Saturday 28 November 2020 05:04 PM IST

400 ഗ്രാം മാത്രം ഭാരം, ഉള്ളംകയ്യിലൊതുങ്ങും വലുപ്പം: 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത കഥ പറഞ്ഞ് നിയോനേറ്റോളജിസ്റ്റ് ഡോ. സാജൻ തോമസ്

Asha Thomas

Senior Sub Editor, Manorama Arogyam

premmms445

ഒരു കുഞ്ഞു പൈതൽ ഉദരത്തിൽ രൂപം കൊള്ളുന്നതു മുതൽ അമ്മ കാത്തിരിപ്പിലാണ്. കണ്മണിയെ കയ്യിലെടുക്കാൻ പോകുന്ന ദിനത്തിനായി. കുഞ്ഞിക്കരച്ചിൽ മുഴങ്ങുമ്പോൾ പിറവിയുടെ ആനന്ദത്തിൽ അവർ സന്തോഷക്കണ്ണീരണിയുന്നു. പക്ഷേ, ചിലപ്പോൾ മാസം തികയുന്നതിനു മുൻപേ തന്നെ കുരുന്ന് ഗർഭപാത്രത്തിന്റെ ചൂടിൽ നിന്നും ഭൂമിയുടെ തണുപ്പിലേക്കു വരാം. അത് ചിലപ്പോൾ ഏറെ അപകടകരമായ സാഹചര്യങ്ങളിലാകാം. ആദ്യ ശ്വാസമെടുപ്പിനായി കുഞ്ഞു ശ്വാസകോശം വേണ്ടത്ര വികസിച്ചിട്ടുണ്ടാകില്ല, അമ്മിഞ്ഞപ്പാൽ നുകരാനുള്ള ശക്തിയുണ്ടാകില്ല...എല്ലാറ്റിനും യന്ത്രസഹായം വേണ്ട അവസ്ഥ. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് പൂർണ ആരോഗ്യത്തിലേക്ക് നയിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. പ്രിമച്വർ കുഞ്ഞുങ്ങളുടെ പരിചരണത്തിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള, കോട്ടയം കാരിത്താസ് ആശുപത്രിയിലെ നിയോനേറ്റോളജിസ്റ്റ് ഡോ. സാജൻ തോമസ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇവിടെ.

400 ഗ്രാം മാത്രമുള്ള കുഞ്ഞ്

‘‘24–ാമത്തെ ആഴ്ചയിലാണ് ആ കുഞ്ഞു പിറന്നത്. വെറും 400 ഗ്രാം മാത്രമായിരുന്നു തൂക്കം. 24 ആഴ്ച മാത്രമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. അവയവങ്ങൾ പലതും പൂർണവളർച്ചയെത്തിയിരുന്നില്ല. നമ്മുടെ ഉള്ളംകയ്യിൽ ഒതുങ്ങുന്ന വലുപ്പമേയുള്ളു കുഞ്ഞിന്.

പക്ഷേ, കുഞ്ഞിനെ ജീവനോടെ കിട്ടുമെന്നുണ്ടെങ്കിൽ എന്തുവേണമെങ്കിലും ചെയ്തോളൂ എന്നാണ് ആ കുഞ്ഞിന്റെ അച്ഛൻ പറഞ്ഞത്. അച്ഛനമ്മമാർ വളരെ നാൾ കാത്തിരുന്ന് കിട്ടിയ കുഞ്ഞായിരുന്നു. എ പ്രഷ്യസ് ചൈൽഡ്...

കുഞ്ഞിന്റെ ശ്വാസകോശത്തിനു തീരെ പാകതയായിട്ടില്ലായിരുന്നു. അതുകൊണ്ട് വെന്റിലേറ്റർ സപ്പോർട്ട് കൊടുത്തു. അടുത്തതായി കുഞ്ഞിന്റെ വളർച്ചയ്ക്കു വേണ്ടുന്ന പോഷകങ്ങൾ ശരീരത്തിലെത്തിക്കണം. അതു രണ്ടു രീതിയിലാണ് നൽകുക. ഐവി വഴി നേരേ രക്തക്കുഴലിലേക്ക് ധാതുക്കളും ഇലക്ട്രോലൈറ്റുകളുമെല്ലാം കലർന്ന ഫ്ളൂയിഡ് നൽകും. ഇതിനു പാരന്ററൽ ന്യൂട്രീഷൻ എന്നു പറയും. ഇതുകൂടാതെ മൂക്കിലൂടെ ഒരു ട്യൂബ് ആമാശയത്തിലേക്ക് ഘടിപ്പിച്ച് അതുവഴി മുലപ്പാൽ അൽപാൽപമായി നൽകി‍. ഇതിനു നേസോ ഗ്യാസ്ട്രിക് ഫീഡിങ് എന്നു പറയും. പതിയെ പാരന്റൽ ന്യൂട്രീഷൻ കുറച്ചുകൊണ്ടുവരികയും നേസോ ഗ്യാസ്ട്രിക് ഫീഡിങ് കൂട്ടുകയും ചെയ്യുകയുമാണ് ലക്ഷ്യം. എന്തായാലും വളരെ പെട്ടെന്നു തന്നെ കുഞ്ഞിനു ഭാരം വച്ചു, േവണ്ടത്ര ആരോഗ്യമായി, ഡിസ്ചാർജ് ചെയ്യാനായി.

മാസം തികയാതെ പിറന്നാൽ

ജെസ്േറ്റഷനൽ ഏജ് 37 ആഴ്ചയിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് മാസം തികയാതെ പിറക്കുന്ന കുട്ടികൾ അഥവാ പ്രിമച്വർ ബേബി എന്നു പറയുന്നത്. 28 ആഴ്ചയിലും താഴെയാണെങ്കിൽ എക്സ്ട്രീം പ്രീ ടേം എന്നു പറയും. 28–34 ആഴ്ചയിലുള്ളത് വെരി പ്രീ ടേം ബേബി. 34–37 ആഴ്ചയിലുള്ളതാണെങ്കിൽ ലേറ്റ് പ്രീ ടേം ബേബി എന്നു പറയും. ശരീരഭാരം വച്ചും മൂന്നായി തിരിക്കാറുണ്ട്. 2.5 കിലോയിൽ താഴെയാണെങ്കിൽ ലോ ബർത് വെയ്റ്റ് ബേബി. 1.5 കിലോയിൽ താഴെ വെരി ലോ ബർത് വെയ്റ്റ്. ഒരു കിലോയിൽ താഴെയാണെങ്കിൽ എക്സ്ട്രീം ലോ ബർത് വെയ്റ്റ് ബേബി.

ഒരു കിലോയിൽ താഴെ ഭാരമുള്ള ഏതാണ്ട് 150 കുട്ടികളെ ഞങ്ങൾ‌ക്ക് രക്ഷിച്ചെടുക്കാനായിട്ടുണ്ട്. 1.5 കിലോയിൽ താഴെയുള്ള 300–ലധികം കുഞ്ഞുങ്ങളെ വേണ്ട സപ്പോർട്ട് കൊടുത്തു ജീവിതത്തിലേക്ക് കൊണ്ടുവന്നു. വെരി ആൻഡ് എക്സ്ട്രീം ലോ ബർത് വെയ്റ്റ് ഉള്ള കുഞ്ഞുങ്ങളെയും 34 ആഴ്ച എത്താത്ത കുഞ്ഞുങ്ങളെയും പരിചരിക്കാൻ സാധാരണ നിയോനേറ്റൽ കെയർ പോര. ലെവൽ2–3 നിയോനേറ്റൽ കെയർ എങ്കിലും വേണം. വെന്റിലേറ്റർ, സി–പാപ് സപ്പോർട്ട്, പാരന്ററൽ ന്യൂട്രീഷൻ സംവിധാനങ്ങൾ തുടങ്ങി തീരെ മാസംതികയാതെ പിറന്ന കുഞ്ഞിന്റെ പരിചരണത്തിനു വേണ്ടുന്ന സംവിധാനങ്ങൾ അവിടെ മാത്രമേ കാണൂ.

premmdccc2

മാസം തികയാതെ ഉണ്ടായ കുഞ്ഞിനു സ്വയം ശരീരതാപനില നിലനിർത്താനുള്ള കഴിവുണ്ടാകില്ല. അതുകൊണ്ട് വാമർ അഥവാ ഇൻക്യുബേറ്ററിലാണ് കിടത്തുക. വാമർ കുഞ്ഞിന്റെ ചർമത്തിലെ താപനില തിരിച്ചറിഞ്ഞ് അതിനനുസൃതമായി ചൂട് നൽകും. അടുത്തതായി രക്തചംക്രമണവും ഒാക്സിജൻ ലഭ്യതയും മാറിമറിയാതെ സ്ഥിരമാക്കി നിർത്തണം. വെന്റിലേറ്റർ ഘടിപ്പിച്ച് ഒാക്സിജൻ ലഭ്യത സ്ഥായിയാക്കും. അതുമാത്രം പോര, രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് താഴ്ന്നുപോകാതെ നോക്കണം, കുഞ്ഞിന് ആവശ്യമുള്ള കാലറി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹൃദയം, തലച്ചോറ്, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ട്രാക്റ്റ് എന്നിവയുടെ പ്രവർത്തനത്തിൽ വരുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അപ്പപ്പോൾ പരിഹരിക്കണം. നിയോനേറ്റോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, നിയോനേറ്റോളജി വൈദഗ്ധ്യമുള്ള നഴ്സുമാർ എന്നിങ്ങനെ ഒട്ടേറെ വിദഗ്ധരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കുന്നത്.

23 ആഴ്ച മുതലുള്ള കുഞ്ഞുങ്ങളെയേ രക്ഷിച്ചെടുക്കാൻ ശ്രമിക്കാവൂ എന്നാണ് പൊതുവായ മാർഗനിർദേശം. അതിലും താഴെയുള്ള കുഞ്ഞുങ്ങളെ രക്ഷിച്ചാലും ആ കുഞ്ഞിന് ഒട്ടേറെ വൈകല്യങ്ങളോടെ ജീവിക്കേണ്ടിവരാം. തലച്ചോറ്, കാഴ്ച, കേൾവി, ബൗദ്ധികവികാസം ഇവയിലൊക്കെ പ്രശ്നം വരാം. 23 ആഴ്ച മുതലുള്ള കുഞ്ഞുങ്ങളിലും ഇത്തരം സങ്കീർണതകൾക്ക് സാധ്യത ഇല്ലാതില്ല. പക്ഷേ, ഒരുപരിധിവരെ കൃത്യമായ ഇടപെടലും പരിചരണവും കൊണ്ട് അത്തരം സങ്കീർണതകൾ തടയാനാകും.

നിയോനേറ്റൽ പരിചരണം നൽകും മുൻപ് കുഞ്ഞ് രക്ഷപെട്ടാലും സംഭവിച്ചേക്കാവുന്ന ഈ സങ്കീർണതകളെക്കുറിച്ചും വൈകല്യ സാധ്യതകളെ കുറിച്ചും വിശദമായി സംസാരിക്കും. ഒരു കൗൺസലിങ്. പൊതുവേ മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും അച്ഛനമ്മമാരുടെ ഏറെക്കാലത്തെ പ്രാർഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറക്കുന്നവരാകും.. അതുകൊണ്ടു തന്നെ എങ്ങനെയും കുഞ്ഞിനെ രക്ഷിച്ചെടുക്കാനേ അവർ പറയാറുള്ളു.

ഹൃദയപരാജയത്തിന്റെ വക്കിൽ

ഈയടുത്ത് ഒരു പ്രിമച്വർ ബേബിയെ കിട്ടി. കുഞ്ഞിന്റെ ഹീമോഗ്ലോബിൻ അളവ് 1.8 ഗ്രാം മാത്രമായിരുന്നു. അതിനു കാരണമുണ്ട്. സാധാരണ അമ്മയിൽ നിന്ന് കുഞ്ഞിലേക്കാണ് രക്തചംക്രമണം. ഈ കുഞ്ഞിന്റെ കാര്യത്തിൽ നേരേ തിരിച്ചായിരുന്നു. കുഞ്ഞിൽ നിന്ന് അമ്മയിലേക്ക്. സാധാരണ വേണ്ടതിന്റെ 10ൽ ഒന്നു മാത്രം ഹീമോഗ്ലോബിനുമായി പിറന്ന ആ കുഞ്ഞ് ഹൃദയപരാജയത്തിന്റെ വക്കിലായിരുന്നു. പെട്ടെന്നു തന്നെ രക്തം നൽകി, മറ്റു പരിചരണങ്ങളും നൽകി. ഇന്ന് ആ കുഞ്ഞ് സുഖമായിരിക്കുന്നു.

മാസംതികയാതെ പിറക്കുന്ന കുട്ടികൾക്ക് ബുദ്ധിവളർച്ച കുറവായിരിക്കുമെന്നൊക്കെ പലർക്കും പേടിയുണ്ട്. പക്ഷേ, 25 ആഴ്ച മാത്രം പ്രായമുള്ള വെറും 700 ഗ്രാം ഭാരമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ 9 വയസ്സുണ്ട്. സംസ്ഥാനതലത്തിൽ നടത്തിയ ടാലന്റ് സെർച് പരീക്ഷയിൽ ആ കുഞ്ഞായിരുന്നു ജില്ലയിൽ ഒന്നാമത്. 800 ഗ്രാം ഭാരമുള്ള മറ്റൊരു കുഞ്ഞ്. ഇടയ്ക്കിടെ ശ്വാസം നിലച്ചുപോകുന്ന പ്രശ്നം കൊണ്ട് ഒരുമാസത്തോളം വെന്റിലേറ്ററിലായിരുന്നു. സ്വാഭാവികമായും തലച്ചോറിന് പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ ആറു വയസ്സുണ്ട്. കുഞ്ഞിന്റെ അമ്മ ഈയടുത്ത് ഒരു മെസേജ് അയച്ചിരുന്നു, കുട്ടി സ്കൂൾ ഫസ്റ്റ് ആണെന്നു പറഞ്ഞ്.

നല്ല ചെലവു വരും നിയോനേറ്റൽ പരിചരണത്തിന  എന്നതു യാഥാർഥ്യമാണ്. അത്രയും അത്യാധുനിക സംവിധാനങ്ങളാണ് നിയോനേറ്റൽ കെയറിൽ ഒരുക്കുന്നത്. ദിവസവും തന്നെ കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കളോടു സംസാരിക്കാറുണ്ട്. നമ്മൾ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് അവർക്കും ബോധ്യമുണ്ടാകും. നിർഭാഗ്യവശാൽ കുഞ്ഞിനെ രക്ഷിച്ചെടുക്കാനായില്ലെങ്കിൽ പോലും അവർ കുറ്റപ്പെടുത്തുകയില്ല. ചിലർ ഇങ്ങോട്ടു ആശ്വസിപ്പിക്കുക പോലും ചെയ്യാറുണ്ട്. സാരമില്ല ഡോക്ടറെ, നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്തെന്ന് അറിയാം. എന്നൊക്കെ...ഏറെ നാളത്തെ ഇടപെടലുകൾ വേണ്ടിവരുന്നതുകൊണ്ട് രോഗികളിൽ മിക്കവരുമായുമായും നല്ല വ്യക്തിബന്ധമുണ്ട്. കുഞ്ഞിന്റെ ഒാരോ ജന്മദിനത്തിലും കേക്കും മധുരവുമായി കാണാൻ വരുന്നവരുണ്ട്. ചിലർ കുഞ്ഞിന്റെ വളർച്ചയുടെ ഒാരോ പടവുകളും നമ്മളുമായി ഷെയർ ചെയ്യും.

ഒാരോ കുഞ്ഞിനെയും രക്ഷിച്ചെടുക്കുമ്പോൾ അത് തരുന്നൊരു സന്തോഷമുണ്ട്. അതുവരെ കടന്നുപോന്ന പ്രതിസന്ധികളെയെല്ലാം മറന്നു കളയാൻ ഒരു കുഞ്ഞിളം ചിരി മതി. അത്ര റിവാഡിങ് ആയ ഒരു പ്രൊഫഷനാണ് ഒരു നിയോനേറ്റോളജിസ്റ്റിന്റേത്.

Tags:
  • Manorama Arogyam
  • Kids Health Tips