Tuesday 04 August 2020 10:14 AM IST : By സ്വന്തം ലേഖകൻ

കൊറോണ വൈറസിന് മ്യൂട്ടേഷൻ; രോഗതീവ്രത വർധിപ്പിക്കുമോ: വൈറോളജി വിദഗ്ധന്റെ വിലയിരുത്തൽ...

virusmutation4356

കൊറോണ വൈറസ് മ്യൂട്ടേഷനേക്കുറിച്ച് സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം ഞെട്ടിക്കുന്ന ചില കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. വൈറസിന്റെ സ്പൈക് പ്രോട്ടീനിലെ ജനിതകഘടകത്തിൽ സംഭവിച്ച D614 G എന്ന മ്യൂട്ടേഷൻ വർധിച്ച വ്യാപനശേഷി ഉള്ളതാണെന്നും മുൻപുണ്ടായിരുന്ന D614 നേക്കാൾ ഇൻഫക്റ്റിവിറ്റി ഉള്ളതാണെന്നുമാണ് ഗവേഷകരുടെ അവകാശവാദം. അതുകൊണ്ടാണ് പഴയ വൈറസ് സ്ട്രെയിനേക്കാൾ പെട്ടെന്ന് പുതിയ ഈ സ്ട്രെയിൻ വ്യാപിക്കുന്നതെന്നാണ് അവരുടെ സിദ്ധാന്തം.

ലോകമെമ്പാടും നിന്നുള്ള 6000 രോഗബാധിതരിൽ നിന്നുള്ള വൈറസ് ജനിതകഘടകം വിശകലനം ചെയ്ത ശേഷമാണ് ഗവേഷകർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വൈറസുകൾ മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കു കടക്കാനായി ഉപയോഗിക്കുന്ന സ്പൈക് പ്രോട്ടീനുകളുടെ ഉൽപാദനത്തിനു കാരണമാകുന്ന ജീനുകളെയാണ് പ്രത്യേകമായി പഠിച്ചത്. ഈ വിശകലനത്തിൽ കണ്ട 14–ൽ അധികം ജനിതകപരിവർത്തനങ്ങളിൽ ( മ്യൂട്ടേഷൻ) ഒരെണ്ണം മാത്രം വേറിട്ടു നിൽക്കുന്നതായി അവർ കണ്ടു. കാരണം ഡി614G എന്ന ഈ മ്യൂട്ടേഷൻ ലോകമെമ്പാടും നിന്നുള്ള 97 ശതമാനം വൈറസ് സാംപിളുകളിലും ഉണ്ടായിരുന്നു.

ഈ മ്യൂട്ടേഷൻ രോഗതീവ്രത വർധിപ്പിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

‘‘വൈറൽ അണുബാധകളിൽ രൂപപരിണാമവും (mutations) ജനിതകമാറ്റങ്ങളും പതിവുള്ളതാണ്. ചില മാറ്റങ്ങൾ വൈറസ് വ്യാപനത്തിന് ഗുണകരമായിട്ടുള്ളതാകും. ഉദാഹരണത്തിന് വൈറസിന്റെ ഇൻഫക്റ്റിവിറ്റി വർധിപ്പിക്കുന്ന മാറ്റങ്ങൾ. ചില മാറ്റങ്ങൾ മറിച്ച് വൈറസിന്റെ വ്യാപന തീവ്രത കുറയ്ക്കാം. ’’ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ വൈറോളജി വിദഗ്ധൻ ഡോ. അനൂപ് വാര്യർ പറയുന്നു.

‘‘സാർസ് കോവ്–2ൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച കാര്യം പുതിയ മ്യൂട്ടേഷൻ അതിന്റെ പകർച്ചാസ്വഭാവം വർദ്ധിപ്പിക്കുമ്പോൾ, വൈറസിനും ഹോസ്റ്റിനും പരസ്പരം പ്രയോജനകരമാകുന്നതിനാൽ അതിന്റെ രോഗവ്യാപനശേഷി (വൈറുലൻസ്) കുറയാം എന്നതാണ്. എന്നിരുന്നാലും ഈ പഠനത്തിൽ വൈറസിന്റെ പുതിയ മ്യൂട്ടേഷൻ കോവിഡ് രോഗത്തിന്റെ തീവ്രതയിൽ എന്തെങ്കിലും മാറ്റം വരുത്തിയതായി വ്യക്തമാക്കുന്നില്ല.’’ ഡോക്ടർ പറയുന്നു.

പഠനത്തിൽ പറഞ്ഞതൊന്നും പുതിയ D614-G സ്ട്രെയിൻ കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നതിന് മതിയായ തെളിവല്ലെന്നും ഗവേഷകർക്കിടയിൽ തന്നെ വാദങ്ങളുണ്ട്.

Tags:
  • Manorama Arogyam
  • Health Tips