Wednesday 01 July 2020 12:42 PM IST

നനഞ്ഞ മാസ്ക് കൊറോണയെ തടുക്കില്ല; ബാക്ടീരിയ–ഫംഗൽ അണുബാധകളും വരുത്താം: മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്

Sruthy Sreekumar

Sub Editor, Manorama Arogyam

mask676778

ഈ മഴയത്ത് കുടയൊന്നു തുറക്കാൻ വൈകിയാൽ, മഴ പെയ്യുമ്പോൾ ശക്തമായ കാറ്റ് അടിച്ചാലോ ഒക്കെ മാസ്ക് നനയാം. നനഞ്ഞ മാസ്ക് കൃത്യമായ രോഗപ്രതിരോധം െചയ്യില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ശക്തിയായി തുമ്മിയാലോ മാസകിന്റെ ഉൾഭാഗം നനഞ്ഞാലോ ആ മാസ്ക് മാറ്റി പുതിയത് ധരിക്കണം എന്നു കർശനമായി പറയുന്നത്.

ത്രീലയർ മാസ്കിനുള്ളിൽ നോൺ വൂവൺ ഫാബ്രിക് എന്ന പറയുന്നതാണ് രണ്ടാമത്തെ ലയറായി ഉപയോഗിക്കുന്നത്. ഈ ഫാബ്രിക്കിൽ വെള്ളം നനഞ്ഞു കഴിഞ്ഞാൽ ശ്വാസമെടുക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. സാധാരണ രീതിയിൽ നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു മാസ്ക് ഉപയോഗിക്കാവുന്നതാണ്. എന്നാൽ നനഞ്ഞ ത്രീലയർ മാസ്ക് ധരിച്ചാൽ ശ്വാസതടസ്സം അനുഭവപ്പെടാമെന്നുള്ളതുകൊണ്ട് തന്നെ ഉടനെ മാറ്റണം.

മഴക്കാലത്ത് പുറത്തു പോകുമ്പോൾ നാലോ അഞ്ചോ മാസ്ക് കരുതുകയാണ് പ്രായോഗിക മാർഗം. ഉപയോഗശേഷം അവ സോപ്പുവെള്ളത്തി കഴുകി, ഉണക്കി ഇസ്തിരി ഇട്ട് ഉപയോഗിക്കുക.

മഴക്കാലത്ത് തുണി മാസ്കുകൾ കഴുകിയുണക്കിയെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. മാസ്കുകൾ ഉണക്കാൻ പാകത്തിനുള്ള വെയിൽ പലപ്പോഴും ഉണ്ടാകാറില്ല. അത്തരം അവസരങ്ങളിൽ സോപ്പ് ഉപയോഗിച്ച് കഴുകിയ മാസ്ക് നന്നായി പിഴിഞ്ഞ്, വെള്ളം കളഞ്ഞശേഷം മുറികളിൽ തന്നെ ഫാനിന്റെ കീഴിൽ ഉണക്കാം. നന്നായി ഉണക്കി കഴിഞ്ഞാൽ ഇസ്തിരി ഇട്ടതിനുശേഷം ഉപയോഗിക്കാം.

നനഞ്ഞ മാസ്കുകൾ കുറെ നേരം ഉപയോഗിച്ചാൽ ബാക്ടീരിയ, ഫംഗസ് പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. തുണി മാസ്കുകൾ പലതരം തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ചവയാവാം. എല്ലാ തുണിത്തരങ്ങളും എല്ലാവർക്കും യോജിക്കണമെന്നില്ല. ചില തുണി അലർജി പ്രശ്നങ്ങൾ വരുത്താം. അതിനാൽ മാസ്ക് െകട്ടുന്നതിനു മുൻപ് കൈയ്യിലോ മറ്റോ രണ്ടോ മൂന്നോ മിനിറ്റ് വച്ചു നോക്കുന്നതാണ് നല്ലത്. അലർജി ഇല്ലെന്നു ഉറപ്പുവരുത്തിയശേഷം മാത്രം മാസ്ക് ധരിക്കുക.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എം. മുരളീധരൻ

മാഹി

Tags:
  • Manorama Arogyam
  • Health Tips