മനോരമ ആരോഗ്യം ജൂലൈ ലക്കം കാത്തുവച്ച ട്വിസ്റ്റിലെ നായിക മോളി കണ്ണമാലി സോഷ്യൽ മീഡിയയിൽ തീർത്ത വിപ്ലവം ഇപ്പോഴും അവസാനിച്ചിട്ടില്ല. അഴകും നിറവും പ്രായവും സൗന്ദര്യത്തിന്റെ അളവുകോലായി പ്രതിഷ്ഠിച്ചവരുടെ നടുവിലേക്ക് ഫാഷൻ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി മോളിയെത്തിയപ്പോൾ ആ കാഴ്ചയ്ക്ക് ലോകം മുഴുവന്‍ കണ്ണെറിഞ്ഞു. കറുപ്പിന്റെ കരുത്തിനെക്കുറിച്ച് മനോരമ ആരോഗ്യം സംസാരിക്കുമ്പോൾ ആ വലിയ സന്ദേശത്തിന്റെ പ്രതീകമാകുകയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ചാളമേരി.’ ഇവിടെയിതാ കറുപ്പിനേയും വെളുപ്പിനേയും വേർതിരിച്ചു കാണുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകുകയാണ് മോളി.
"കറുത്തതാണെന്നോ സൗന്ദര്യം പോരെന്നോ പണ്ടും തോന്നീട്ടില്ല, ഇന്നും തോന്നീട്ടില്ല. 10 വയസ്സു മുതൽ ഞാൻ കലാകാരിയാണ്. ‘‘മോളി, അങ്ങാട്ട് മാറിനിൽക്ക്’’ എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചെറുപ്പത്തിലൊക്കെ എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടുതൊട്ട് സ്റ്റൈലിൽ നടക്കും. ഇതേവരെ ഫേഷ്യൽ ചെയ്യിക്കാനൊന്നും പോയിട്ടില്ല. മേക്കപ്പിട്ടു പുറത്തിറങ്ങുന്ന സ്വഭാവമൊന്നും മോളി ചേച്ചിക്കില്ല കേട്ടോ...
നമുക്ക് ഈശ്വരൻ തന്നൊരഴക് ഉണ്ട്. പിന്നെ, വലിയ അഴകുണ്ടെന്നു പറയുന്ന ആൾക്കാർക്ക് ചെയ്യാമ്പറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ... നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ്. ഏത് അറബിക്കടലിൽ കൊണ്ടെ ഇട്ടെന്നാലും അവിടുന്ന് പിടിച്ചുകയറാനുള്ള പിടിവള്ളി ദൈവം തന്നിരിക്കും."- മോളി കണ്ണമാലി പറയുന്നു.
മനോരമ ആരോഗ്യം ജൂലൈ ലക്കം വിപണിയിലെത്തി. അഭിമുഖം പൂർണ്ണമായും മനോരമ ആരോഗ്യത്തിൽ വായിക്കാം...