അഭിനേതാക്കളുടെ ഭാര്യമാരിൽ പലരും താരപ്രഭയുടെ നിഴലിൽ മറഞ്ഞു നിൽക്കും. എന്നാൽ അവരിൽ ചിലർ പ്രതിഭയുടെ തിളക്കത്തിൽ, വ്യക്തിത്വത്തിന്റെ മനോഹാരിതയിൽ സ്വന്തം ഇടം കണ്ടെത്തും. അവിടെ എല്ലാവരെയും വിസ്മയിപ്പിച്ച് ഒരു വിജയഗാഥ നെയ്തെടുക്കും. തന്റെ സ്വപ്നങ്ങളും സർഗാത്മകതയും അതീവ
സുന്ദരമായി ലയിപ്പിച്ചപ്പോൾ സരിത ജയസൂര്യ ഒരു ബ്രാൻഡ് ന്യൂ ഡിസൈനറായി. സിനിമയിലെ കോസ്‌റ്റ്യൂം ഡിസൈനറായി. എത്ര തൻമയത്വത്തോടെയാണ് അഴകോലുന്ന ഉടയാടകൾ ഒരുക്കി സരിത സ്വന്തം പേര് നമ്മുടെ മനസ്സിൽ തുന്നിച്ചേർത്തത്. കൊച്ചി പനമ്പിള്ളി നഗറിലെ സരിത ജയസൂര്യ
ഡിസൈൻ സ്‌റ്റുഡിയോയുടെ അമരക്കാരിയായ സരിതയെ മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയുടെ പ്രിയതമയായാണ് നമുക്കു കൂടുതൽ പരിചയം. എട്ടുവയസ്സുകാരി വേദക്കുട്ടിയുടെ അമ്മയുടെ റോളിലും സരിത സൂപ്പറാണ്. വേദ സരിതയ്ക്കു കുഞ്ഞുവാണ്. അമ്മയുടെ ഹൃദയം കവർന്നെടുത്ത കുഞ്ഞുവും കുഞ്ഞുവിന്റെ ഹൃദയം കവർന്നെടുത്ത അമ്മയും. അതറിയാൻ ഈ വായനയുടെ ദൂരം മാത്രം മതി. സരിത മനസ്സു തുറക്കുകയാണ്.
ആദി ജനിച്ച് ആറു വർഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോൾ അതൊരു പെൺകുഞ്ഞാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പോൾ ആൺകുട്ടിയും പെൺകുട്ടിയുമാകുമല്ലോ. ഗർഭകാലം ഏഴാം മാസമായപ്പോഴേക്കും എന്റെ മനസ്സിൽ എപ്പോഴും വേദ എന്നൊരു പേര് ഒാടിയെത്തുമായിരുന്നു. കുഞ്ഞിന്റെ ജെൻഡർ അറിയില്ല. എങ്കിലും അതൊരു പെൺകുഞ്ഞായിരിക്കുമെന്നു മനസ്സു പറഞ്ഞു. ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാൻ ജയനോടു പറഞ്ഞിരുന്നു. പ്രസവസമയത്ത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. വേദ എന്നാൽ അറിവ് എന്നാണർഥം. കൊച്ചി മരട് ഗ്രീഗോറിയൻ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് വേദ
.# മകളും സ്വപ്നങ്ങളും
എനിക്ക് കുഞ്ഞുവിനെക്കുറിച്ച് എത്ര ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ആഗ്രഹങ്ങൾ പൂർത്തീകരിക്കേണ്ടത് അവളാണ്. അവൾ ഒരു നല്ല കുഞ്ഞായി, മൂല്യങ്ങളുള്ള കുഞ്ഞായി വളരുക എന്നതാണ് എന്റെ സ്വപ്നം. വിദ്യാഭ്യാസത്തിനും മേലെയാണല്ലോ മൂല്യങ്ങൾ. മാർക്ക് എന്നതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്നു പോകുന്നതാണ്. എന്നാൽ കുഞ്ഞു നന്നായി പെരുമാറുമ്പോഴോ നല്ലൊരു സ്വഭാവഗുണം പ്രകടിപ്പിക്കുമ്പോഴോ ആണ് അമ്മ എന്ന രീതിയിൽ സന്തോഷം തോന്നുന്നത്. ആ സന്തോഷം മാർക് ഒാറിയന്റഡ് അല്ല.
ഭാവിയിൽ അവളൊരു കരുത്തയായ സ്ത്രീ ആകണമെന്നാണ് എന്റെ ആഗ്രഹം. തന്റെ സ്വപ്നങ്ങൾ സഫലീകരിക്കുകയും അതിനൊപ്പം മറ്റുള്ളവർക്കു വില കൽപിക്കുകയും ചെയ്യുന്ന ഒരാളാകണം. അവളുടെ ആഗ്രഹങ്ങൾ അത് ശരിയായ വഴിയിലൂടെ നേടിയെടുക്കാനവൾക്ക് സാധിക്കട്ടെ. ഈ എട്ടാം വയസ്സിൽ അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രമേ അറിയാറായിട്ടുള്ളൂ. സ്വപ്നമെന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ്.
# പഠിക്കാൻ നിർബന്ധിക്കില്ല
കുഞ്ഞുവിന്റെ സ്കൂളിലെ ഒാപ്പൺഹൗസുകൾ കൃത്യമായി അറ്റൻഡു ചെയ്യും. അക്കാദമിക് പ്രോഗ്രസ് അറിയും. അവളെ പഠിക്കാൻ നിർബന്ധിക്കുന്ന രീതി ഇല്ല. വിദ്യാർഥിയായിരിക്കുമ്പോൾ പഠിക്കുക എന്നതാണല്ലോ ഫോക്കസ്. എല്ലാകാര്യത്തിലും നൂറുശതമാനം നമുക്കു സാധിക്കണമെന്നില്ല. സാധിക്കുന്ന അത്രയും നന്നായി പഠിക്കുക എന്നാണ് മക്കളോടു പറയാറുള്ളത്.
# അവൾ സുരക്ഷിതയാകണം
ഗുഡ് ടച്ച്, ബാഡ് ടച്ച് എന്തൊക്കെയാണ്? അപരിചിതരോട് പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... അതൊക്കെ ലളിതമായി പറഞ്ഞു കൊടുക്കാറുണ്ട്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നതു പറഞ്ഞു കൊടുക്കാനുള്ള പ്രായമായിട്ടില്ല.
# അമ്മയുടെ കൂടെ
ഞാൻ ഡിസൈൻ സ്‌റ്റോറിന്റെ ആവശ്യത്തിനു യാത്ര ചെയ്യുന്നതൊക്കെ വളരെ ചെറുപ്പം മുതൽ അവൾ കാണുന്നുണ്ട്. ഞാൻ മാറി നിൽക്കുന്ന അത്തരം സാഹചര്യങ്ങളോടൊക്കെ അവൾ ഇണങ്ങിക്കഴിഞ്ഞു. ‘ഞാൻ കുറച്ചു കൂടി വലുതായാൽ അമ്മയുടെ കൂടെ വരാല്ലോ, ഒന്നിച്ചു സെലക്ടു ചെയ്യാല്ലോ’ എന്നൊക്കെ പറയാറുണ്ട് .
# എന്റെ കുഞ്ഞു ഡിസൈനർ
കുഞ്ഞു നന്നായി വരയ്ക്കും, ഡിസൈനിങിനോട് ഒരു ചെറിയ താത്പര്യം കാണിക്കുന്നുണ്ട്. അവൾ ഡിസൈനിങിലേക്കു വരുമോ എന്നാലോചിക്കുമ്പോൾ ഒരു രസം തോന്നും. അവൾ ഡിസൈനിങ്ങിലേക്കു വരുന്നത് എനിക്കിഷ്ടവുമാണ്. ഞാൻ മൈക്രോബയോളജിയിൽ ബിരുദമെടുത്തു. ബയോടെക്നോളജിയിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. അതിൽ നിന്ന് ഡിസൈനിങ്ങിലേക്കു വന്നത് എന്റെ പാഷൻ കൊണ്ടു മാത്രമാണ്. മോൾ ചിലപ്പോൾ സ്കെച്ച് ചെയ്യും. ഗൗണുകൾ സ്കെച്ച് ചെയ്ത് സ്‌റ്റോറിൽ എന്റെ അസിസ്‌റ്റന്റ്സിന്റെ കൈയിൽ കൊടുത്ത് ഗൗൺ സ്‌റ്റിച്ചു ചെയ്തെടുത്തിട്ടുമുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും കുഞ്ഞുവിന് അഭിപ്രായങ്ങളുണ്ട്. ‘മോളേ ഈ ഉടുപ്പിട്ടാലോ’ എന്നു ചോദിക്കുമ്പോൾ ‘ആ ഉടുപ്പിട്ടാലോ, അതല്ലേ കൂടുതൽ രസം’ എന്നു പറയാറുണ്ട്. ഫങ്ഷനുകളിലൊക്കെ ഞങ്ങൾ ഡ്രസ് കോഡ് നിലനിർത്തും. അപ്പോൾ കുട്ടികളും അതിനു തയാറാകും. യാത്ര പോയാലും കുട്ടികൾ തന്നെയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒരുങ്ങാൻ മോൾക്ക് ഇഷ്ടമാണ്. എന്റെ എല്ലാ മേക്കപ്പ് സാധനങ്ങളും എടുക്കും. എല്ലാവരെയും ജയനെ ഉൾപ്പെടെ മേക്കപ്പ് ചെയ്യിക്കാറുണ്ട്. ലിപ്സ്‌റ്റിക്കിടുക, കണ്ണെഴുതുക, നെയിൽ ആർട്ട്, നെയിൽ പോളിഷിടുക... അതൊക്കെ അവൾക്കിഷ്ടമാണ്.
# ഞങ്ങൾ കൂട്ടുകാരികളെപ്പോലെ
ഇന്നത്തെ കുട്ടികളെ നമ്മുടെ ആഗ്രഹങ്ങൾ അടിച്ചേൽപിച്ചും നിയന്ത്രണങ്ങൾ വച്ചുമല്ല വളർത്തേണ്ടത് എന്നതാണ് എന്റെ പക്ഷം. ജയനും ഞാനും കുട്ടികളോട് വളരെ സൗഹൃദത്തോടെയേ ഇടപെടാറുള്ളൂ. ഫാമിലി ബോണ്ടിങിൽ കുറേക്കൂടി സൗഹൃദം കടന്നു വരുമ്പോൾ കുട്ടികൾക്ക് എന്തു കാര്യവും സംസാരിക്കുന്നതിന് തടസ്സം ഉണ്ടാകില്ല. കുട്ടികൾക്ക് വീട്ടിൽ സ്വാതന്ത്ര്യം നൽകുമ്പോൾ പുറത്തുപോയി കള്ളത്തരങ്ങൾ ചെയ്യുന്നതിനുള്ള സാധ്യത കുറയുകയാണ്. ഏതു കാര്യവും വീട്ടിൽ വന്നു പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ മക്കൾക്കുണ്ട്. അമ്മ , അച്ഛൻ എന്ന നിലയിൽ നിന്നു മാറി മക്കളെ വ്യക്തികളായി പരിഗണിക്കുക, ആ പ്രായത്തിൽ കൂടി നമ്മളും വന്നതാണ്. നമ്മുടെ മനസ്സിലും ഇതേ ചിന്തകൾ കടന്നു പോയിട്ടില്ലേ. കർശനമായ ഒരു ‘നോ’യ്ക്കു പകരം ‘ഇങ്ങനെ ചെയ്താലല്ലേ നല്ലത്’ എന്നു ചോദിക്കാം. ‘ചെയ്യേണ്ട’ എന്നു പറയാതെ ‘മോളേ അതു ചെയ്താൽ, ഇങ്ങനെയൊരു പ്രശ്നം വരില്ലേ’ എന്നു ചോദിക്കാം
# കുഞ്ഞുപ്രായത്തിലേ കൂട്ടാകാം
കുഞ്ഞുമനസ്സിൽ ഒരു ബാരിയർ ഉള്ളതു കൊണ്ടാണ് കുട്ടികൾ പല കാര്യങ്ങളും ഒരു പരിധി വരെ പിടിച്ചു വയ്ക്കുന്നത്. വളരെ അനായാസേന ഇടപഴകുന്ന കുടുംബമാണെങ്കിൽ സ്കൂളിലെ കാര്യങ്ങളും, വഴിയിൽ കണ്ടതും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം കുട്ടിക്ക് തുറന്നു പറയാനാകും. ഞാൻ ആഗ്രഹിക്കുന്നത് കുട്ടികൾ ഒാപ്പൺ അപ് ആകണമെന്നാണ്. അമ്മയും മകളുമായുള്ള ബോണ്ടിങ്ങിൽ സൗഹൃദം കൊണ്ടു വരണം. പത്തു പതിനെട്ടു വയസ്സാകട്ടെ എന്നിട്ടു മകളുമായി സൗഹൃദം രൂപപ്പെടുത്താമെന്നു ചിന്തിക്കരുത്. അത് അത്ര എളുപ്പമല്ല. കുഞ്ഞായിരിക്കുന്ന ഘട്ടത്തിൽ തന്നെ അത് പതിയെ രൂപപ്പെടുത്തിയെടുക്കണം. ചെറിയ തോതിൽ അതു വളർത്തിയെടുത്താൽ പ്രായമാകുമ്പോൾ അവർ നമ്മുടെ സുഹൃത്തുക്കളായിരിക്കും. അമ്മ ഒരു കൂട്ടുകാരിയെപ്പോലെയാണെന്നാണ്
കുഞ്ഞു പറയുന്നത്.
# അമ്മയിൽ നിന്ന് ഈ ഗുണങ്ങൾ
അമ്മയുടെ മനഃശക്തി, തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, ജീവിതത്തിൽ പൊരുത്തപ്പെട്ടു പോകുന്നതിനുള്ള കഴിവ്, എല്ലാം പ്രധാനമാണ്. ഇതെല്ലാം ഒരു മകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
# ക്വാളിറ്റി ടൈം
തിരക്കുകൾ നമുക്ക് മാനേജ് ചെയ്യാൻ കഴിയുന്നവയാണ്. തിരക്കാണെന്നു നാം വിശ്വസിച്ചാൽ 24 മണിക്കൂറും തിരക്കായിരിക്കും. നമ്മൾ ക്വാളിറ്റി ടൈം എന്ന ലക്ഷ്യത്തിനായി സമയം കണ്ടെത്തണം. ജയൻ വളരെ തിരക്കുള്ള ഒരു വ്യക്തിയാണ്. ഒൗട്ട് സ്‌റ്റേഷൻ ഷൂട്ടിൽ ആയിരിക്കുമ്പോൾ ഒഴികെ എത്ര താമസിച്ചാണു വീട്ടിൽ വരുന്നതെങ്കിലും അതു പത്തു മണിക്കാണെങ്കിൽ പോലും ഞങ്ങൾ നാലു പേരും ചേർന്നുള്ള ഒരു ഡ്രൈവ് ഇത്രയും കാലമായിട്ടും മുടക്കിയിട്ടില്ല. രാത്രി പത്തു മിനിറ്റ് ഒന്നു കറങ്ങി വരാനൊരു ഡ്രൈവ്. കുട്ടികൾ ചിലപ്പോൾ വണ്ടിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാകും. ആ യാത്രയിൽ ആ ഒരു ദിവസത്തെ കാര്യങ്ങൾ ഞങ്ങൾ പരസ്പരം സംസാരിക്കും, ഒന്നിച്ചുള്ള യാത്രകളിൽ ഒരു ബോണ്ടിങ് ഉണ്ടാകുന്നുണ്ട്. രാവിലെ തിരക്കായിരിക്കും, എങ്കിലും ഒരു നേരം ഒന്നിച്ച് ആഹാരം കഴിക്കും, സംസാരിക്കും.
ഞാനും ജയനും ഡ്രൈവിനു പോകുമ്പോഴും കുട്ടികളുടെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും. മക്കൾ വളരുമ്പോൾ അവർക്കുണ്ടാകുന്ന മാറ്റങ്ങൾ, കൗമാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ഇതേക്കുറിച്ചെല്ലാം. നമുക്കും ഇതേ പോലുള്ള മാറ്റങ്ങൾ വന്നിട്ടില്ലേ? അതേക്കുറിച്ച് നമ്മൾ ബോധവാൻമാരും ബോധവതികളുമായാൽ കുട്ടികളുടെ മനസ്സറിയാൻ ബുദ്ധിമുട്ടുണ്ടാകില്ല.
# മക്കൾക്കു നൽകാം നല്ല ഒാർമകൾ
ചിലപ്പോൾ കുട്ടികളോടു സംസാരിക്കുമ്പോൾ മുൻപൊരിക്കൽ ഒന്നിച്ചു പോയ ഒരു യാത്രയിൽ കണ്ട കാഴ്ചകളെക്കുറിച്ചാകും അവർ സംസാരിക്കുന്നത്. മെറ്റീരിയലിസ്‌റ്റിക് ആയ
കാര്യങ്ങളല്ല മെമ്മറീസ് ആണ് അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. കുട്ടികളിൽ നല്ല ഒാർമകൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. കുട്ടികളിൽ നല്ല ഒാർമകൾ സൃഷ്ടിക്കുന്നതിന് ശ്രമിക്കുക. അതൊക്കെയേ നമുക്കു കുട്ടികൾക്കു കൊടുക്കാനാകൂ. പണത്തിനപ്പുറത്ത് ആത്മാവിന്റെ അംശം കലരുന്ന കുറേ നല്ല നിമിഷങ്ങൾ കുട്ടികൾക്കു നൽകുക.
# അവൾ അഭിനയിച്ചോട്ടെ
കുറച്ചു കൂടി വലുതാകുമ്പോൾ കുഞ്ഞു അഭിനയിക്കണം, മോഡലിങ് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോൾക്ക് ഫ്ളെയർ എങ്കിൽ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അതിലേക്കേ വരികയുള്ളൂ. കുറച്ചുനാൾ കഴിയുമ്പോഴേ സ്വപ്നങ്ങളെക്കുറിച്ച് അവർക്കൊരു ക്ലിയർ കട്ട് ക്ലാരിറ്റി ഉണ്ടാകൂ.
എന്റെ ജീവിതമാകെ വർണങ്ങൾ വാരി വിതറിയ ഒരു പെൺകുട്ടിയുണ്ട്, അതെന്റെ മകളാണ് എന്നു പിൽക്കാലത്ത് ഒാർമിക്കണമെങ്കിൽ മകൾ ഒരു കൂട്ടുകാരിപ്പെണ്ണു കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നൽകാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി. സരിതയും വേദയും കൂട്ടുകാരികളാണ്. നല്ല ചങ്ക് ഫ്രണ്ട്സ്...