസ് ക്വോഷ്യന്റ്, ഇമോഷനൽ ക്വോഷ്യന്റ് പോലെ ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് ഹെൽത് ക്വോഷ്യന്റ്.

കൃത്യമായ ദിനചര്യകളിൽ കൂടെയും ആരോഗ്യപരിപാലനത്തിൽ കൂടെയും ആയുസ്സിനെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളത് ഒരു പരിധിവരെ നാം മറന്നു പോയതിന്റെ പ്രത്യാഘാതം കൂടിയാണ് HQ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

സമൂഹത്തിലെ വ്യക്തികളെ നമുക്ക് പലതായി തിരിക്കാം.

സൂപ്പർ റെസ്പോൺസിബിൾ, സെൽഫ് റെസ്പോൺസിബിൾ, പുവർ റെസ്പോൺസിബിൾ, ഇറെസ്പോൺസിബിൾ എന്നിങ്ങനെ.

സൂപ്പർ റെസ്പോൺസിബിൾ വ്യക്തികൾ വളരെ വിരളമാണ്. ശ്രദ്ധാപൂർവ്വം ആരോഗ്യം സംരക്ഷിക്കുകയും ശരീരഘടന നിലനിർത്തുന്നതിനു വേണ്ടി വളരെയധികം പ്രയത്നിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ ആരോഗ്യം സംരക്ഷിക്കുന്നവരിൽ മുൻപന്തിയിലാണ്. ( ഇക്കൂട്ടർ ആരോഗ്യ പരിപാലനത്തിന്റെ അമിതാവേശത്താൽ ചിലപ്പോഴൊക്കെ സ്വയം ആരോഗ്യം നഷ്ടപ്പെടുത്തുന്നു എന്നത് വിചിത്രം!!).

അടുത്ത വിഭാഗമാണ് സെൽഫ് റെസ്പോൺസിബിൾ. സ്വയം ശ്രദ്ധിക്കുകയും ദിനചര്യകൾ പാലിക്കുകയും മിതമായ പത്ഥ്യം നോക്കുകയും ചെയ്ത് ശരീരഘടനയേക്കാൾ ഏറെ സമഗ്രമായ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നു.

മൂന്നാമത്തെ വിഭാഗം ആണ് പുവർ റെസ്പോൺസിബിൾ രോഗം വരുമ്പോൾ മാത്രം താൽക്കാലികമായി എന്തെങ്കിലും ചെയ്യുകയും അതിന് അല്പം ശമനം ഉണ്ടാവുമ്പോൾത്തന്നെ പഴയ പടി ആവുന്ന ഇവർ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിൽ വിമുഖരാണ്.

എന്നാൽ നാലാമത്തെ വിഭാഗമാണ് ( Irresponsible)ഏറ്റവും കുഴപ്പക്കാർ. എന്തൊക്കെ രോഗങ്ങൾ വന്നാലും അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായാലും നിത്യജീവിതത്തിലെ ആസക്തികളിൽ നിന്നും ഒരു മാറ്റവും ഇവർ ആഗ്രഹിക്കുന്നില്ല.

ഇത്തരക്കാർക്ക് ആരോഗ്യമേഖല ഒരു ഓഫർ മുന്നോട്ടു വെക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. നിങ്ങൾക്ക് എന്ത് രോഗം വന്നാലും ഞങ്ങൾ നോക്കിക്കോളാം എന്ന രീതിയിലുള്ള പരസ്യങ്ങളാണ് ഇവർക്ക് പ്രചോദനം.“മദ്യം കഴിക്കൂ ലിവർ കേട് വന്നാലും കുഴപ്പമില്ല ഞങ്ങൾ ലിവർ ട്രാൻസ്പ്ലാന്റ് ചെയ്തു നിങ്ങളെ സുഖപ്പെടുത്താം"എന്നീ പ്രോത്സാഹനങ്ങൾ അവനെ നിരുത്തരവാദപരമായി ജീവിക്കാനേ തോന്നിക്കൂ.

ഇന്നത്തെ മഹാമാരി ഇത്തരം ചിന്തകളെ അടിമുടി മാറ്റി മറിച്ചു. വൈറസിന് നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കാനും ഒരു വൈദ്യശാസ്ത്രത്തിനും സഹായിക്കാൻ സാധിക്കാത്ത വിധം ജീവിതത്തെ ഉദ്വേഗങ്ങളിലേക്ക് നയിക്കാനും സാധിക്കുന്നു എങ്കിൽ നമ്മുടെ ചിന്താപദ്ധതി തീർച്ചയായും മാറ്റേണ്ടതാണ്.

രോഗങ്ങൾ വന്നാൽ വൈദ്യശാസ്ത്രത്തിന് നമ്മളെ സഹായിക്കുന്നതിൽ പരിമിതി ഉണ്ടെന്നും എന്നാൽ നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പരിമിതിയില്ലെന്നും ഈ രോഗം പഠിപ്പിക്കുന്നു.

അതുകൊണ്ട് തീർച്ചയായും self responsible ആയ വ്യക്തികളെ സമൂഹത്തിൽ കൂടുതൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റേയും ദേശത്തിന്റെയും ലോകത്തിന്റെയും ധർമ്മം.

Self responsible or personal responsible ആയിട്ടുള്ള വ്യക്തികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സമൂഹം ആരോഗ്യപരമായി മുന്നേറി HQ value പുരോഗമിക്കുന്നു എന്നും അനുമാനിക്കാം.

എങ്ങനെയാണ് ഇത്തരം വ്യക്തികളെ വാർത്തെടുക്കേണ്ടത്??

ഒന്ന് കൃത്യമായ ഭക്ഷണം, അതായത് എന്തൊക്കെയാണ് നാവിനെ തൃപ്തിപ്പെടുത്തുന്നത് എന്നതു വിട്ട് ഏതൊക്കെയാണ് ആരോഗ്യം നിലനിർത്താനാവശ്യമായവ എന്ന രീതിയിലുള്ള ഭക്ഷണക്രമത്തിലേക്ക് മാറുക എന്നത് ഏറ്റവും പ്രധാനമാണ്.

ഈ ലോക്ക് ഡൗൺ സമയത്ത് തന്നെ സ്ത്രീകൾ എറ്റവും കൂടുതൽ സമയം ചെലവഴിച്ചത് പ്രത്യേകമായ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ്, എന്നാൽ ഇവയൊക്കെ ആരോഗ്യദായകമായവ ആയിരുന്നുവോ എന്ന ചോദ്യത്തിനാണ് പ്രസക്തി. കഴിക്കുന്ന ഭക്ഷണം കൃത്യമായ ദഹിച്ച് കൃത്യമായി ആഗിരണം ചെയ്ത് ശരീരത്തിന് വേണ്ട പോഷകങ്ങൾ ഉൾക്കൊള്ളുവാൻ പര്യാപ്തമായവ ഏതാണോ അതാണ് ആരോഗ്യകരമായ ഭക്ഷണം. അപ്പോൾ ഭക്ഷണത്തിൽ വേണ്ടത്ര പോഷകങ്ങൾ ഉണ്ടായിരിക്കണം, അത് കൃത്യമായി ദഹിച്ച്‌ ശരീരത്തിന് ഉൾക്കൊള്ളാൻ പറ്റിയ അവസ്ഥയിലേക്ക് ശരീരത്തിനെ പര്യാപ്തം ആക്കണം, അല്ലാതെ നാവിന് ഇഷ്ടമുള്ളതെല്ലാം കൃത്യമായ ക്ലോക്കിലെ സമയം വെച്ച് കഴിച്ചാൽ ശരീരം ഉപയോഗിക്കുമെന്ന് ഉറപ്പാക്കാൻ സാധ്യമല്ല.

വറുത്തതും പൊരിച്ചതുമായ പലവിധ ആഹാരങ്ങൾ, ജംഗ്ഫുഡ്, ഇടയ്ക്കിടെയുള്ള കഴിക്കൽ, കൊറിക്കൽ എന്നിവയെല്ലാം ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്.

അതുപോലെ തന്നെ പ്രധാനമാണ് വ്യായാമവും. ശരീരത്തിന് ആവശ്യമായ തോതിൽ ശരീര ദൃഢത നിലനിർത്തുകയും അനാവശ്യമായ കൊഴുപ്പിനെ ശരീരത്തിൽ നിന്നും കളഞ്ഞു സ്ഥിരോത്സാഹം നൽകുകയും ചെയ്യുന്ന രീതിയിൽ വ്യായാമം ക്രമീകരിക്കേണ്ടത് ആവശ്യമാണ്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ് കൃത്യമായ ദിനചര്യ.

രാത്രി നന്നായി ഉറങ്ങി രാവിലെ യഥാസമയത്ത് സുഖമായി ഉണർന്നെണീറ്റ് കാര്യങ്ങൾ ചെയ്യാൻ കഴിയണം . എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് കൃത്യമായി പ്ലാൻ ചെയ്ത് ചെയ്യുകയാണ് വേണ്ടത്.

ഇങ്ങനെ കൃത്യമായി ചെയ്യുന്നതുകൊണ്ട് കൃത്യമായ ഒരു ബയോളജിക്കൽ ക്ലോക്ക് നമുക്ക് ഉണ്ടാക്കിയെടുക്കുകയും ശരീരം അതാത് സമയത്ത് കൃത്യമായി കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. അങ്ങനെവന്നാൽ ബാഹ്യ പ്രേരണകൾ ഇല്ലാതെ വ്യക്തിക്ക് കൃത്യമായി ദിനചര്യ കൊണ്ടുനടക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

ഇനിയുള്ളത് മൂല്യാധിഷ്ഠിതമായ ചിന്തകളോടെ മനസ്സിനെ ആരോഗ്യത്തിലേക്ക് നയിക്കുക എന്നതാണ്. എപ്പോഴും മൂല്യങ്ങളിൽ അധിഷ്ഠിതമായ മനസ്സ് കൈവിട്ടുപോകാതെ സൂക്ഷിക്കാനും, നമ്മൾ എന്താണ് അടുത്തത് ചെയ്യേണ്ടത് എന്ന് ഓർമ്മിപ്പിക്കാനും സാധിക്കുന്നു.

ഇത് വളരെ ചെറിയ പ്രായത്തിൽ തുടങ്ങിയാൽ മാത്രമേ അതാത് സമയത്ത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റൂ. അതുകൊണ്ട് മാനസിക ആരോഗ്യം നിലനിർത്താൻ വേണ്ട ബാലപാഠങ്ങൾ കുട്ടിയിലെ തുടങ്ങി മൂല്യാധിഷ്ഠിതവും സാമൂഹികവും സദാചാരപരവുമായ ആവശ്യങ്ങളെ കോർത്തിണക്കി വ്യക്തി പ്രാധാന്യം നൽകിക്കൊണ്ട് ആയിരിക്കണം മുന്നോട്ടു പോവേണ്ടത്.

ഇതിന് ഏറ്റവും നല്ല അധ്യാപകൻ പ്രകൃതി തന്നെയാണ്.

പ്രകൃതിയേയും മറ്റു ജീവികളെയും സദാ ശ്രദ്ധിക്കുകയും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുകയാണ് ശാശ്വതമായ ഒരു മാർഗ്ഗം.

അഷ്ടവൈദ്യൻ 

ഡോ.ആലത്തിയൂർ നാരായണൻ നമ്പി 

പ്രിൻസിപ്പാൾ & ചീഫ് ഫിസിഷ്യൻ 

അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം 

കൂറ്റനാട്, പാലക്കാട് 

Tags:
  • Manorama Arogyam
  • Health Tips