മഴക്കാലത്ത് കുട്ടികളുടെ ചർമത്തിൽ അണുബാധകൾ സാധാരണയായി കണ്ടുവരാറുണ്ട്. അണുബാധകൾ ബാക്ടീരിയ, ഫംഗസ് എന്നിവ കാരണം ആവാം. ബാക്ടീരിയൽ അണുബാധകൾ കുടുതലും ഒരുപാട് പേർ തിങ്ങി പാർക്കുന്ന വീടുകളിൽ താമസിക്കുന്ന കുട്ടികൾക്കും അല്ലെങ്കിൽ പോഷകാഹാര കുറവ് ഉള്ള കുട്ടികളിലുമാണ് കാണപ്പെടാറുള്ളത്. ചർമത്തിൽ ചുവന്ന നിറത്തിലുള്ള കുരുക്കളായോ ചലം നിറഞ്ഞ കുരുക്കളായോ വന്ന ശേഷം പൊറ്റയായി മാറും. ഒരാൾക്കു വന്നു കഴിഞ്ഞു കൂടെയുള്ള ബാക്കിയുള്ള കുട്ടികളിലേക്കും ഇതു പകരും. കുട്ടികളുടെ ചർമത്തിൽ ഇത്തരം പ്രശ്നം കണ്ടാൽ ഉടനെ വൈദ്യ സഹായം തേടണം. പൊടിയും ചെളിയും ഏൽക്കാതെ ശ്രദ്ധിക്കുക.
ഫംഗൽ അണുബാധ : പല തരത്തിലുള്ള ഫംഗൽ അണുബാധകൾ ഉണ്ട്. സാധാരണയായി മഴക്കാലത്ത് നന്നായി ഉണങ്ങാത്ത വസ്ത്രം ധരിച്ചാലും നനഞ്ഞ ചെരുപ്പ് ധരിച്ചാലും ഫംഗൽ അണുബാധ വരും. ഇതിൽ ഒന്നാണ് വട്ടച്ചൊറി എന്നു പറയുന്നത് . നല്ല ചുവന്ന നിറത്തിൽ വട്ടത്തിൽ പൊങ്ങി വരും. ഇത് മുതിർന്നവരിൽ നിന്നും കുട്ടികൾക്ക് പകരാം.
മറ്റൊരു ഫംഗൽ അണുബാധയാണ് കാൽവിരലുകൾക്കിടയിൽ കാണുന്ന വളംകടി. നനഞ്ഞ ചെരുപ്പ് ഒരുപാട് നേരം ധരിക്കുമ്പോഴാണ് ഇത് ഉണ്ടാവുക. ചുവന്ന നിറത്തിലോ വെള്ള നിറത്തിലോ ഇതു പ്രത്യക്ഷപ്പെടാം. തൊലി പൊളിഞ്ഞിളകി വരും.
കഴിവും ഉണങ്ങിയ വസ്ത്രം മാത്രം ധരിക്കുക. ഇസ്തിരി ഇട്ട് ധരിക്കാം. കുട്ടിയുടെ ചെരുപ്പും സോക്സും നനഞ്ഞു കഴിഞ്ഞാൽ ഉടനെ മാറ്റണം. തുറന്ന തരത്തിലുള്ള ചെരുപ്പ് ഉപയോഗിക്കാം. ഈർപ്പം കെട്ടുന്ന ഭാഗങ്ങളിൽ ആവശ്യമെങ്കിൽ ടാൽക്കം പൗഡർ ഇടാം.
മഴക്കാലത്ത് കൊതുകുകടി കൂടുതലാവാം. കൊതുകു കടിച്ച ഭാഗത്ത് ചൊറിച്ചിൽ വരാം. ആ ഭാഗത്ത് അണുബാധയും വരാം. കഴിവതും കൈയും കാലും മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രം കുട്ടികളെ ധരിപ്പിക്കുക. കൊതുകടിയേറ്റ ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടാം. കുട്ടികളെ രാത്രി കൊതുകുവലയ്ക്കുള്ളിൽ കിടത്തുക.
വളരെ സാധാരണയായി കുട്ടികളിൽ കാണുന്ന മറ്റൊരു പ്രശ്നമാണ് കരപ്പൻ. അലർജി പ്രകൃതമുള്ള കുട്ടികളിലാണ് ഇത് കൂടുതലും വരാൻ സാധ്യത . ചുവന്ന നിറത്തിലോ കറുപ്പ് നിറത്തിലോ ചർമം പൊളിഞ്ഞു വരും. അണുബാധ കൊണ്ട് നീരൊലിപ്പ് ഉണ്ടാകാം. ശരീരത്തിൽ എവിടെ വേണമെങ്കിലും കരപ്പൻ വരാം. കഴിവതും കുട്ടിയുടെ ശരീരം വരണ്ടതാകാതെ നോക്കുക . മോയിസ്ചുറൈസർ ഉപയോഗിക്കാം. വിരലുകൾക്കിടയിൽ ചർമം വരണ്ടതാക്കി തന്നെ നിലനിർത്തണം. കുളിച്ചു കഴിഞ്ഞ ഉടനെ മോയിസ്ചുറൈസർ പുരട്ടുക. കുട്ടികളെ കുളിപ്പിക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിച്ചാൽ മതി. നന്നായി വെള്ളം കുടിക്കണം. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയാറുണ്ട്. അതു പാടില്ല. കരപ്പൻ തടയാൻ കഴിവും കുട്ടികൾക്ക് ബേബി സോപ്പോ വീര്യം കുറഞ്ഞ സോപ്പോ ഉപയോഗിക്കുക .
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സ്നിഗ്ധ ഒ.,
കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്