Wednesday 29 January 2020 06:36 PM IST

കീറ്റോ നൽകുന്നത് താൽകാലിക ഫലം മാത്രം; ഭാവിയിൽ സംഭവിക്കുന്നത്?; ക്രാഷ് ഡയറ്റുകൾക്ക് പിന്നിൽ

Santhosh Sisupal

Senior Sub Editor

keto

വണ്ണം കുറയ്ക്കാനായി നാട്ടു മരുന്നു കഴിച്ചയാൾ മരിച്ചതുപോലുള്ള സഭവങ്ങൾ ഇന്നു വിരളമല്ല. അശാസ്ത്രീയമായ വണ്ണം കുറയ്ക്കലുകൾ വലിയ അപകടം വിളിച്ചു വരുത്താറുണ്ട്. വണ്ണം കുറയ്ക്കുന്നതിനുവേണ്ടി പലരും ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ കാണുമ്പോൾ ചിലരെ ഉപദേശിക്കേണ്ടി വന്നിട്ടുണ്ട്, ‘‘ഇങ്ങനെ വണ്ണം കുറച്ച് ആരോഗ്യം കളയുന്നതിനേക്കാൾ വണ്ണം കുറയ്ക്കാതെ ഉള്ള ആരോഗ്യത്തോടെ ജീവിക്കുന്നതാണെന്ന്’’. ഇപ്പോൾ വിദഗ്ധ ഡോക്ടർമാർ പോലും പറയുന്നു. സത്യത്തിൽ വണ്ണമല്ല, അരവണ്ണം (വെയ്സ്റ്റ്) ആണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ ഉം പുരുഷൻമാരിൽ 90 സെ.മീറ്ററുമാണ് ശരിയായ അളവ്. അരവണ്ണം ആ ആളവിലേക്ക് എത്തിക്കുകയാണ് ശരിയായ വണ്ണം കുറയ്ക്കൽ.

വണ്ണം കുറയ്ക്കുന്നവർ പൊതുവെ ചെയ്തുകൂട്ടുന്ന അബദ്ധങ്ങളിലൊന്നാണ് ക്രാഷ് ഡയറ്റുകൾ. ഏതാണ് ശരിയായ മാർഗം...എന്താണ് പരിഹാരം...

പെട്ടെന്നു ശരീരഭാരം കുറയ്ക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പല അശാസ്ത്രീയ ക്രാഷ്ഡയറ്റുകളും മറ്റ് ഭക്ഷണരീതികളും സ്വീകരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഭക്ഷണരീതി ശരീരത്തിനു ഹാനികരമാണ്. ഇപ്പോൾ പ്രചാരത്തിൽ ഉള്ള ഒരു ഭക്ഷണരീതിയാണ് ‘ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ്’ (LCHF diet) അതായത് അന്നജം തീരെ കുറച്ച് കൊഴുപ്പു കൂടിയ ഭക്ഷണരീതി. ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരമുള്ള കീറ്റോ ഡയറ്റിനു പുറമേ ആറ്റ്കിന്‍സ് ഡയറ്റും ക്രാഷ് ഡയറ്റുകളാണ്.

പെട്ടെന്നു ശരീരഭാരം കുറയ്ക്കാൻ ഈ രീതി സഹായിക്കും എന്നതാണ് എല്ലാവരെയും ആകർഷിക്കുന്ന ഘടകം. എന്നാൽ ഇതു താൽകാലിക ഫലം മാത്രമാണ്. ദീർഘനാളത്തെ ഉപയോഗം എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് (Long term effects) പഠനങ്ങൾ തെളിയിക്കേണ്ടതുണ്ട്. മാത്രമല്ല ക്ഷീണം, തലവേദന, മലബന്ധം, ചർമ പ്രശ്നങ്ങൾ, പേശീവേദന തുടങ്ങിയ ചില പാർശ്വഫലങ്ങളുമുണ്ട്.

ഒാർമിക്കുക, നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണു ലഭിക്കുന്നത്. ഒരു ഭക്ഷണത്തിൽ നിന്നു മാത്രം നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഭക്ഷണത്തെ അഞ്ച് ഗ്രൂപ് ആയി തിരിച്ചിരിക്കുന്നത്. (ധാന്യങ്ങൾ, പയറ്, പരിപ്പുവർഗങ്ങൾ, പാൽ/മാംസം, പച്ചക്കറികളും പഴവർഗങ്ങളും, കൊഴുപ്പും മധുരവും) ഇത് ഒരു വ്യക്തിക്കു നിർദേശിച്ച അളവിൽ ഉപയോഗിക്കുക എന്നതാണ് പ്രധാനം. ഒപ്പം ശരിയായ വ്യായാമവും വേണം.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. റോയ് ആർ. ചന്ദ്രൻ

അസോ.പ്രഫസർ

ഫിസിക്കൽ മെഡിസിൻ&

റീഹാബിലിറ്റേഷൻ.

ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്

ഗവ.മെ‍ഡി.കോളജ്, കോഴിക്കോട്

2. ഗീതു സനൽ

ചീഫ് ഡയറ്റീഷൻ

ജ്യോതി ദേവ്സ് ‌

ഡയബെറ്റിസ് സെന്റർ

തിരുവനന്തപുരം